Advertisement
Entertainment news
മമ്മൂക്കയുടെ ചിരി പലതവണ റിപ്പീറ്റടിച്ച് കണ്ടു, സാധാരണ കാണുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തം: സ്‌നേഹ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 09, 08:40 am
Thursday, 9th February 2023, 2:10 pm

മമ്മൂട്ടി നായകനായെത്തി തിയേറ്ററുകളില്‍ വന്‍ വിജയമായി മാറിയ ചിത്രമായിരുന്നു റോഷാക്ക് . കഴിഞ്ഞ വര്‍ഷം അവസാന പകുതിയോടെ റിലീസിനെത്തിയ ചിത്രം കഥയിലെ പുതുമ കൊണ്ടും മമ്മൂട്ടിയുടെ പ്രകടനം കൊണ്ടും വലിയ ചര്‍ച്ചയായിരുന്നു.

സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തുകയാണ് മലയാളികളുടെ പ്രിയ നായിക സ്‌നേഹ. ഒരു ചിരിയിലൂടെ കഥാപാത്രത്തിന് വ്യത്യസ്തത നല്‍കുന്ന നടനാണ് മമ്മൂട്ടിയെന്നും, ഇന്നും പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാകാനുള്ള അദേഹത്തിന്റെ ത്വരയെ സമ്മതിച്ച് കൊടുക്കണമെന്നുമാണ് സ്‌നേഹ പറഞ്ഞത്.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. മമ്മൂട്ടിയോടൊപ്പം നീണ്ട ഇടവേളക്ക് ശേഷമെത്തുന്ന പുതിയ ചിത്രം ക്രിസ്റ്റഫറിന്റെ വിശേഷങ്ങളും താരം പങ്ക്‌വെച്ചു.

 

‘ഒരു പടത്തില്‍ കണ്ട മമ്മൂക്കയെ അടുത്ത പടത്തില്‍ കാണാനാകില്ല. കഥാപാത്രങ്ങളില്‍ പരീക്ഷണം നടത്താനോ, പുതിയ ക്യാരക്ടറുകള്‍ ചെയ്ത് ഫലിപ്പിക്കാനോ പേടിയില്ലാത്ത നടനാണ് മമ്മൂക്ക .ഒരു ആക്ടര്‍ എന്ന നിലയില്‍ അടുത്തത് എന്ത് ചെയ്യും എന്ന് ചോദിച്ചാല്‍ ഞാനൊക്കെ സ്റ്റക്ക് ആയി പോവും. മമ്മൂക്ക അങ്ങനെയല്ല.

ഒരു ചിരിയിലൂടെ ആ കഥാപാത്രത്തിന്റെ മുഴുവന്‍ മാനറിസവും അദ്ദേഹം കാണിച്ച് തരും. റോഷാക്കില്‍ മമ്മൂക്ക ചിരിക്കുന്ന സീന്‍ ഞാന്‍ പലതവണ റിപ്പീറ്റടിച്ച് കണ്ടിട്ടുണ്ട്. സാധാരണ കാണുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പ്രകടനമായിരുന്നു,” സ്‌നേഹ പറഞ്ഞു.

ബി ഉണ്ണികൃഷ്ണന്‍ ഉദയകൃഷ്ണ കൂട്ട് കെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഷോക്ക് വലിയ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ബീന മറിയം എന്ന കഥാപാത്രമായാണ് സ്‌നേഹ എത്തുന്നത്. മമ്മൂട്ടിയോടൊപ്പമുള്ള സ്‌നേഹയുടെ നാലാമത്തെ ചിത്രം കൂടിയാണിത്.

content highlight:  actress sneha about mammootty