മലയാള സിനിമയിലെ നായികനടിമാരില്‍ നിരവധി ആരാധകരുള്ള നടിയാണ് ശിവദ. മകള്‍ ജനിച്ച ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം പ്രസവശേഷം താന്‍ നേരിട്ട കടുത്ത വിഷാദത്തെ കുറിച്ചൊക്കെ തുറന്നുപറഞ്ഞിരുന്നു.
അന്താരാഷ്ട്ര ബാലികാ ദിനമായ ഇന്ന് മകള്‍ അരുന്ധതിയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ശിവദ. കരുത്തയായ പെണ്‍കുട്ടിയായി മകള്‍ വളരണമെന്നാണ് ആഗ്രഹമെന്നും കരുത്തയായ പെണ്‍കുട്ടിക്ക് മാത്രമേ കരുത്തയായ ഒരു സ്ത്രീയാകാന്‍ കഴിയുകയുള്ളൂവെന്നാണ് ശിവദ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
മകള്‍ സന്തോഷത്തോടെ ജീവിക്കണം, തന്റെ കാര്യങ്ങള്‍ ബോള്‍ഡ് ആയി തീരുമാനിക്കണം എന്നു മാത്രമേ താന്‍ ആഗ്രഹിക്കാറുള്ളൂ.
അവള്‍ക്ക് ആരെയും ഭയക്കാതെ തീരുമാനങ്ങളെടുക്കാന്‍ കഴിയണം. ജീവിതത്തില്‍ എന്ത് തീരുമാനമെടുത്താലും കൂടെ ഞങ്ങള്‍ ഉണ്ടാകും എന്നേ എപ്പോഴും പറയാനുള്ളു. കാര്യങ്ങളെ കണ്ടുമനസ്സിലാക്കി ശരിയും തെറ്റും കണ്ടുപഠിക്കട്ടെ എന്നാണ് കരുതാറുള്ളത്.
കുട്ടികള്‍ ചുറ്റുമുള്ളവരെ നിരീക്ഷിച്ചാണ് വളരുന്നത്. നാളെ അവള്‍ എന്തെങ്കിലും ആകണമെന്ന് എനിക്ക് ആഗ്രഹമുണ്ടെങ്കില്‍ അത് ഞാന്‍ ആദ്യം തെളിയിച്ച് കാണിക്കണം.
നല്ലൊരു വ്യക്തിയായി വളരണം എന്നു മാത്രമേ താനും മുരളിയും ആഗ്രഹിക്കുന്നുള്ളു. കരുത്തയായ പെണ്‍കുട്ടിയായി മകള്‍ വളരട്ടെ, കാരണം കരുത്തയായ പെണ്‍കുട്ടിക്ക് മാത്രമേ കരുത്തയായ സ്ത്രീയുമാകാന്‍ കഴിയൂ.
ഗര്‍ഭകാലത്തൊന്നും തനിക്കോ ഭര്‍ത്താവിനോ ആണ്‍കുട്ടി വേണം പെണ്‍കുട്ടി വേണം എന്നൊന്നുമുണ്ടായിരുന്നില്ലെന്ന് ശിവദ പറയുന്നു. ആരോഗ്യമുള്ള കുഞ്ഞായിരിക്കണം എന്നേ കരുതിയിരുന്നുള്ളു. പക്ഷേ ഗര്‍ഭകാലം മുഴുവന്‍ കാണുന്നവരെല്ലാം പറഞ്ഞിരുന്നത് ആണ്‍കുട്ടിയായിരിക്കുമെന്നാണ്. ഡോക്ടര്‍ പെണ്‍കുട്ടിയാണ് എന്നു പറഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞതിന്റെ നേരെ വിപരീതം സംഭവിച്ചല്ലോ എന്നു വിചാരിച്ചു. പെണ്‍കുഞ്ഞാണ് എന്നറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷം തോന്നുകയും ചെയ്തു, ശിവദ പറയുന്നു.
ഇന്ന് ഒരുപാട് കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കാലമായതുകൊണ്ട് ബാലികാദിനം പോലുള്ളവ കൊണ്ടാടേണ്ടതിലും പ്രസക്തിയുണ്ട്.
ജനങ്ങള്‍ പെണ്‍കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. എത്ര ബോധവല്‍ക്കരണം സര്‍ക്കാരുള്‍പ്പെടെയുള്ളവര്‍ നല്‍കിയാലും അവനവന് ഒരു സാമാന്യബോധം ഉണ്ടാകേണ്ടതുണ്ട്.
ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും സമൂഹത്തിനു നല്ല പൗരരായി വളര്‍ത്തിക്കൊണ്ടുവരിക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും ശിവദ പറഞ്ഞു.