വയറില്‍ നിന്നും തൂങ്ങിക്കിടക്കുന്ന എന്റെ ചര്‍മം നിങ്ങള്‍ കാണുന്നുണ്ടോ, യഥാര്‍ത്ഥ അരക്കെട്ട് കാണുന്നുണ്ടോ; 2010ലെ ചിത്രത്തെ കുറിച്ച് തുറന്നുപറഞ്ഞ് സമീറ റെഡ്ഡി
2010 ല്‍ ബോളിവുഡിലും മോഡലിങ്ങിലും സജീവമായിരുന്ന കാലത്ത് എടുത്ത തന്റെ ഒരുചിത്രം പങ്കുവെച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് നടി സമീറ റെഡ്ഡി. മിക്ക താരങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ ഇമേജ് എഡിറ്റിങ് സോഫ്റ്റുവെയറുകളുടെ സഹായത്തോടെയാണെന്ന് പറഞ്ഞുകൊണ്ടാണ് താരം തന്റെ ചിത്രത്തെ കുറിച്ച് ആരാധകരോട് തുറന്നു സംസാരിക്കുന്നത്.
‘ഈ ചിത്രത്തില്‍ നിങ്ങള്‍ക്ക് മുഖക്കുരുവോ മറ്റു പാടുകളോ കാണാന്‍ കഴിയുന്നുണ്ടോ, വയറില്‍ നിന്നും തൂങ്ങിക്കിടക്കുന്ന ചര്‍മം കാണുന്നുണ്ടോ, യഥാര്‍ഥത്തിലുള്ള താടിയെല്ലും അരക്കെട്ടും കാണാന്‍ സാധിക്കുന്നുണ്ടോ?
ഈ ചിത്രത്തില്‍ എന്റെ ഏത് ശരീരഭാഗമാണ് ടച്ച് അപ്പ് ചെയ്യാത്തത്? ഉത്തരം ഞാന്‍ തന്നെ പറയാം, ഈ ചിത്രത്തില്‍ എന്റെ ശരീരത്തിലെ എല്ലാ ഭാഗങ്ങളും അവര്‍ വളരെ ‘മനോഹരമായി’ വൃത്തിയാക്കിയിട്ടുണ്ട്. എന്നെ നന്നായി മെലിയിച്ചിട്ടുണ്ട്.
ഇത് 2010 ല്‍ എടുത്ത ചിത്രമാണ്. ഈ സമയം എന്റെ കയ്യില്‍ എഡിറ്റ് ചെയ്യാത്ത യഥാര്‍ഥ ചിത്രം ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. എന്റെ ശരീരം എങ്ങനെയാണോ അങ്ങനെ അതിനെ സ്‌നേഹിക്കാന്‍ എനിക്കല്‍പ്പം സമയം എടുക്കേണ്ടി വന്നു. അതില്‍ നിന്ന് ലഭിക്കുന്ന സന്തോഷം മറ്റൊന്നിലും ലഭിക്കില്ല.’സമീറ റെഡ്ഡി പറയുന്നു.
ഫോട്ടോഷോപ്പോ മേക്കപ്പോ ചെയ്യാത്ത തന്റെ ചിത്രം പങ്കുവെച്ച് നേരത്തേയും സമീറ രംഗത്തെത്തിയിരുന്നു. മേക്കപ്പൊട്ടുമില്ലാതെ നരച്ച മുടിയുമായി എത്തിയ നടിയുടെ വീഡിയോ അന്ന് വലിയ രീതിയില്‍ വൈറലായിരുന്നു.
തന്റെ നരച്ച മുടിയും മേക്കപ്പ് ഇല്ലാത്ത മുഖവും വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് സുന്ദരിയായി പ്രത്യക്ഷപ്പെടാനുള്ള സാമൂഹിക സമ്മര്‍ദ്ദത്തിനെതിരെ താരം സംസാരിച്ചത്.
സമൂഹം നിഷ്‌കര്‍ഷിക്കുന്ന അഴകിന്റെ അളവുകോലുകള്‍ക്ക് പിന്നാലെ പോയി ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ സ്വന്തം ആരോഗ്യത്തിലും സന്തോഷത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു അന്ന് സമീറ പറഞ്ഞത്.
പ്രസവത്തിനു ശേഷം വിഷാദരോഗത്തിനുകൂടി അടിമപ്പെട്ട തനിക്ക് സ്ത്രീകളില്‍ നിന്നുപോലും കേള്‍ക്കേണ്ടി വന്ന പരിഹാസവാക്കുകള്‍ വേദനാജനകമായിരുന്നുവെന്ന് സമീറ റെഡ്ഡി തുറന്നുപറഞ്ഞിരുന്നു.
‘ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു. പ്രസവത്തിനു ശേഷം അവരെ കാണാന്‍ ഒട്ടും സൗന്ദര്യമില്ലെന്നും ബേബി ഫാറ്റ് മൂലം തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നും പറഞ്ഞായിരുന്നു അവരുടെ സന്ദേശം. എന്റെ ചിത്രങ്ങള്‍ അവരെ വിഷാദത്തിലാക്കുന്നെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതുകൊണ്ടാണ് ഉറക്കമുണര്‍ന്ന രൂപത്തില്‍ ഒരു മെയ്ക്കപ്പു പോലും ഉപയോഗിക്കാതെ നിങ്ങളുടെ മുന്നില്‍ വരാന്‍ തീരുമാനിച്ചത്. നമ്മെക്കുറിച്ച് നമുക്കു തന്നെയുള്ള പ്രതീക്ഷകളില്‍ തീര്‍ച്ചയായും ഇതൊരു പോസിറ്റീവ് ചിന്ത നിറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏതു രൂപത്തിലായാലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക എന്നതാണ് പ്രധാനം
പ്രസവശേഷം സൗന്ദര്യമെല്ലാം പോയല്ലോ എന്നു നിരാശപ്പെടുന്നവരോട് പറയാനുള്ളത് ഇതാണ് ‘മെലിയുക എന്നതല്ല ആരോഗ്യത്തോടെ ഇരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അമ്മയെന്ന അവസ്ഥ ആസ്വദിക്കാന്‍ ശ്രമിക്കൂ. സന്തോഷത്തില്‍ ഫോകസ് ചെയ്യൂ. സമയമാകുമ്പോള്‍ അനാവശ്യ ഫാറ്റ് കുറയ്ക്കുന്നതിനെക്കുറിച്ചൊക്കെ ചിന്തിക്കാം. പക്ഷേ, ഇപ്പോള്‍ വേണ്ടത് മെലിയാനുള്ള പരിശ്രമമല്ല, ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്.
പ്രസവത്തിനു ശേഷം തനിക്കും ബേബി ഫാറ്റ് ഉണ്ടെന്നും ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ കാണുന്നതുപോലെ പാടുകളൊന്നുമില്ലാത്ത ചര്‍മ്മമല്ല തന്റേതെന്നും സമീറ പറഞ്ഞിരുന്നു.
എന്നെ താരതമ്യം ചെയ്ത് സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഞാനൊരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. കാരണം ഞാന്‍ കേട്ടു വളര്‍ന്നിട്ടുള്ളത് അത്തരം താരതമ്യം കേട്ടാണ്. എന്റെ മെലിഞ്ഞ കസിന്‍സുമായി എപ്പോഴും എന്നെ താരതമ്യം ചെയ്യാറുണ്ടായിരുന്നു. സിനിമയില്‍ വന്നപ്പോഴും എന്റെ സഹതാരങ്ങളുമായി ഞാന്‍ താരതമ്യം ചെയ്യപ്പെട്ടു.
അതുമൂലം, ഞാന്‍ തന്നെ കുറെ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്തു കൂട്ടിയിട്ടുണ്ട്. നിറം വര്‍ധിപ്പിക്കാനും കണ്ണുകള്‍ തിളങ്ങാനും തുടങ്ങി അഴകളവുകളില്‍ ഫിറ്റ് ആകാന്‍ പാഡുകള്‍ വരെ ഉപയോഗിച്ചിട്ടുണ്ട്. അവസാനം എനിക്ക് തന്നെ സ്വയം ബോറായി തോന്നാന്‍ തുടങ്ങി. അങ്ങനെയാണ് ഞാന്‍ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങിയത്, സമീറ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക