Entertainment
എല്ലാവരോടും പറയണമെന്ന് കരുതിയതാണ്, വിചാരിച്ചതിലുമധികം മുമ്പോട്ട് പോയി; മയോസൈറ്റിസ് സ്ഥിരീകരിച്ച വിവരം പങ്കുവെച്ച് സാമന്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 29, 12:12 pm
Saturday, 29th October 2022, 5:42 pm

താന്‍ മയോസൈറ്റിസ് ബാധിതയാണെന്ന് വിവരം പങ്കുവെച്ച് നടി സാമന്ത. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചതെന്നും പൂര്‍ണമായിട്ടും മാറിയതിന് ശേഷം മനസ് തുറക്കാമെന്നുമാണ് കരുതിയതെന്നും സാമന്ത കുറിച്ചു. എന്നാല്‍ താന്‍ വിചാരിച്ചതിനെക്കാള്‍ രോഗം മുന്നോട്ട് പോയെന്നും എത്രയും വേഗം സുഖം പ്രാപിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന അവസ്ഥയാണ് മയോസൈറ്റിസ്.

‘യശോദയുടെ ട്രെയ്‌ലറിന് നിങ്ങള്‍ നല്‍കുന്ന പ്രതികരണങ്ങള്‍ വളരെയധികം സന്തേഷം നല്‍കുന്നതാണ്. ജീവിതം തുടര്‍ച്ചയായി നല്‍കുന്ന വെല്ലുവിളികളില്‍ എനിക്ക് ധൈര്യം നല്‍കുന്നത് നിങ്ങളുടെ സ്‌നേഹമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മയോസൈറ്റിസ് എന്നൊരു രോഗാവസ്ഥ എന്നില്‍ സ്ഥിരീകരിച്ചു.

രോഗത്തില്‍ നിന്നും മോചിതയായതിന് ശേഷം ഈ വിവരം നിങ്ങളുമായി പങ്കുവെക്കാമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഞാന്‍ വിചാരിച്ചതിലും അധികം ഇത് മുമ്പോട്ട് പോയി. എല്ലായ്‌പ്പോഴും ശക്തമായി ചുവടുവെപ്പുകള്‍ നടത്തേണ്ടതില്ലെന്ന കാര്യം പതുക്കെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ദുര്‍ബലതകളേയും സ്വീകരിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും ഞാന്‍ ബുദ്ധിമുട്ടുകയാണ്. പെട്ടെന്ന് തന്നെ ഞാന്‍ പൂര്‍ണ ആരോഗ്യവതിയാവുമെന്ന ആത്മവിശ്വാസമാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്.

ശാരീരികമായും മാനസികമായും നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ജീവിതത്തിലുണ്ടായിട്ടുണ്ട്. ചില ദിവസങ്ങളില്‍ ഇതെനിക്ക് മറികടക്കാനാവില്ലെന്ന് തോന്നലുണ്ടാകുമെങ്കിലും എങ്ങനെയെങ്കിലും അതും കടന്നുപോകും. സുഖം പ്രാപിക്കുന്നതിന് ഇനി ഒരു ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ എന്ന് മാത്രമേ എനിക്ക് ഊഹിക്കാനാവുന്നുള്ളൂ. എല്ലാവരോടും സ്‌നേഹം. ഇക്കാലവും കടന്നുപോകും,’ സാമന്ത കുറിച്ചു.

ഹന്‍സിക, ശ്രിയ ശരണ്‍, ലക്ഷ്മി മഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ സാമന്തയെ പിന്തുണച്ച് പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.

സാമന്തയുടെ പുതിയ ചിത്രനായ യശോദയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മലയാളി താരമായ ഉണ്ണി മുകുന്ദനും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബര്‍ 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.

Content Highlight: Actress Samantha shared the information that she is suffering from myositis