Entertainment news
സെറ്റിലെത്തിയ എന്നോട് പോയി മുഖം കഴുകി വരാന്‍ കമല്‍ ഹാസന്‍ പറഞ്ഞു, ഞാന്‍ ഓവര്‍ സ്മാര്‍ട്ടായി ആ കാര്യം ചെയ്തു: റാണി മുഖര്‍ജി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 26, 02:13 pm
Monday, 26th December 2022, 7:43 pm

കമല്‍ ഹാസന്‍ സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹേ റാം. കമല്‍ ഹാസന്‍ തന്നെ തിരക്കഥ എഴുതുകയും നിര്‍മിക്കുകയും നായകനാകുകയും ചെയ്ത ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, ഹേമ മാലിനി, നസീറുദ്ദീന്‍ ഷാ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

ഹേ റാമില്‍ അഭിനയിക്കുന്ന സമയത്തുണ്ടായ ഒരനുഭവത്തെ കുറിച്ച് നടി റാണി മുഖര്‍ജി സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. സംവിധായകനായ കമല്‍ ഹാസനുമൊത്ത് സെറ്റിലുണ്ടായ അനുഭവമാണ് അനുപമ ചോപ്രയുമൊത്തുള്ള ഒരഭിമുഖത്തില്‍ താരം പങ്കുവെക്കുന്നത്.

”ഞാന്‍ സെറ്റിലേക്ക് ഷൂട്ടിന് വേണ്ടി എത്തിയപ്പോള്‍ തന്നെ അദ്ദേഹം എന്നോട് പറഞ്ഞത്, പോയി നിങ്ങളുടെ മുഖം കഴുകി വരൂ, എന്നാണ്. ശരിക്കും? ഇതെന്താ ഇങ്ങനെ പറയുന്നത് എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്.

അങ്ങനെ ഞാന്‍ മേക്കപ്പ് റൂമിലേക്ക് തിരിച്ചുപോയി. ഞാന്‍ കുറച്ച് ഓവര്‍ സ്മാര്‍ട്ടായി ഒരു കാര്യം ചെയ്തു. കുറച്ച് മേക്കപ്പ് മാത്രം തുടച്ചുകളഞ്ഞ ശേഷം ഞാന്‍ സെറ്റിലേക്ക് തിരിച്ചുപോയി. മേക്കപ്പ് മാറ്റി എന്ന് കരുതിക്കോളും എന്ന് വിചാരിച്ചു.

പക്ഷെ അദ്ദേഹം വീണ്ടും എന്നോട് പറഞ്ഞത്, ‘പോയി നിങ്ങളുടെ മുഖം കഴുകിയ ശേഷം വരൂ’ എന്നാണ്. ഓക്കെ എന്നും പറഞ്ഞ് ഞാന്‍ വീണ്ടും മേക്കപ്പ് റൂമിലേക്ക് പോയി.

ഞാന്‍ ശരിക്കും എന്റെ മുഖം കഴുകേണ്ടതുണ്ടോ, എന്ന് കുറഞ്ഞത് ഒരു അഞ്ച് പ്രാവശ്യമെങ്കിലും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. അതെ സോപ്പുപയോഗിച്ച് നിങ്ങളുടെ മുഖം കഴുകി വരൂ എന്ന് അദ്ദേഹം പറഞ്ഞു. ഓക്കെ എന്നും പറഞ്ഞ് ഞാന്‍ പോയി.

എന്റെ മുഖത്തുണ്ടായിരുന്ന എല്ലാ മേക്കപ്പും റിമൂവ് ചെയ്ത് ഞാന്‍ മുഖം കഴുകി. അതിന് ശേഷം സെറ്റില്‍ അദ്ദേഹത്തിന്റെ മുന്നില്‍ ചെന്നപ്പോള്‍ പറഞ്ഞത്, ‘യെസ് ഇതാണ് എന്റെ അപര്‍ണ,’ എന്നാണ്.

നിങ്ങള്‍ക്ക് ക്യാമറ ഫേസ് ചെയ്യാനുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ ഒരു മേക്കപ്പുമില്ലാതെയും ക്യാമറയുടെ മുന്നില്‍ നില്‍ക്കാം എന്ന് അപ്പോഴാണ് ഞാന്‍ മനസിലാക്കിയത്. നിങ്ങള്‍ക്കതിന് ഒരുപാട് മേക്കപ്പൊന്നും ആവശ്യമില്ല.

ഇതെല്ലാം ലൈറ്റിങ്ങിനെ ആശ്രയിച്ചിരിക്കും. ശരിയായ ലൈറ്റ് ആംഗിളുകളിലാണ് കാര്യം, അല്ലാതെ ഒരിക്കലും മേക്കപ്പിനെ ആശ്രയിച്ചല്ല,” റാണി മുഖര്‍ജി പറഞ്ഞു.

തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്ത ചിത്രമായിരുന്നു ഹേ റാം.

Content Highlight: Actress Rani Mukerji about Kamal Haasan