Movie Day
പലരും എന്നോട് പറഞ്ഞു, അവര്‍ക്ക് ഒന്ന് പൊട്ടിക്കാനാണ് തോന്നിയത് എന്ന്; പോടാ മൈ@*@ എന്ന ആ ഡയലോഗില്‍ കുഴപ്പം തോന്നിയിട്ടില്ല: രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 31, 08:11 am
Tuesday, 31st May 2022, 1:41 pm

ജിയോ ബേബിയുടെ സംവിധാനത്തില്‍ കാലിക പ്രസക്തിയുള്ള വിഷയങ്ങളെ അഞ്ച് ചെറു ചിത്രങ്ങളായി അവതരിപ്പിച്ച ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജി വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ നേടിയത്.

സോണി ലിവില്‍ സ്ട്രീം ചെയ്ത ചിത്രത്തില്‍ ‘ ‘ഗീതു അണ്‍ചെയ്ന്‍ഡ്,’ ‘അസംഘടിതര്‍,’ ‘റേഷന്‍,’ ‘ഓള്‍ഡ് ഏജ് ഹോം,’ ‘പ്ര.തൂ.മു’ എന്നിങ്ങനെ അഞ്ചു ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്.

സോണി ലിവിലൂടെ റിലീസ് ചെയ്ത സിനിമ സംസാരിച്ചത് മനുഷ്യന്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തെകുറിച്ചായിരുന്നു. ആന്തോളജി ആരംഭിക്കുന്നത് അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ‘ഗീതു അണ്‍ചെയ്ന്‍ഡ്’ എന്ന ചിത്രത്തിലൂടെയായിരുന്നു.

വസ്ത്രധാരണത്തിലും വിവാഹകാര്യത്തിലും തന്റെ എതിര്‍പ്പുകള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതിരുന്ന ഗീതുവിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയായിരുന്നു ചിത്രം. രജിഷ വിജയന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് കൂടിയായിരുന്നു ഗീതു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ രജിഷയുടെ കഥാപാത്രം നായകനോട് പറയുന്ന ഡയലോഗും ഏറെ ചര്‍ച്ചയായിരുന്നു.

പ്രണയം തുറന്നുപറഞ്ഞ അടുത്ത സെക്കന്റില്‍ തന്നെ തന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന നായകനോട് പോടാ മൈ@**@ എന്ന് പറഞ്ഞ് ആ ബന്ധത്തില്‍ നിന്ന് ഗീതു ഇറങ്ങിപ്പോരുന്നിടത്തായിരുന്നു ചിത്രം അവസാനിച്ചത്.

ഗീതു അണ്‍ചെയ്ന്‍ഡിന് ശേഷം ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് രജിഷ വിജയന്‍. പോപ്പര്‍സ്‌റ്റോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ആ കഥാപാത്രത്തെ കുറിച്ചും ക്ലൈമാക്‌സ് ഡയലോഗിനെ കുറിച്ചും രജിഷ പറയുന്നത്. അങ്ങനെ ഒരു ഡയലോഗ് പറയുന്നതില്‍ തനിക്ക് ഒരു പ്രശ്‌നവും തോന്നിയിട്ടില്ലെന്നും ഏറ്റവും മികച്ച ക്ലൈമാക്‌സ് തന്നെയായിരുന്നു ചിത്രത്തിലേതെന്നും രജിഷ പറഞ്ഞു.

‘നാളെ ഇതിനെ കുറിച്ച് എന്ത് റെസ്‌പോണ്‍സ് വരും എന്ന് ആലോചിച്ചല്ല ഫ്രീഡം ഫൈറ്റിലെ ഗീതു അണ്‍ ചെയ്ന്‍ഡ് കമ്മിറ്റ് ചെയ്തത്. കഥ കേട്ടപ്പോള്‍ കഥയ്ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച ക്ലൈമാക്‌സ്, അല്ലെങ്കില്‍ ഏറ്റവും മികച്ച എന്‍ഡിങ് അതാണെന്ന് എനിക്ക് തോന്നി. കാരണം പലരും എന്നോട് പറഞ്ഞു, അവര്‍ക്ക് ഒന്ന് പൊട്ടിക്കാനാണ് തോന്നിയത് എന്ന്. ഓരോരുത്തര്‍ക്കും വേറെ രീതിയിലായിരിക്കും റെസ്‌പോന്‍ഡ് ചെയ്യാന്‍ തോന്നിയത്.

നാളെ ഇത് കാണുമ്പോള്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ആലോചിച്ചിട്ടില്ല. സ്‌ക്രിപ്റ്റ് എന്താണോ ഡിമാന്റ് ചെയ്യുന്നത് അതാണല്ലോ നമ്മള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആയിരിക്കണം എനിക്ക് വന്നതെല്ലാം പോസിറ്റീവ് റെസ്‌പോണ്‍സുകളാണ്.

പലരും പറഞ്ഞത് ഗീതുവില്‍ സംസാരിച്ച കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലൊക്കെ എല്ലാവരുടേയും ലൈഫില്‍ നടന്നിട്ടുണ്ടെന്നാണ്. ഒരുപക്ഷേ അതിന്റെ അളവ് മാറിയിട്ടുണ്ടാകാം. ഒരുപാട് പേര്‍ മെസ്സേജ് അയച്ചിട്ടുണ്ട്.

തെറി വിളിക്കണം എന്നല്ല നമ്മള്‍ പറയുന്നത്. ബേസിക്കലി നമ്മളെ ഷഡ് ഡൗണ്‍ ചെയ്യാന്‍ ശ്രമിക്കുന്ന സിസ്റ്റത്തോട് തിരിച്ച് നമ്മളും റെസ്‌പോണ്ട് ചെയ്യുക എന്നതാണ്. എപ്പോഴും ഈ അടിമത്തം ആയാല്‍ എങ്ങനെയാണ്. നമുക്ക് എന്തെങ്കിലുമൊക്കെ ഡിസിഷന്‍ എടുക്കാനുള്ള ഫ്രീഡം വേണം. ബേസിക്കായുള്ള ഡിസിഷന്‍സ്. ഉദാഹരണത്തിന് നമ്മുടെ കരിയര്‍, പഠിത്തം, കല്യാണം, കല്യാണം കഴിക്കുന്ന പാട്ണര്‍ ആര്, കുട്ടി, കുട്ടി വേണമോ വേണ്ടയോ ഇതൊക്കെ ഒരു മനുഷ്യന് കൊടുക്കേണ്ട അടിസ്ഥാന അവകാശങ്ങളാണ് അത് കൊടുക്കുക തന്നെ വേണം, രജിഷ വിജയന്‍ പറഞ്ഞു.

Content Highlight: Actress Rajisha Vijayan About Geethu Un Chanined Movie Dialogue and climax