Movie Day
മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും എന്നെല്ലാം ചിലര്‍ ഭീഷണിപ്പെടുത്തും; ആരായാലും ഒന്നു പേടിച്ചുപോവില്ലേ: പാര്‍വതി തിരുവോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 30, 08:08 am
Sunday, 30th May 2021, 1:38 pm

കൊച്ചി: സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ തന്റേതായ നിലപാട് യാതൊരു മടിയുമില്ലാതെ വ്യക്തമാക്കുന്നയാളാണ് നടി പാര്‍വതി തിരുവോത്ത്. എന്നാല്‍ ചില വിഷയങ്ങളില്‍ നിലപാടെടുക്കുമ്പോള്‍ അതില്‍ എതിര്‍പ്പുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ കൂടി നടത്തുന്ന അധിക്ഷേപങ്ങള്‍ തന്നെ ചിലപ്പോഴൊക്ക  ഭയപ്പെടുത്തിയിരുന്നുവെന്നും പാര്‍വതി പറഞ്ഞു.

കമന്റുകള്‍ വേദനിപ്പിക്കുക മാത്രമല്ല ഭയപ്പെടുത്തിയ അവസരവും ഉണ്ടായിട്ടുണ്ടെന്ന് പാര്‍വതി പറഞ്ഞു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

‘സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില കമന്റുകള്‍ വേദനിപ്പിക്കുക മാത്രമല്ല, പേടിതോന്നിയ അവസരവുമുണ്ട്. നിങ്ങളുടെ വീടെവിടെയാണെന്നറിയാം, നിങ്ങള്‍ കഴിഞ്ഞദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് ഞാന്‍ കണ്ടതാണ്, മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും.- എന്നെല്ലാം ചിലര്‍ ഭീഷണിപ്പെടുത്തും. അങ്ങനെയൊക്കെ കാണുമ്പോള്‍ ആരായാലും ഒന്നു പേടിച്ചുപോവില്ലേ. അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങി റിലാക്സ്ഡ് ആയി നടക്കാന്‍ പോലുമാവില്ല. പക്ഷേ, അതുകൊണ്ടൊന്നും എന്റെ നിലപാടുകളില്‍, ശൈലിയില്‍ മാറ്റം വരുത്താറില്ല. അത്തരം ഭീഷണികളെ അവഗണിച്ച് ഞാനായിത്തന്നെ ജീവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം, സമരം,’ പാര്‍വതി പറഞ്ഞു.

നടി ശ്രീവിദ്യയെപ്പറ്റിയും ബോളിവുഡ് നടന്‍ നസിറുദ്ദീന്‍ ഷായെപ്പറ്റിയും പാര്‍വതി മനസ്സു തുറന്നിരുന്നു. ശ്രീവിദ്യയോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് പാര്‍വതി പറഞ്ഞത്.

സിനിമയില്‍ സ്വീകരിച്ച പല കാര്യങ്ങളും നസറുദ്ദീന്‍ ഷാ എന്ന നടന്റെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണെന്നായിരുന്നു പാര്‍വതി പറഞ്ഞത്.

നസറുദ്ദീന്‍ ഷായുടെ കൂടെ ഒരു സീന്‍ അഭിനയിച്ചാല്‍ തന്നെ അത് വലിയൊരു അനുഭവമായിരിക്കുമെന്നും അത് ഒരു സിനിമ സ്‌കൂളില്‍ പോകുന്നതിന് തുല്യമായിരിക്കുമെന്നും പാര്‍വതി പറഞ്ഞു.

ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ‘ആര്‍ക്കറിയാം’ ആണ് അവസാനമായി തിയേറ്ററിലെത്തിയ പാര്‍വതിയുടെ സിനിമ. ബിജു മേനോന്‍, ഷറഫുദ്ദീന്‍, എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്. ജി. ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Actress Parvathy Thiruvoth About Cyber Attacks