Advertisement
Entertainment news
കുറച്ച് സെക്കന്റുകള്‍ മതിയല്ലോ മെസേജും കമന്റുമിടാന്‍, ഞാന്‍ ഇപ്പോള്‍ അതൊന്നും ശ്രദ്ധിക്കാറില്ല: നയന എല്‍സ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 20, 02:52 am
Friday, 20th January 2023, 8:22 am

പുതിയ തലമുറയുടെ ഏറ്റവും വലിയ ശാപവും, ഗുണവും സോഷ്യല്‍ മീഡിയയാണെന്ന് നടി നയന എല്‍സ. സോഷ്യല്‍ മീഡിയ നല്ലരീതിയില്‍ ഉപയോഗിച്ചാല്‍ പലകാര്യങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരാനും അതൊക്കെ ഒരുപാട് ആളുകളിലേക്ക് എത്തിക്കാനും കഴിയുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പലരും അതിനെ ദുരുപയോഗം ചെയ്യുകയാണെന്നും ഫേക്ക് അക്കൗണ്ടുകളിലൂടെയാണ് ഇത്തരക്കാര്‍ മെസേജും കമന്റുകളും ഇടുന്നതെന്നും താരം പറഞ്ഞു. ജാങ്കോസ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് നയന ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘നമ്മുടെ ജനറേഷന്റെ ഏറ്റവും വലിയ ഗുണവും ശാപവും എല്ലാം സോഷ്യല്‍ മീഡിയയാണ്. സോഷ്യല്‍ മീഡിയ നന്നായിട്ട് ഉപയോഗിക്കാന്‍ അറിയാമെങ്കില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ മാറ്റാനും, പലകാര്യങ്ങളും നമുക്ക് ഒരുപാട് പേരിലേക്ക് എത്തിക്കാനും കഴിയും. എന്നാല്‍ പലരും ഈ സംവിധാനങ്ങളെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.

കുറച്ച് സെക്കന്റുകള്‍ മാത്രം മതിയല്ലോ ഒരു കമന്റോ മെസേജോ അയക്കാന്‍. പലരും സ്വന്തം അക്കൗണ്ടില്‍ നിന്നുപോലുമല്ല ഇത്തരത്തിലുള്ള മെസേജുകളും കമന്റുകളും ഇടുന്നത് എന്നതാണ് പ്രധാന കാരണം. ഫേക്ക് അക്കൗണ്ടുകളാണ് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്. എന്തൊക്കെ കമന്റുകളാണ് അവരൊക്കെ അയക്കുന്നത്.

സ്വന്തം അക്കൗണ്ടില്‍ നിന്നും ഇതൊക്കെ അയക്കാന്‍ പലര്‍ക്കും ധൈര്യമില്ല. എന്നാല്‍ സ്വന്തം അക്കൗണ്ടില്‍ നിന്നും തന്നെ ഇതുപോലെയുള്ള കമന്റുകളിടുന്ന ആളുകളുമുണ്ട്. ആദ്യമൊക്കെ ഞാന്‍ ഇതൊക്കെ നോക്കുമായിരുന്നു. പിന്നെ പ്രൊമോഷന്റെ ഓട്ടമൊക്കെ തുടങ്ങിയപ്പോള്‍ ഒന്നും ശ്രദ്ധിക്കാതെയായി.

ഈ ഒരു പ്രശ്‌നം എന്നെ ഇപ്പോള്‍ കാര്യമായിട്ടൊന്നും ബാധിക്കാതെയായി എന്ന് പറയാം. കാരണം ഞാന്‍ ഒരുപാട് മാറി. നേരത്തെ ഉണ്ടായിരുന്ന എന്നെ പോലെയല്ല ഞാനിപ്പോള്‍. പഴയ ഞാനാണെങ്കില്‍ ഈ കാര്യങ്ങളൊന്നും ഇതുപോലെ തുറന്ന് സംസാരിക്കില്ല. ഇപ്പോള്‍ ഞാന്‍ ഒരു ധൈര്യം കാണിച്ച് മീഡിയയുടെ മുമ്പില്‍ വന്ന് നിന്ന് സംസാരിച്ചല്ലോ. എന്റെ ഈ മാറ്റത്തില്‍ എനിക്ക് സ്വയം സന്തോഷമുണ്ട്,’ നയന എല്‍സ പറഞ്ഞു.

content highlight: actress nayana elza about social media