ഇത്രയും വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു ഷൂട്ടിങ് അനുഭവം; ജോലിയുടെ കാര്യത്തില്‍ കൃത്യനിഷ്ഠയില്ലെന്ന് ഒരു സംവിധായകനെകൊണ്ടും പറയിപ്പിച്ചിട്ടില്ല: മീന
Malayalam Cinema
ഇത്രയും വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു ഷൂട്ടിങ് അനുഭവം; ജോലിയുടെ കാര്യത്തില്‍ കൃത്യനിഷ്ഠയില്ലെന്ന് ഒരു സംവിധായകനെകൊണ്ടും പറയിപ്പിച്ചിട്ടില്ല: മീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th February 2021, 12:11 pm

ജോലിയുടെ കാര്യത്തില്‍ തനിക്ക് കൃത്യനിഷ്ഠയില്ലെന്ന് ഒരു സംവിധായകനെ കൊണ്ടും ഇതുവരെ പറയിപ്പിച്ചിട്ടില്ലെന്ന് നടി മീന. ബാലതാരമായി അഭിനയിച്ചു തുടങ്ങിയപ്പോഴും പിന്നീട് നായികയായപ്പോഴും സിനിമയുടെ ഗൗരവം തനിക്ക് ഒട്ടും അറിയില്ലായിരുന്നെന്നും നായിക എന്ന നിലയില്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴാണ് ചെയ്യുന്ന ജോലിയുടെ രസവും ഗൗരവവും തിരിച്ചറിയാനായതെന്നും മീന പറയുന്നു. വനിതയോട് സംസാരിക്കുകയായിരുന്നു മീന.

‘ ബാലതാരമായി അഭിനയിച്ചു തുടങ്ങിയപ്പോഴും പിന്നീട് നായികയായപ്പോഴും സിനിമയുടെ ഗൗരവം ഒട്ടും അറിയില്ലായിരുന്നു. അച്ഛന്റേയും അമ്മയുടേയും കൂടെ ഷൂട്ടിങ്ങിന് പോകും. സംവിധായകന്‍ കരയാന്‍ പറഞ്ഞാല്‍ കരയും. ചിരിക്കാന്‍ പറഞ്ഞാല്‍ ചിരിക്കും. നായിക എന്ന നിലയില്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴാണ് ചെയ്യുന്ന ജോലിയുടെ രസവും ഗൗരവവും മനസിലായത്. ജോലിയുടെ കാര്യത്തില്‍ കൃത്യനിഷ്ഠ ഇല്ല എന്ന് ഇതുവരെ ഒരു സംവിധായകനെ കൊണ്ടും പറയിപ്പിച്ചിട്ടില്ല.

രജനീകാന്തിന്റെ നായികയായി അഭിനയിച്ച ‘ യജമാന’ ന്റെ ലൊക്കേഷനിലെത്തുമ്പോള്‍ തെലുങ്കില്‍ എനിക്ക് ഹിറ്റുകള്‍ ആയിരുന്നു. ഷൂട്ടിങ്ങിനിടെ ട്രെയിനില്‍ കയറാനായി നില്‍ക്കുമ്പോള്‍ ആളുകള്‍ മീന..മീന എന്ന് വിളിച്ച് ചുറ്റും കൂടി. അസ്വസ്ഥയായ ഞാന്‍ രക്ഷപ്പെട്ട് ട്രെയിനിലേക്ക് കയറിയപ്പോള്‍ മുന്നില്‍ രജനി സര്‍. എന്റെ പരിഭ്രമം കണ്ട് അദ്ദേഹം പറഞ്ഞു, ആളുകള്‍ നമ്മളെ കണ്ട സന്തോഷം കൊണ്ട് ചെയ്യുന്നതല്ലേ, ‘പ്രേക്ഷകര്‍ ഇല്ലെങ്കില്‍ താരങ്ങളില്ല’ , മീന പറയുന്നു.

ഇത്രയും വര്‍ഷത്തിനിടെ ആദ്യമായാണ് ദൃശ്യം 2 വിനെപ്പോലൊരു ഷൂട്ടിങ് അനുഭവം തന്റെ ജീവിതത്തില്‍ ഉണ്ടായതെന്നും അഭിമുഖത്തില്‍ മീന പറയുന്നു. ‘ കഴിഞ്ഞ മാര്‍ച്ചില്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സെപ്റ്റംബര്‍ പകുതി വരെ ചെന്നൈയിലെ വീട്ടില്‍ നിന്നു പുറത്തിറങ്ങിയിട്ടേയില്ല. അപ്പോഴാണ് ‘ദൃശ്യം 2’ ലേ ക്കു വിളിച്ചത്. കൊവിഡിന് ഇടയിലെ ഷൂട്ടിങ്ങിന്റെ ടെന്‍ഷന്‍ കുറച്ചൊന്നുമല്ലല്ലോ.

ക്രൂ എല്ലാം മാസ്‌ക് ഇട്ടു നില്‍ക്കും, പക്ഷേ, അഭിനയിക്കുന്നവര്‍ക്ക് മാസ്‌ക് ഇടാന്‍ പറ്റി ല്ല. എനിക്ക് അസുഖം വന്നാല്‍ പ്രശ്‌നമില്ല, വീട്ടില്‍ പ്രായമായ അമ്മയും മോളുമൊക്കെ ഇല്ലേ. സിനിമ കമ്മിറ്റ് ചെയ്യുന്നു എന്നു കേട്ടപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും ടെന്‍ഷനായി. അപ്പോള്‍ ഏറ്റവും വലിയ പോയിന്റ് പറഞ്ഞതു ഭര്‍ത്താവ് വിദ്യാസാഗര്‍ ആണ്, ‘കൊവിഡ് പ്രോട്ടോക്കോളിനിടെ ലാലേട്ടന്‍ അഭിനയിക്കുന്നു എന്നുണ്ടെങ്കില്‍ അത്ര മാത്രം കെയര്‍ ക്രൂ എടുക്കുന്നുണ്ടാകും. പിന്നെ എന്തിനാണ് സിനിമ മിസ് ചെയ്യുന്നത്. ‘

സെപ്റ്റംബര്‍ പകുതിയോടെ ഷൂട്ടിങ്ങിനായി കൊച്ചിയിലെത്തി. 14 ദിവസം ക്വാറന്റീനില്‍ ഇരുന്ന ശേഷം ‘കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്നു സര്‍ട്ടിഫിക്കറ്റ് കിട്ടിയ ശേഷമാണ് ലൊക്കേഷനില്‍ ജോയിന്‍ ചെയ്തത്. ലൊക്കേഷനിലും ഹോട്ടലിലും ഒന്നും പുറത്തു നിന്നുള്ള ആരേയും കടക്കാന്‍ അനുവദിച്ചില്ല. ഇത്രയും വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു ഷൂട്ടിങ് അനുഭവം. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എന്റെ സിനിമ റിലീസാകുന്നതും ആദ്യമാണ്, മീന പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Actress Meena Says About Drishyam 2