പിരീഡ്‌സിന്റെ വേദന അനുഭവിക്കേണ്ട എന്നതാണ് ആണുങ്ങള്‍ക്കുള്ള ഏറ്റവും വലിയ പ്രിവിലേജ്, അതിനോടുള്ള മനോഭാവം തെറ്റാണ്: മമിത ബൈജു
Entertainment news
പിരീഡ്‌സിന്റെ വേദന അനുഭവിക്കേണ്ട എന്നതാണ് ആണുങ്ങള്‍ക്കുള്ള ഏറ്റവും വലിയ പ്രിവിലേജ്, അതിനോടുള്ള മനോഭാവം തെറ്റാണ്: മമിത ബൈജു
എന്‍ ആര്‍ ഐ ഡെസ്ക്
Wednesday, 1st March 2023, 9:34 am

പിരീഡ്‌സ് പെയിന്‍ അനുഭവിക്കേണ്ട എന്നതാണ് ആണുങ്ങള്‍ക്കുള്ള ഏറ്റവും വലിയ പ്രിവിലേജെന്ന് നടി മമിത ബൈജു. സ്ത്രീകള്‍ എത്രമാത്രം വേദനയാണ് അനുഭവിക്കുന്നതെന്ന് ആണുങ്ങള്‍ക്ക് അറിയില്ലെന്നും എല്ലാ പെണ്‍കുട്ടികള്‍ക്കും ഉള്ളതല്ലെയെന്ന മനോഭാവമാണ് ഉണ്ടാകുന്നതെന്നും മമിത പറഞ്ഞു.

എല്ലാ സ്ത്രീകള്‍ക്കും പിരീഡ്‌സിന്റെ സമയത്ത് ഒരേ വേദനയല്ലെന്നും തീരെ സുഖമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്തവരുണ്ടെന്നും മമിത പറഞ്ഞു.മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മമിത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ആകപ്പാടെ ആണുങ്ങള്‍ക്കുള്ള പ്രിവിലേജായിട്ട് തോന്നിയിട്ടുള്ളത് പിരീഡ്‌സിന്റെ വേദനയൊന്നും അറിയേണ്ട എന്നതാണ്. അതാണ് മെയിനായിട്ട് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മള്‍ എത്രമാത്രം വേദനയാണ് അനുഭവിക്കുന്നതെന്ന് അവര്‍ക്ക് അറിയില്ലല്ലോ.

പിരീഡ്‌സിന്റെ അവധി ഇതുവരെ എടുക്കാന്‍ ആയിട്ടില്ല. ഈ ആഴ്ചയാണ് ഞങ്ങള്‍ അത് സൈന്‍ ചെയ്ത് കൊടുത്തത്. പിന്നെ ഞാന്‍ മനസിലാക്കിയ ഒരു കാര്യമുണ്ട്. പിരീഡ്‌സ് ആവുമ്പോള്‍ വീട്ടില്‍ ചടഞ്ഞിരിക്കുമ്പോള്‍ അതിന്റെ വേദന പിന്നെയും വല്ലാതെ കൂടും.

പുറത്തൊക്കെ പോയി ആ സമയത്ത് ഭക്ഷണം കഴിച്ച് കൂളായി ഇഷ്ടമുള്ളത് ചെയ്ത് നടന്നാല്‍ വേദന കുറയും. വെറുതെ ക്ലാസില്‍ പോയി ഇരിക്കുന്നതിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. ചില ആളുകള്‍ക്കൊന്നും പിരീഡ്‌സിന്റെ വേദനയെന്താണെന്ന് പോലും അറിയില്ല. ഇതെല്ലാ പെണ്‍കുട്ടികള്‍ക്കും ഉള്ളതല്ലെയെന്നൊരു മനോഭാവമാണ്. എല്ലാവര്‍ക്കും ഒരേ രീതിയില്‍ അല്ല ഉണ്ടാവുക.

വേദനയോ പ്രശ്‌നങ്ങളോ ഇല്ലാത്തവരുണ്ട്. എന്നാല്‍ തീരെ വയ്യാതെ എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്തവരുമുണ്ട്. ചിലര്‍ക്ക് പുറം വേദനയാണ്. ശര്‍ദ്ദി, എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥ, കാല് വേദന തുടങ്ങി പല രീതികളിലാണ് ഉണ്ടാവുക. അതൊന്നും മനസിലാക്കാതെ എല്ലാവര്‍ക്കും ഒരേ പോലെയല്ലെയെന്ന് പറയുന്നത് തെറ്റാണ്,” മമിത പറഞ്ഞു.

content highlight: actress mamitha baiju about peridos pain