Advertisement
Entertainment news
സിനിമാഭിനയം കൊണ്ട് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ ഉപകാരം അതാണ്; ഞാനത് മാക്‌സിമം ഉപയോഗപ്പെടുത്താറുണ്ട്: ലെന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 19, 02:49 pm
Tuesday, 19th April 2022, 8:19 pm

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയെടുത്ത് അഭിനേത്രിയാണ് ലെന. വ്യത്യസ്തമായ ക്യാരക്ടര്‍ റോളുകള്‍ തന്റേതായ രീതിയില്‍ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട് താരം.

ഒരുപാട് യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ലെന, ലെനാസ് മാഗസിന്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകളും ഷെയര്‍ ചെയ്യാറുണ്ട്. യാത്രകളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും സിനിമ കാരണം യാത്ര ചെയ്യാന്‍ ലഭിച്ച അവസരങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ലെന.

യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്യാന്‍ വേണ്ടി താന്‍ ഒരിക്കലും ഷൂട്ട് ചെയ്യാറില്ലെന്നും യാത്രകളില്‍ എടുക്കുന്ന വീഡിയോകള്‍ പിന്നീട് ഷെയര്‍ ചെയ്യുന്നതാണ് എന്നുമാണ് ലെന പറയുന്നത്.

”യൂട്യൂബ് ചാനല്‍ മെയ്‌ന്റേന്‍ ചെയ്യാന്‍ വേണ്ടി ഞാന്‍ ഷൂട്ട് ചെയ്യാറില്ല. എപ്പോഴെങ്കിലും രസകരമായ എന്തെങ്കിലും വീഡിയോസ് കയ്യിലുണ്ടെങ്കില്‍ അത് ഷെയര്‍ ചെയ്യാനുള്ള പ്ലാറ്റ്‌ഫോമായി മാത്രം ഉപയോഗിക്കുന്നതാണ്. ചിലപ്പൊ മാസങ്ങളോളം പുതിയത് ഒന്നും വരില്ല.

ഞാന്‍ ശരിക്കും വര്‍ക്കിന് വേണ്ടിയല്ലാതെ ട്രാവല്‍ ചെയ്തിട്ടുള്ളത് വളരെ കുറവാണ്. അതിലൊന്നായിരുന്നു തല മൊട്ടയടിച്ച സമയത്ത് 2 മാസത്തെ ഹിമാലയന്‍ ട്രിപ്പ് പോയത്.

എന്റെ ലൈഫ് തന്നെ കംപ്ലീറ്റ്‌ലി സിനിമയാണ്. അതല്ലാതെ പ്രത്യേകിച്ച് ഒരു പേഴ്‌സണല്‍ ലൈഫ് ഇല്ലാത്ത ആളാണ് ഞാന്‍. വര്‍ക്കിന്റെ ഭാഗമായുള്ള യാത്രകളാണ് കൂടുതലും. ഭാഗ്യംകൊണ്ട് ഞങ്ങള്‍ക്ക് ദിവസവും വര്‍ക്ക് ചെയ്യാന്‍ കിട്ടുന്നത് പുതിയ പുതിയ ലൊക്കേഷനുകള്‍ ആണ്. ചിലപ്പൊ വേറെ രാജ്യത്തിലായിരിക്കും.

നമ്മളാരും വെക്കേഷന് പോയാല്‍ യു.കെയില്‍ ഒന്നര മാസം നില്‍ക്കുക, സ്‌കോട്ട്‌ലാന്‍ഡില്‍ രണ്ട് മാസം നില്‍ക്കുക ഇതൊക്കെ നമ്മളെക്കൊണ്ട് താങ്ങാന്‍ പറ്റാത്ത ചിലവുകളായിരിക്കും. എന്റെ ജോലിയുടെ വലിയ ഒരു ആനുകൂല്യമായി ഞാന്‍ എടുക്കുന്നതാണ് ഈ യാത്രകള്‍. ഞാനത് മാക്‌സിമം ഉപയോഗപ്പെടുത്താറുണ്ട്.

ഒരു സ്ഥലത്ത് ഷൂട്ടിന് വേണ്ടി ട്രാവല്‍ ചെയ്യുമ്പോള്‍, ഷൂട്ട് ഇല്ലാത്ത സമയത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആ സ്ഥലം എക്‌സ്‌പ്ലോര്‍ ചെയ്യാറുണ്ട്. അവിടത്തെ ഫുഡ് എക്‌സ്‌പ്ലോര്‍ ചെയ്യാറുണ്ട്, ട്രക്കിങ്ങുണ്ടെങ്കില്‍ അതിന് പോവാറുണ്ട്. ആ സമയത്തെ വീഡിയോസാണ് ഞാന്‍ കൂടുതലും യൂട്യൂബില്‍ ഇടാറുള്ളത്. അത് ശരിക്കും ഒരു ഭാഗ്യമാണ്.

ഞാനെന്റെ സ്വന്തം ചിലവില്‍ ഇത്രയും സ്ഥലങ്ങളില്‍ ഒരിക്കലും പോയി ഇത്രയും ദിവസം ചെലവഴിക്കില്ല. നമ്മള്‍ ഒരു ടൂറിസ്റ്റിനെപ്പോലെ പോകുമ്പോള്‍ ഒരാഴ്ചയോ 10 ദിവസമോ കൊണ്ട് ഓടിപ്പിടഞ്ഞ് സ്ഥലങ്ങള്‍ കവര്‍ ചെയ്യും. പക്ഷെ, നമ്മള്‍ ഒരു മാസമൊക്കെ ഒരു സ്ഥലത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ അവിടെ നമുക്ക് ലോക്കല്‍ ഫ്രണ്ട്‌സാവും അവര് ലോക്കല്‍ സ്ഥലങ്ങളെക്കുറിച്ച് പറഞ്ഞുതരും. അപ്പോഴാണ് ആ സ്ഥലത്തെ ഫീല്‍ കിട്ടുന്നത്,” ലെന പറഞ്ഞു.

Content Highlight: Actress Lena about her travelling in movie locations