മമ്മൂക്ക ഇപ്പോഴും ഹീറോ തന്നെ; ചെറുപ്പക്കാരനായ നായകനായി തകര്‍ക്കുകയല്ലേ: ജലജ
Malayalam Cinema
മമ്മൂക്ക ഇപ്പോഴും ഹീറോ തന്നെ; ചെറുപ്പക്കാരനായ നായകനായി തകര്‍ക്കുകയല്ലേ: ജലജ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th October 2023, 4:17 pm

ഒരുകാലത്ത് മലയാളം സിനിമയില്‍ നിറഞ്ഞു നിന്ന് മികച്ച ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയായ നടിയാണ് ജലജ. വലിയ ഇടവേളയ്ക്ക് ശേഷം ഈയിടെ ‘മാലിക്’ എന്ന സിനിമയിലൂടെ ജലജ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ഒറ്റയിലൂടെ ജലജ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള ജലജ നടന്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ്.

മമ്മൂക്കയിപ്പോഴും നായകനായി ചെറുപ്പക്കാരനായി തകര്‍ത്താടുകയാണെന്നാണ് ജലജ പറയുന്നത്. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു താരം.

‘മമ്മൂക്കയോടൊപ്പം ഞാന്‍ കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെക്കാള്‍ സീനിയര്‍ ആണ്. ഞാന്‍ സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മമ്മൂക്ക വന്നിട്ടില്ല. പിന്നീടാണ് അദ്ദേഹം വരുന്നത്. ഞങ്ങള്‍ രണ്ടുപേരും പുതുമുഖങ്ങള്‍ ആയിരുന്നു. കൂടെ അഭിനയിക്കുമ്പോള്‍ ഒരുപാട് സഹായിക്കുന്ന ഒരു നടനാണ് അദ്ദേഹം.

ഏറ്റവും ഒടുവില്‍ ‘നല്‍പകല്‍ നേരത്ത് മയക്കം’ ആണ് ഞാന്‍ കണ്ട മമ്മൂട്ടി ചിത്രം. ഒരു പത്തിരുപത്തഞ്ചു വര്‍ഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നടിയാണ് ഞാന്‍. മമ്മൂക്ക ഇപ്പോഴും നായകനായി തകര്‍ത്താടി ചെറുപ്പക്കാരനായി നിറഞ്ഞു നില്‍ക്കുകയാണ്. അദ്ദേഹം എത്രയോ വര്‍ഷങ്ങളായി ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തു തിളങ്ങി നമ്മുടെ ഏറ്റവും മികച്ച നടനായി മാറിയ താരമാണ്,’ ജലജ പറയുന്നു.

നടി ഉര്‍വശിയോടൊപ്പമുള്ള അനുഭവങ്ങളും ജലജ കൂട്ടിച്ചേര്‍ത്തു.

‘ഉര്‍വശി ഒരു പവര്‍ ഹൗസാണ്. ഏത് വേഷവും നന്നായി കൈകാര്യം ചെയ്യാന്‍ ഉര്‍വശിക്കുള്ള കഴിവ് അപാരമാണ്. അവരുടെ ഹ്യൂമര്‍ സെന്‍സ് ആണെങ്കിലും ടൈമിങ് ആണെങ്കിലും എടുത്ത് പറയേണ്ട പ്രത്യേകതയാണ്. പണ്ട് ചെയ്ത വേഷങ്ങളാണെങ്കിലും ഇപ്പോള്‍ ചെയ്യുന്ന കഥാപാത്രങ്ങളാണെങ്കിലും ഉര്‍വശി നമ്മളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.


പത്മരാജന്‍ സാര്‍ ഒരുക്കിയ ദേശാടനക്കിളികള്‍ കരയാറില്ല എന്ന ചിത്രത്തില്‍ അധ്യാപകരായി ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.

ആ ചിത്രത്തിലൊക്കെ വളരെ സീരിയസ് ആയിട്ടുള്ള വേഷമായിരുന്നു ഉര്‍വശി ചെയ്തിരുന്നത്. അതെല്ലാം കഴിഞ്ഞതിനുശേഷമാണ് ഉര്‍വശി കുറച്ചും കൂടി തമാശ നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്.

ചിത്രത്തില്‍ ഞങ്ങളുടെ വിദ്യാര്‍ഥികളായി വേഷമിട്ട കാര്‍ത്തികയേക്കാളും ശാരിയേക്കാളും പ്രായം കുറവായിരുന്നു അന്ന് ഉര്‍വശിക്ക്. കാര്‍ത്തികയും ശാരിയുമെല്ലാം വരുന്ന സമയത്ത് അവരെക്കാള്‍ സിനിമകള്‍ ചെയ്തിട്ടുള്ളത് ഞങ്ങള്‍ ആയിരുന്നു,’ ജലജ പറഞ്ഞു.

Content Highlight : Actress Jalaja Talk About Mamootty