കോമഡി റോളുകളിലൂടെയും ശക്തമായ ക്യാരക്ടര്‍ റോളുകളിലൂടെയും മലയാള സിനിമയില്‍ പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഗ്രേസ് ആന്റണി. ഒമര്‍ ലുലു ചിത്രം ഹാപ്പി വെഡ്ഡിങ്ങിലൂടെ സിനിമയിലെത്തിയ ഗ്രേസ് പിന്നീട് മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് പ്രേക്ഷകപ്രീതി നേടുന്നത്.
ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിങ്ങിന് വേണ്ടി ഓഡിഷന് പോയ സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഒരഭിമുഖത്തില്‍ ഗ്രേസ്. നായികയാകാന്‍ വേണ്ടിയായിരുന്നു ഓഡിഷന് പോയതെന്നും എന്നാല്‍ പിന്നീട് ക്യാരക്ടര്‍ റോള്‍ ലഭിച്ചുവെന്നുമാണ് ഗ്രേസ് പറയുന്നത്.
ഓഡിഷന്‍ നടന്നുകൊണ്ടിരുന്ന ഹാളിലേക്ക് ഹാപ്പി വെഡ്ഡിങ്ങിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിജു വില്‍സണും ഷറഫുദ്ദീനും കടന്നുവന്നപ്പോഴുണ്ടായ രസകരമായ നിമിഷങ്ങളും ഗ്രേസ് അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.
”ഹാപ്പി വെഡ്ഡിങ്ങിന് വേണ്ടി ഓഡിഷന് പോയി. ഒരു അമ്പത് കുട്ടികളും അവരുടെ പാരന്റ്‌സും എല്ലാംകൂടെ ഒരു വലിയ ഹാളില്‍ ഇരിക്കുകയായിരുന്നു. ബാക്കിയുള്ള ഈ കണ്ടസ്റ്റന്‍സിന്റെയും അവരുടെ പാരന്റ്‌സിന്റെയും മുന്നില്‍ വെച്ചാണ് നമ്മളും ഓഡിഷന്‍ ചെയ്യുന്നത്.
ജസ്റ്റ് ഒരു തട്ട് കെട്ടിയ സ്‌റ്റേജ് ഉണ്ടായിരുന്നു. രണ്ടുമൂന്ന് പേരുടെ ഓഡിഷന്‍ കഴിഞ്ഞു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും സ്‌ക്രിപ്റ്റ് തന്നിട്ടുണ്ടായിരുന്നു. ഒരേ ഡയലോഗ് തന്നെയാണ്, ആ റാഗിങ് സീന്‍ തന്നെയാണ് എല്ലാവരും ഓഡിഷന്‍ ചെയ്യുന്നത്.
കൂടെ അഭിനയിക്കാന്‍ വേറെ ആരുമില്ല, ഒരാള്‍ തന്നെയാണ് എല്ലാവരുടെയും ഡയലോഗ് പറയുന്നത്.
ഒരു നാലഞ്ച് പേരുടെ ഓഡിഷന്‍ കഴിഞ്ഞപ്പോഴേക്കും സിജു ചേട്ടനും (സിജു വില്‍സണ്‍) ഷറഫുക്കയും (ഷറഫുദ്ദീന്‍) ഭയങ്കര ആരവങ്ങളോട് കൂടി കയറിവരികയാണ്. അപ്പൊത്തന്നെ എല്ലാ പിള്ളേര്‍ക്കും ചങ്കിടിപ്പ് തുടങ്ങി. കാരണം ഇവരുടെ നായികയാകാനുള്ള ഓഡിഷന് വേണ്ടിയാണ് നമ്മള്‍ വന്നിരിക്കുന്നത്.
ഒരു പത്തിരുപത്തഞ്ച് പേരുടെ ഓഡിഷന്‍ കഴിഞ്ഞപ്പോഴേക്കും സിജു ചേട്ടനും ഷറഫുക്കയും പോയി. അത് കഴിഞ്ഞാണ് എന്റെ ടേണ്‍ വന്നത്. അതുകൊണ്ട് എനിക്ക് കോണ്‍ഫിഡന്‍സായി, ആരും കാണാനില്ലല്ലോ എന്ന്. കുറേ പേര്‍ പോയിക്കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ ചെയ്തത്.
ഞാന്‍ സ്‌റ്റേജില്‍ കയറി ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും ലഞ്ച് കഴിഞ്ഞ് ഒരു വന്‍പടയാണ് ഓഡിഷന്‍ കാണാന്‍ വേണ്ടി വരുന്നത്. ശരിക്ക് പറഞ്ഞാല്‍ ഒരു സ്റ്റേജില്‍ നിന്ന് പെര്‍ഫോം ചെയ്യുന്നത് പോലെ തന്നെ നമ്മള്‍ ചെയ്യണം.
ഞാന്‍ ഓഡിഷന്‍ ചെയ്യുന്ന സമയത്ത് പപ്പ ബാക്കില്‍ നിന്ന് മുഖം കൊണ്ട് ഓരോന്ന് കാണിക്കുന്നുണ്ടായിരുന്നു. സാധാരണ നമ്മള്‍ സ്റ്റേജില്‍ നിന്ന് എന്തെങ്കിലും പെര്‍ഫോം ചെയ്യുമ്പോള്‍ നമ്മുടെ പാരന്റ്‌സും പിറകില്‍ നിന്ന് അഭിനയിക്കും, അത് സ്വാഭാവികമാണ്.
അങ്ങനെ പെര്‍ഫോം ചെയ്തു. എനിക്ക് ക്യാരക്ടര്‍ റോളാണ് കിട്ടിയത്. നായികയാകണം എന്നൊന്നും എനിക്കില്ലായിരുന്നു. ആ റാഗിങ് സീന്‍ ഞാന്‍ നന്നായി ചെയ്തു എന്നാണ് അവര് പറഞ്ഞത്. എന്നാപ്പിന്നെ ഈ കൊച്ചിനെ തന്നെ എടുത്തേക്കാം എന്നും അവര്‍ വിചാരിച്ചിരിക്കും.
അവിടെ ഞാനവരെ നല്ലോണം പാടി വെറുപ്പിച്ചു, അതാണ് സത്യം. അതുകൊണ്ട് എന്നെ ആ സിനിമയിലേക്കെടുത്തു,” ഗ്രേസ് ആന്റണി പറഞ്ഞു.
മമ്മൂട്ടി നായകനായെത്തിയ റോഷാക്ക് ആണ് ഗ്രേസിന്റെ ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്റര്‍ പ്രദര്‍ശനത്തിലെ വമ്പന്‍ വിജയത്തിന് ശേഷം ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്.
Content Highlight: Actress Grace Antony talks about the audition of her first movie Happy wedding