കനകം കാമിനി കലഹത്തിലെ നായികയായ ഹരിപ്രിയയില്‍ തന്നെ തന്നെയാണ് കണ്ടതെന്ന് ഗ്രേസ് ആന്റണി. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്.
കനകം കാമിനി കലഹത്തിലെ നായിക സീരിയല്‍ നടിയാണ്. ഹരിപ്രിയയുടേത് പോലെ പറയാനുള്ള കാര്യങ്ങള്‍ പറയുന്ന വ്യക്തിയാണ് ഞാനും. പക്ഷേ കുമ്പളങ്ങിയിലെ സിമിയിലും ഹലാല്‍ ലവ് സ്റ്റോറിയിലെ സുഹ്റയിലും താനില്ലെന്നും ഗ്രേസ് പറയുന്നു.
ഇനിയും ഇതുപോലുള്ള നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. കുമ്പളങ്ങി കഴിഞ്ഞ സമയത്ത് സിമി എന്ന് വിളിച്ചവര്‍ ഇപ്പോള്‍ ഹരിപ്രിയയെന്ന് വിളിക്കുന്നു.
എന്റെ സന്തോഷവും സമാധാനവും ഇത് തന്നെയാണ്. ഈ അഞ്ചു വര്‍ഷം കൊണ്ട് ഇത്രയും നല്ല കഥാപാത്രങ്ങള്‍ ചെയ്യാനായതില്‍ സന്തോഷമെന്നും ഗ്രേസ് പറഞ്ഞു.
2016 ല്‍ ഹാപ്പി വെഡ്ഡിങ്സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഗ്രേസ് കുമ്പളങ്ങി നൈറ്റ്സിലെ സിമിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 9 ന് റിലീസ് ചെയ്ത കനകം കാമിനി കലഹത്തിലെ ഗ്രേസിന്റെ അഭിനയം ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
നിവിനും ഗ്രേസിനുമൊപ്പം വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കിയ സംവിധായകന് രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് കനകം കാമിനി കലഹം.