Advertisement
Malayalam Cinema
അന്ന് നടന്ന പല കാര്യങ്ങളും ഞാന്‍ പൊലീസിനോട് പറഞ്ഞിട്ടില്ല, നിങ്ങളുടെ സഹോദരിയായിരുന്നെങ്കില്‍ ഇങ്ങനെ പെരുമാറുമായിരുന്നോ ; ഗായത്രി സുരേഷ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 19, 07:03 am
Tuesday, 19th October 2021, 12:33 pm

വാഹനാപകടവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിന്ന് വിമര്‍ശനം നേരിടുകയാണ് നടിയും മോഡലുമായ ഗായത്രി സുരേഷ്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തായിരുന്നെന്ന് വ്യക്തമാക്കി താരം കഴിഞ്ഞ ദിവസം ഒരു ലൈവ് വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയും താരത്തെ രൂക്ഷമായി വിമര്‍ശിച്ചും അധിക്ഷേപിച്ചും കൊണ്ടുള്ള നിരവധി കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു.

വീഡിയോയില്‍ കണ്ടത് മാത്രമല്ല അന്ന് നടന്നതെന്നും പല കാര്യങ്ങളും പൊലീസിനോട് താന്‍ പറഞ്ഞിട്ടില്ലെന്നും ഗായത്രി പറയുന്നു. മൂവിമാന് നല്‍കിയ അഭിമുഖത്തിലാണ് കാക്കനാട് സംഭവിച്ച അപകടത്തെക്കുറിച്ച് താരം മനസുതുറന്നത്. ഒരു സെലിബ്രറ്റി ആയതുകൊണ്ട് മാത്രമാണ് നടു റോഡില്‍ വെച്ച് താന്‍ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടതെന്നും താരം പറയുന്നു.

‘ഞാനും എന്റെ സുഹൃത്തും കൂടി കാക്കനാട് ഭാഗത്തൂടെ കാറിലൂടെ പോകുകയായിരുന്നു. മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതിനിടെ തൊട്ടുമുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഉരഞ്ഞു. റോഡില്‍ നല്ല തിരക്കായതുകൊണ്ട് നിര്‍ത്താന്‍ കഴിഞ്ഞില്ല. ഇവര്‍ പിന്നാലെ വരുമെന്ന് കരുതിയില്ല. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകള്‍ ഞങ്ങളുടെ പുറകെ ഉണ്ടെന്ന് മനസിലായത്.

അങ്ങനെ അവര്‍ ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചു. കാര്‍ ഞങ്ങളുടെ മുന്നില്‍ നിര്‍ത്തി. ഒരു പയ്യന്‍ പുറത്തിറങ്ങി, എന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുപൊളിച്ച് വീട്ടുകാരെയൊക്കെ അസഭ്യം പറഞ്ഞു. അതോടെ കാറില്‍ നിന്നും പുറത്തിറങ്ങേണ്ടെന്ന് കരുതി ഞങ്ങള്‍ വണ്ടി മുന്നോട്ടെടുത്തു. പിന്നീട് ഭയങ്കര ചേസിങ്ങും കാര്യങ്ങളുമൊക്കെയായി. കുറച്ചുദൂരം ചെന്നശേഷം അവര്‍ ഞങ്ങളുടെ കാറിനു മുന്നില്‍ വട്ടംവച്ച് നിര്‍ത്തി. അതിനുശേഷം നടന്നതാണ് നിങ്ങള്‍ ആ വീഡിയോയില്‍ കണ്ടത്.

ഇത് ഇത്രയും വലിയ പ്രശ്‌നമാകാന്‍ കാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. അവര്‍ക്ക് ഒരു സെലിബ്രറ്റിയെ കയ്യില്‍ കിട്ടി. ആരോ വീഡിയോ എടുക്കുന്നുമുണ്ട്. ഒരു സാധാരണക്കാരായിരുന്നെങ്കില്‍ അവിടെ ആരും വീഡിയോ എടുക്കില്ല. അവര്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല. എങ്ങനെയെങ്കിലും സോള്‍വ് ചെയ്ത് വിട്ടേനെ. പക്ഷേ ഇത് വലിയ പ്രശ്‌നമായി മാറി.

ആ വീഡിയോയില്‍ കണ്ടത് മാത്രമല്ല അവിടെ നടന്നത്. അതല്ലാതെ ഞാന്‍ ഇരുപത് മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട് മാറിമാറി സോറി പറഞ്ഞിട്ടുണ്ട്. പൊലീസ് വന്നിട്ടേ വിടൂ എന്ന് അവര്‍ പറഞ്ഞു. അവസാനം പൊലീസ് വന്നു. അവരോട് വലിയ കടപ്പാടുണ്ട്. ‘മോള് കാറിനുള്ളില്‍ കയറി ഇരുന്നോളൂ’ എന്ന് പറഞ്ഞ് അവര്‍ ആദ്യം തന്നെ എന്നെ സുരക്ഷിതയാക്കി.’ അവരോട് നന്ദിയുണ്ട്.

വണ്ടി നിര്‍ത്താതെ പോയി എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. വണ്ടിയുടെ സൈഡ് മിററാണ് ഇടിച്ചത്. ഇവര്‍ ഞങ്ങളുടെ പിന്നാലെ വരുന്നുണ്ട് എന്ന് വിചാരിക്കുന്നില്ല. റോഡില്‍ നല്ല തിരക്കും. ആ സമയത്ത് വണ്ടി ഞങ്ങള്‍ ഓടിച്ചുപോയി. പിന്നെയാണ് ഇവര്‍ ചേസ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞത്.

ഞാന്‍ പെര്‍ഫക്ട് ആയുള്ള സ്ത്രീ ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ചിലപ്പോള്‍ ടെന്‍ഷന്റെ പുറത്ത് ഞാന്‍ ചെയ്തിട്ടുണ്ടാകും.

ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചതിനുശേഷം അവര്‍ പുറത്തിറങ്ങിയ ശേഷം അവര്‍ ഉപയോഗിച്ച ഭാഷ കേള്‍ക്കണം. സത്യത്തില്‍ അപകടത്തില്‍ സൈഡ് മിററിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. ബാക്കി കാര്‍ ഇത്രയും തകര്‍ത്തത് ആളുകള്‍ ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറില്‍ കുറേ ചവിട്ടി, ഇടിച്ചു. ഇതൊന്നും ഞാന്‍ പൊലീസിനോടു പറയാത്തത് വീണ്ടും പ്രശ്‌നം ഉണ്ടാക്കേണ്ടെന്ന് കരുതിയാണ്. യഥാര്‍ത്ഥത്തില്‍ അവരാണ് ഞങ്ങളുടെ കാറിടിച്ച് പൊളിച്ചത്. ഇങ്ങനെയൊരു അപകടം നടന്നാല്‍ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണെങ്കില്‍ അവര്‍ ഇങ്ങനെ വീഡിയോ എടുക്കുമോ? അതിനുപകരം ഒരു മനഃസാക്ഷിയുമില്ലാതെ വിഡിയോ എടുത്ത് അത് പാട്ടാക്കുക. നമ്മുടെ നാട്ടിലെ ആളുകള്‍ ഇങ്ങനെയാണോ? നമുക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. എന്റെ ഇമേജ് തന്നെ മാറിപ്പോയില്ലേ?

ഞാന്‍ അവിടെ നിന്നത് വളരെ താഴ്മയോടെയാണ്. പക്ഷേ ഇവരുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. വീട്ടുകാരെ വിളിച്ച തെറിയൊന്നും പറയാന്‍ പറ്റില്ല. പൊലീസുകാര്‍ വന്നിട്ട് നിങ്ങള്‍ പോയാല്‍ മതിയെന്ന് പറഞ്ഞ് അവര്‍ക്ക് മാന്യമായി ഞങ്ങളെ അവിടെ പിടിച്ചുവെക്കാമായിരുന്നു. അതിന് പകരം നീ ആരെടി, നീ സീരിയല്‍ നടിയല്ലേടി, എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത്.

മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആ ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ എനിക്ക് തോന്നുന്നത്. കേരളത്തില്‍ മൂന്ന് കോടി ജനങ്ങളില്‍ ഒരുലക്ഷം ആളുകള്‍ ചിലപ്പോള്‍ എനിക്കെതിരെ പറയുമായിരിക്കും. ബാക്കി ആളുകള്‍ എനിക്കൊപ്പം ഉണ്ട് എന്ന വിശ്വാസം ഉണ്ട്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട.

ഈ സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടില്ല. ഞാനെന്റെ സിനിമകളുമായി സന്തോഷത്തോടെ മുന്നോട്ടുപോകും. മലയാളത്തില്‍ എന്റെ അഞ്ച് സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. തെലുങ്കിലും രണ്ട് സിനിമകള്‍ റിലീസ് ആകാനുണ്ട്, ഗായത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Gayathri Suresh Abouth The Accident Incident