Entertainment news
ശരിക്കും ആ സിനിമയില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല, എല്ലാത്തിനും കാരണം ലാലേട്ടനായിരുന്നു: ദിവ്യ ഉണ്ണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 26, 02:50 am
Thursday, 26th January 2023, 8:20 am

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു ദിവ്യ ഉണ്ണി. നിരവധി സിനിമകളില്‍ നായികയായും സഹനടിയായുമൊക്കെ താരം അഭിനയിച്ചിട്ടുണ്ട്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ഉസ്താദ്. മോഹന്‍ലാല്‍ നായകനായെത്തിയ സിനിമയില്‍ അദ്ദേഹത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് ദിവ്യ ഉണ്ണി എത്തിയത്. അന്ന് മോഹന്‍ലാലുമൊത്തുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍.

മലയാളത്തിന് നഷ്ടപ്പെട്ട് പോയ നിരവധി അഭിനേതാക്കള്‍ ഒരുമിച്ച് വന്ന സിനിമയായിരുന്നു ഉസ്താദെന്നും ഒരു വര്‍ക്ക്‌ഷോപ്പ് പോലെയാണ് ആ സിനിമയുടെ ലൊക്കേഷന്‍ തനിക്ക് അനുഭവപ്പെട്ടതെന്നും ദിവ്യ ഉണ്ണി പറഞ്ഞു. മോഹന്‍ലാലിന്റെ ഒപ്പം അഭിനയിക്കുമ്പോള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും അദ്ദേഹം ചെയ്യുമ്പോള്‍ ബാക്കിയെല്ലാം സംഭവിക്കുന്നതാണെന്നും മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ഉണ്ണി പറഞ്ഞു.

‘ലാലേട്ടന്റെയൊക്കെ കൂടെ അഭിനയിക്കുക എന്ന് പറഞ്ഞാല്‍ നമ്മളൊക്കെ വെറുതെയങ്ങ് നിന്ന് കൊടുത്താല്‍ മതി. അവരെ പോലെയുള്ള അഭിനേതാക്കളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ശരിക്കും ഒരു വര്‍ക്ക്‌ഷോപ്പിന് പോകുന്ന അനുഭവമാണ്. ലാലേട്ടന്‍ മാത്രമല്ല മലയാളത്തിലെ മികച്ച ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ആ സിനിമയിലുണ്ടായിരുന്നു.

ആ സിനിമയിലാണെങ്കില്‍ ചിത്ര ചേച്ചിയൊക്കയുണ്ട്. നരേന്ദ്രപ്രസാദ് സാര്‍, എന്‍.എഫ് അങ്കിള്‍ തുടങ്ങി ഒരുപാട് പേരാണ് ആ സിനിമയില്‍ അഭിനയിച്ചത്. ഉസ്താദ് എന്നുപറയുമ്പോള്‍ ഇത്തരത്തില്‍ ഒരുപാട് ആളുകളെ എനിക്ക് ഓര്‍മ വരും. അവരില്‍ പലരും ഇപ്പോള്‍ നമ്മുടെ കൂടെ തന്നെയില്ല.

ഉസ്താദ് സിനിമയില്‍ എന്റേയും ലാലേട്ടന്റെയും കെമിസ്ട്രി മികച്ചതാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ ആ കെമിസ്ട്രിയിലൊന്നും നമുക്കൊരു പങ്കില്ല. ക്യാമറക്ക് മുന്നില്‍ ലാലേട്ടന്‍ വന്നുനിന്നാല്‍ തന്നെ സ്വാഭാവീകമായി അതൊക്കെ സംഭവിച്ച് പോകുന്നതാണ്. അല്ലാതെ നമുക്ക് കൂടുതല്‍ കഷ്ടപ്പെടേണ്ട ആവശ്യമില്ല. ലാലേട്ടന്റെ കൂടെയുള്ള വര്‍ക്കിങ് അനുഭവം ഭയങ്കര വ്യത്യസ്തമായിരുന്നു,’ ദിവ്യ ഉണ്ണി പറഞ്ഞു.

ജനാരദ്ദനന്‍, എന്‍.എഫ്.വര്‍ഗീസ്, വിനീത്, സായ് കുമാര്‍, ഗണേശ് തുടങ്ങി വലിയ ഒരു താരനിര അണി നിരന്ന സിനിമയായിരുന്നു ഉസ്താദ്. വലിയ വിജയം കൈവരിക്കാനും സിനിമക്ക് കഴിഞ്ഞു. ദിവ്യ ഉണ്ണിയും മോഹന്‍ലാലും തമ്മിലുള്ള കെമിസ്ട്രി മികച്ചതായിരുന്നു.

content highlight: actress divya unni talks about ustad movie and mohanlal