Malayalam Cinema
ആ ചിത്രങ്ങള്‍ക്കെല്ലാം വേറിട്ട മൂഡാണ്; സെക്‌സിയായി ഫോട്ടോഷൂട്ട് ചെയ്യുന്നത് ഗ്ലാമര്‍ കാണിക്കാനല്ല: ദീപ്തി സതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 07, 07:40 am
Sunday, 7th March 2021, 1:10 pm

നീന എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് വന്നിറങ്ങിയ താരമാണ് ദീപ്തി സതി. പുള്ളിക്കാരന്‍ സ്റ്റാറാ, ലവകുശ, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ തുടര്‍ന്ന് താരം അഭിനയിച്ചിട്ടുണ്ട്.

മലയാളികളുടെ നായികാ സങ്കല്‍പ്പത്തെ പൊളിച്ചടുക്കിയാണ് ദീപ്തി സതി തന്റെ ആദ്യചിത്രത്തിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയത്. ബോയ്ക്കട്ട് ചെയ്ത മുടിയും വെള്ളമടിച്ച് പൂസാകുകയും ചെയ്യുന്ന അലമ്പ് നായികയെയായിരുന്നു ദീപ്തി നീനയില്‍ അവതരിപ്പിച്ചത്. അഭിനയത്തിലുപരി മോഡലിങ് രംഗത്ത് സജീവസാന്നിധ്യമായ ദീപ്തി മലയാളത്തില്‍ മാത്രമല്ല കന്നഡയിലും മറാത്തിയിലും തെലുങ്കിലുമെല്ലാം തിരക്കുള്ള താരമാണ്.

സിനിമയില്‍ അഭിനയിച്ചശേഷം താന്‍ മോഡലിംഗ് ഉപേക്ഷിച്ചിട്ടില്ലെന്നും രണ്ടും ജീവിതത്തിന്റെ ഭാഗമായി തന്നെ തുടരുകയാണെന്നും പറയുകയാണ് ദീപ്തി. മോഡലിങ് രംഗത്തുനിന്നും തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ചും ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുകളെ കുറിച്ചും മനസുതുറക്കുകയാണ് താരം.

‘ഗ്ലാമര്‍ കാട്ടാന്‍ വേണ്ടി സെക്‌സിയായി ഫോട്ടോഷൂട്ട് ചെയ്യാറില്ല. നല്ല ആശയം ഫോട്ടോ ഗ്രാഫര്‍മാര്‍ പങ്കുവയ്ക്കുന്നു. അതിന് ഞാന്‍ അനുയോജ്യയാണോയെന്ന് നോക്കും. പുതുമ ആഗ്രഹിക്കാറുണ്ട്. ഗ്ലാമറല്ല, വേറിട്ട മൂഡാണ് ആ ചിത്രങ്ങള്‍ക്ക്.

‘ലക്കി’ എന്ന മറാത്തി ചിത്രത്തിലാണ് ആദ്യമായി ബിക്കിനി ധരിച്ച് അഭിനയിക്കുന്നത്. പൂളില്‍ കുളിക്കുന്ന രംഗത്ത് ബിക്കിനി ധരിച്ചതിന് വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഇതൊന്നും എന്നെ ബാധിക്കുന്നില്ല. മിസ് ഇന്ത്യ മത്സരത്തിന് ഇതിലും ഗ്ലാമറസായി വേഷം ധരിച്ചു. എന്തു വേഷം ധരിക്കുക എന്നത് എന്റെ ഇഷ്ടവും സ്വകാര്യതയുമാണ്,’ ദീപ്തി സതി പറഞ്ഞു.

സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ഒരു സാധാരണകഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും അത്തരം കഥാപാത്രങ്ങള്‍ വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നുണ്ട്.

സിനിമയിലെ കഥാപാത്രത്തെപ്പോലെയല്ല ജീവിതത്തില്‍ ഞാന്‍. വേറിട്ട ആളെന്ന് എന്നെ അടുപ്പമുള്ളവര്‍ക്ക് അറിയാം. അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്റെ മനസില്‍ പ്രണയമില്ല. പ്രണയം നല്ല അനുഭവമാണ്. നല്ല ജീവിതപങ്കാളിയെ ലഭിക്കണം.
അയാള്‍ ഏത് ദേശക്കാരനുമാകാം. ഒരു സാധാരണ കുടുംബമാണ് ഞങ്ങളുടേത്. രണ്ടാം വീടാണ് എനിക്ക് കേരളം. മലയാളികളാണ് എന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത്. അതാണ് മലയാളിയുടെ സ്‌നേഹം എന്ന് അമ്മ ഇടയ്ക്ക് പറയാറുണ്ട്.

എന്നെ ഒരു സാധാരണ പെണ്‍കുട്ടിയായാണ് വീട്ടുകാര്‍ വളര്‍ത്തിയത്. ടോം ബോയിഷും ഗേളിഷുമല്ല. ‘നീന’യിലെ പോലെ ജീവിതത്തില്‍ ഞാന്‍ ടോം ബോയിഷ് എന്ന് കരുതുന്നവര്‍ ഇപ്പോഴുമുണ്ട്. കള്ളു കുടിക്കുന്ന സിഗരറ്റ് വലിക്കുന്ന ആണ്‍കുട്ടിയെ പോലെ ജീവിക്കുന്ന ‘നീന’യില്‍നിന്ന് ആ സിനിമ കഴിഞ്ഞപ്പോള്‍ത്തന്നെ പുറത്തുകടന്നു’, ദീപ്തി സതി പറയുന്നു.

ചിലയാളുകള്‍ക്ക് നമ്മള്‍ എന്തുചെയ്താലും അഭിപ്രായം പറഞ്ഞേ പറ്റൂവെന്നും നല്ലതുചെയ്താലും ചീത്ത ചെയ്താലുമൊക്കെ അവര്‍ എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുമെന്നും അതൊക്കെ ശ്രദ്ധിക്കാന്‍ പോയാല്‍ മുന്നോട്ടുപോകാനാവില്ലെന്നും നേരത്തെ താരം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Actress Deepti Sati About glamorous photoshoot