കൊച്ചി: യുവനടിയുടെ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരത്തെ കമ്മീഷണര്‍ ഓഫീസിലാണ് നടന്‍ ഹാജരായത്.
നടിയുടെ പരാതിയില്‍ സിദ്ദിഖിന് രണ്ടാഴ്ച്ചത്തേക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് സിദ്ദിഖ് കോടതിയെ അറിയിച്ചതോടെയാണ് രണ്ടാഴ്ച്ചക്കാലത്തേക്ക് നടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടത്.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയാണ് സിദ്ദിഖിന് വേണ്ടി ഹാജരായത്. വിധി കേള്‍ക്കാനായി അന്നത്തെ ദിവസം സിദ്ദിഖിന്റെ മകനും കോടതിയിലെത്തിയിരുന്നു.
നടന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ അഭിഭാഷകരും സുപ്രീം കോടതിയില്‍ ഹാജരായിരുന്നു. മുതിര്‍ന്ന അഭിഭാഷക ഐശ്വര്യ ഭാട്ടിയയാണ് സര്‍ക്കാറിന് വേണ്ടി ഹാജരായത്. സിദ്ദിഖ് വലിയ സ്വാധീനമുള്ള ആളാണെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചു.
പരാതിക്കാരി തുടരെ തുടരെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വഴിയെല്ലാം തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അന്ന് ബലാത്സംഗം ആരോപിച്ചിരുന്നില്ലെന്നായിരുന്നു സിദ്ദിഖിന്റെ പ്രധാനപ്പെട്ട വാദം. ഇത് ഗൂഢാലോചനയാണെന്നും സിദ്ദിഖിന് വേണ്ടി അഭിഭാഷകന്‍ അറിയിച്ചു.
പരാതി നല്‍കാന്‍ കാലതാമസമുണ്ടായതിനെ കുറിച്ചും കോടതിയില്‍ ചോദ്യങ്ങളുണ്ടായി. സിനിമ സംഘടനകളായ അമ്മയും ഡബ്ല്യൂ.സി.സിയും തമ്മിലുള്ള തര്‍ക്കമാണ് ഈ പരാതിക്ക് പിന്നിലെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ബേല എം. ത്രിവേദി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സിദ്ദിഖ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. അന്വേഷണത്തില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്ന് അന്വേഷണസംഘം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴിയാണ് സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നും പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ശേഷം തന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവനടി പരാതിയില്‍ പറയുന്നുണ്ട്.
Content Highlight: Actress complaint; Siddique appeared before the investigating team