പഴയ ഫോണ്‍ ഹാജരാക്കാന്‍ ദിലീപിനും കൂട്ടര്‍ക്കും ഇന്ന് ഉച്ചവരെ സമയം; പ്രതികളെ വീണ്ടും ചോദ്യം ചെയ്‌തേക്കും; നാളെ നിര്‍ണായകം
Kerala
പഴയ ഫോണ്‍ ഹാജരാക്കാന്‍ ദിലീപിനും കൂട്ടര്‍ക്കും ഇന്ന് ഉച്ചവരെ സമയം; പ്രതികളെ വീണ്ടും ചോദ്യം ചെയ്‌തേക്കും; നാളെ നിര്‍ണായകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th January 2022, 10:00 am

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ 33 മണിക്കൂര്‍ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി.

ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. ഇതിനായി കോടതിയെ സമീപിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ദിലീപും അനൂപും സുരാജും നേരത്തെ ഉപയോഗിച്ചിരുന്ന ഫോണുകള്‍ ഇന്ന് ഹാജരാക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

വധഭീഷണി കേസിനു പിന്നാലെ പ്രതികള്‍ ഫോണ്‍ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. പഴയ ഫോണുകള്‍ ഹാജരാക്കാന്‍ ഇന്ന് ഉച്ചവരെ സമയം അനുവദിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുന്‍പ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഫോണുകള്‍ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്.

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരാണ് ഫോണ്‍ മാറ്റിയത്. നാല് ഫോണുകളും ഇന്ന് ഹാജരാക്കണമെന്ന് പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ ഫോണുകള്‍ കിട്ടിയാല്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

ഇന്ന് ഉച്ചയോടെ ഫോണ്‍ ഹാജരാക്കിയില്ലെങ്കില്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പ്രതികളുടെ വീടുകളില്‍ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഫോണ്‍ പുതിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെയും മറ്റ് നാല് പ്രതികളെയും മൂന്ന് ദിവസം ചോദ്യം ചെയ്യാനായിരുന്നു കോടതി അനുമതി നല്‍കിയത്. കോടതി അനുവദിച്ച സമയം അവസാനിച്ചുവെങ്കിലും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.

പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം നടത്തിയെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികള്‍ ഫോണുകള്‍ മാറ്റിയത് ഇതിന് വേണ്ടിയാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം.

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന റിപ്പോര്‍ട്ട് ഇന്നലെ വൈകുന്നേരത്തെടെയാണ് ലഭിച്ചത്. ഇതും വിശദമായി പരിശോധിച്ചശേഷമായിരിക്കും പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയാറാക്കുക.

Content highlight: Actress Attack Case Dileep and-Other Accused have to present old phones by noon today