Malayalam Cinema
ആ പടത്തിനോട് നോ പറയേണ്ടിയിരുന്നില്ലെന്ന് തോന്നും; ചില സമയത്ത് എന്റെ കയ്യീന്ന് പോകും: അന്ന ബെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 05, 08:18 am
Thursday, 5th October 2023, 1:48 pm

കുമ്പളങ്ങി നൈറ്റ്‌സ് എന്ന മികച്ച സിനിമയിലൂടെ നല്ല തുടക്കം ലഭിച്ച താരമാണ് അന്ന ബെന്‍. തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ കപ്പേള എന്ന ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും അന്ന സ്വന്തമാക്കി. കുറഞ്ഞ കാലം കൊണ്ട് മികച്ച സിനിമകളുടെ ഭാഗമായ അന്ന ബെന്‍ തന്റെ സിനിമ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്.

ഒരു സിനിമ കഴിഞ്ഞാല്‍ അതില്‍ നിന്ന് പുറത്തു വരാന്‍ തനിക്ക് കുറച്ചു സമയം വേണമെന്നാണ് അന്ന ബെന്‍ പറയുന്നത്. ധന്യാ വര്‍മ്മയുമൊത്തുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ ഒരു സിനിമ കഴിഞ്ഞാല്‍ അതിലെ കഥാപാത്രത്തില്‍ നിന്ന് പുറത്തു കടക്കാന്‍ എനിക്ക് കുറച്ചു സമയം അത്യാവശ്യമാണ്. പപ്പയുടെ അഭിപ്രായത്തില്‍ ഞാന്‍ ബാക്ക് ടു ബാക്ക് പടങ്ങള്‍ ചെയ്യണം എന്നാണ് പറയാറ് ‘, അന്ന പറയുന്നു.

‘എന്റെ ലിമിറ്റേഷന്‍സ് എനിക്കറിയാം. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ എനിക്കത് പറ്റുമോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. സ്ഥിരം ചെയ്യുന്ന കഥാപാത്രങ്ങളില്‍ നിന്ന് മാറി ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. സിനിമയില്‍ നല്ല ക്ഷമ വേണം. ഒന്ന് രണ്ട് മാസം ബ്രേക്ക് കഴിയുമ്പോള്‍ നമ്മുടെ കൂടെ ഉള്ളവര്‍ ഒരുപാട് നല്ല വര്‍ക്കുകള്‍ ചെയ്യുന്നതാണ് കാണുക.

പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യണമെന്ന സ്‌പേസിലേക്കാണ് അപ്പോള്‍ നമ്മളും പോവുന്നത്. ചില സമയത്ത് എന്റെ കയ്യീന്ന് ശരിക്കും പോവും. ഞാന്‍ വര്‍ക്ക് ചെയ്യുന്നില്ല, ആ പടത്തോട് ഓക്കേ പറയാമായിരുന്നു എന്നൊക്കെ തോന്നും. എനിക്ക് ഇനിയും നല്ല സിനിമകള്‍ വരുമെന്നെല്ലാം അപ്പോള്‍ ഞാന്‍ എന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിക്കും’, അന്ന പറയുന്നു.

‘സിനിമയിൽ കിട്ടി എന്ന് പറഞ്ഞപ്പോൾ പപ്പയ്ക്ക് എതിർപ്പൊന്നുമില്ലായിരുന്നു എന്നോട് ചോദിച്ചത് ‘അവിടെ ചെന്നിട്ട് എന്താ ചെയ്യേണ്ടതെന്ന് അറിയോ? ചെയ്തു കുളമാക്കുമോ?’ എന്നായിരുന്നു. ചിലപ്പോൾ സിനിമയ്ക്ക് പല കാര്യങ്ങളും സംഭവിക്കാം, ചിലപ്പോൾ റിലീസ് ആവില്ല, ചിലപ്പോൾ നിന്നെ എഡിറ്റ്‌ ചെയ്തു കളഞ്ഞേക്കും എന്നൊക്കെ ആയിരുന്നു പപ്പ എന്നോട് പറഞ്ഞത്’, അന്ന പറഞ്ഞു.

അച്ഛന്‍ ബെന്നി പി. നായരമ്പലം മലയാള സിനിമയിലെ പ്രമുഖനായ തിരക്കഥകൃത്തില്‍ ഒരാളായിട്ടും അച്ഛന്റെ നിഴലിലൂടെയല്ലാതെ സിനിമയില്‍ എത്തിയ നടിയാണ് അന്ന ബെന്‍. കുമ്പളങ്ങിയിലെ ബേബിയും ഹെലനുമെല്ലാം അന്നയുടെ കൈയില്‍ ഭദ്രമായിരുന്നു. ഒരു സിനിമയ്ക്ക് ശേഷം താനെടുക്കുന്ന ചെറിയ ഇടവേള കരിയറില്‍ നല്ല മാറ്റം ഉണ്ടാക്കുമെന്നാണ് അന്ന ബെന്‍ പറയുന്നത്.

Content Highlight : Actress Anna Ben Says About Her Film Selection