മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഭിരാമി. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷന്‍ എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ അഭിരാമിക്കായിരുന്നു.
വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയ ആളായതുകൊണ്ട് അന്നൊന്നും തനിക്ക് സിനിമയെ കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അഭിരാമി പറയുന്നത്. സിനിമയില്‍ എത്തിയ ശേഷം തനിക്ക് ഏറ്റവും കൂടുതല്‍ ഉപദേശങ്ങള്‍ തന്നയാള്‍ മമ്മൂക്കയാണെന്നും താരം പറഞ്ഞു.
ഇന്‍ഡസ്ട്രിയില്‍ എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കരുത് എന്ന് മമ്മൂക്ക പറയുമായിരുന്നു. അതുപോലെ പണത്തിന്റെ കാര്യത്തിലൊക്കെ ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം അന്ന് എന്നോട് പറഞ്ഞിരുന്നു.
‘മമ്മൂക്ക എന്റെ അടുത്ത് എപ്പോഴും പറയും പൈസയുടെ കാര്യത്തില്‍ നീ എപ്പോഴും കെയര്‍ഫുള്‍ ആയിരിക്കണം എന്ന്. വേറെ ആരേയും വിശ്വസിക്കാന്‍ പാടില്ല നീ തന്നെ അത് നോക്കണം, ഒരു ഫൈനാന്‍ഷ്യല്‍ അവയര്‍നസ്സ് ഉണ്ടാകണം എന്ന് പുള്ളി എപ്പോഴും എന്നോട് പറയാറുണ്ട്.
ഞാന്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എനിക്ക് അധികം പ്രായമൊന്നുമില്ല. ഒരു പതിനാറ് അല്ലങ്കില്‍ പതിനേഴ് വയസ്സേ ഉണ്ടായിരുന്നുള്ളു. വളരെ ചെറുപ്പമായിരുന്നു. എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കാന്‍ പാടില്ലെന്ന് അന്ന് അദ്ദേഹം പറഞ്ഞു തരുമായിരുന്നു. പല ചതികളും സംഭവിച്ചേക്കാമെന്നും എല്ലായ്‌പോഴും ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞുതന്നു.
അത് ഇപ്പോഴും എന്റെ മനസ്സില്‍ കിടക്കുന്നുണ്ട്. പക്ഷെ ലാലേട്ടന്‍ അങ്ങനെ പറഞ്ഞു തരുന്ന ആളല്ല. ലാലേട്ടന്‍ കുറച്ചും കൂടി ജോളിയായിട്ട് നടക്കുന്ന ആളാണ്. അങ്ങനെ നമ്മളെ ഇരുത്തി നീ അങ്ങനെ ചെയ്യണം എന്നൊന്നും പറയുന്ന ആളല്ല. ലാല്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാനും നല്ല രസമാണ്. ലാലേട്ടനേ കുറിച്ച് ശരിക്കും സെറ്റില്‍ വെച്ചിട്ടാണ് എനിക്ക് പഠിക്കാന്‍ സാധിച്ചത്,’ അഭിരാമി പറഞ്ഞു.
ഇന്നത്തെ സിനിമയുടെ കഥകളില്‍ വന്ന മാറ്റം തന്നെ കൂടുതല്‍ എക്സൈറ്റഡ് ആക്കുന്നു എന്നും പണ്ടത്തെ രീതിയില്‍ നിന്നും സിനിമകളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും താരം പറഞ്ഞു. 2018 പോലെയുള്ള സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ തന്നെ പോയി കാണണം എന്നും താരം പറഞ്ഞു.
‘ സിനിമയുടെ കഥകളില്‍ വന്ന മാറ്റം ആണ് എനിക്ക് ഏറ്റവും കൂടുതല്‍ എക്സൈറ്റിങ് ആയി തോന്നിയത്. ഇപ്പോള്‍ 2018 പോലെയുള്ള ഒരു സിനിമ നോക്കുകയാണെങ്കില്‍ അത് ഒരു ഗ്രാന്‍ഡ് കാന്‍വാസ് സിനിമയാണ്. അത് തിയേറ്ററില്‍ തന്നെ പോയി കാണണം.
നമ്മള്‍ മാര്‍വല്‍ -അവഞ്ചേഴ്സ് സിനിമകളൊക്കെയാണ് ആ രീതിയില്‍ കണ്ടിട്ടുള്ളത്. ആ ഒരു സ്‌കെയിലില്‍ മലയാള സിനിമയും ചിന്തിച്ച് തുടങ്ങി എന്നുള്ളത് ഒരു വലിയ കാര്യമാണ്. കഥയുടെ ആ ഒരു സോള്‍ നമ്മള്‍ തിരിച്ച് പിടിച്ചിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. എഴുതുന്ന കഥാപാത്രങ്ങളാകട്ടെ പണ്ടത്തെ ആ രീതിയില്‍ നിന്നും മാറി കുറച്ച് കൂടി റിയലിസവും ജെനുവിന്‍ ആയിട്ടുള്ള കഥകളും ഇപ്പോള്‍ വരുന്നു എന്നതില്‍ ഞാന്‍ വളരെയധികം എക്സൈറ്റഡ് ആണ്,’ അഭിരാമി പറഞ്ഞു.
Content Highlight: Actress Abhirami about Mammootty and his Advice