ബാല പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ ഡെഡ് ബോഡിയായി അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയിട്ടില്ല; അദ്ദേഹം കാരണം എന്റെ അമ്മ കരഞ്ഞു: ഉണ്ണി മുകുന്ദന്‍
Entertainment news
ബാല പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ ഡെഡ് ബോഡിയായി അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയിട്ടില്ല; അദ്ദേഹം കാരണം എന്റെ അമ്മ കരഞ്ഞു: ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th December 2022, 11:05 pm

പ്രതിഫലം നല്‍കിയില്ല എന്നുള്ള ബാലയുടെ പരാമര്‍ശം വ്യക്തിഹത്യയായിട്ടാണ് കാണുന്നതെന്ന് ഉണ്ണിമുകുന്ദന്‍. ഒരു ദിവസമെങ്കിലും തന്റെ അമ്മയെ കരയിപ്പിക്കാന്‍ ബാലയുടെ പരാമര്‍ശം കാരണമായെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

തന്നെ വിമര്‍ശിച്ച ബാലയുടെ ഹിറ്റ് ലിസ്റ്റ് എന്ന സിനിമയില്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സൗഹൃദം പെട്ടെന്ന് പോകുന്നതല്ലെന്നും ബാലയോട് ദേഷ്യമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ബാലയ്ക്കുള്ള മറുപടി എന്നല്ല, എന്നെ വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി വ്യക്തത വരുത്തിയതാണ്. സംവിധായകന്‍ മുന്നേ തന്നെ പ്രതികരിച്ചിട്ടുണ്ട്. ഛായാഗ്രാഹകന്‍ എല്‍ദോയ്ക്ക് ഏഴ് ലക്ഷം നല്‍കി. വേതനം നല്‍കിയില്ല എന്ന വാദം എത്രത്തോളം ശരിയാണെന്ന് അറിയില്ല.

എന്റെ അടുത്ത സുഹൃത്താണ് ബാല, ഇപ്പോഴും അങ്ങനെ തന്നെയാണ്. ഞാനാണ് ബാലയെ ഈ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത്. ബാല 20 ദിവസം ജോലി ചെയ്തു. രണ്ട് ലക്ഷം ഇതുവരെ നല്‍കി. ഇനിയും ബാലയെ വെച്ച് പടം ചെയ്താല്‍ അദ്ദേഹത്തിന് പണം കൊടുക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.

ഇത് മാര്‍ക്കറ്റിങ്ങ് അല്ല എന്റെ വ്യക്തിഹത്യ ആയിട്ടാണ് കാണുന്നത്. സൗഹൃദം ആണ് എല്ലാം എന്ന് പറഞ്ഞ് വന്നയാളാണ് ബാല. അദ്ദേഹത്തിന്റെ പടത്തിന് (ഹിറ്റ് ലിസ്റ്റ്) ഞാന്‍ പൈസ വാങ്ങിയിട്ടില്ല. അന്ന് എന്റെ മല്ലുസിങ് എന്ന സിനിമ ഹിറ്റായി നില്‍ക്കുന്ന സമയമായിരുന്നു.

സുഹൃത്ത് എന്ന നിലയില്‍ അഞ്ച് ദിവസം ഞാന്‍ ബാലയുടെ സിനിമയില്‍ ഡെഡ് ബോഡിയായി ഞാന്‍ അഭിനയിച്ചു. ആ സിനിമയില്‍ പ്രതിഫലം ഒന്നും വാങ്ങിച്ചിട്ടില്ല. മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല. എന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോവില്ല.

ഇതൊക്കെ കേട്ടിട്ട് ഒരു ദിവസമെങ്കില്‍ ഒരു ദിവസം എന്റെ അമ്മ കരഞ്ഞിട്ടുണ്ട്. എന്റെ സൗഹൃദം ഇങ്ങനെ ആയിപ്പോയല്ലോ എന്നാണ്. എന്നെ സിനിമാ മേഖലയില്‍ നിന്ന് ഒരുപാട് പേര്‍ വിളിച്ചിരുന്നു. നിനക്ക് ഇങ്ങനെ തന്നെ വേണമെന്ന് പറഞ്ഞു. ബാലയ്ക്ക് ഇനിയും നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കട്ടെ.

ബാലയുടെ പെര്‍ഫോമന്‍സ് എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടിട്ടുണ്ട്. ബാലക്ക് ഡബ്ബ് ചെയ്യാന്‍ പറ്റാതെ വന്നപ്പോള്‍ ഒരു മിമിക്രി ആര്‍ട്ടിസ്റ്റാണ് പിന്നെയത് ചെയ്തത്. ഡബ്ബിങ്ങ് സ്റ്റുഡിയോയില്‍ ഉള്ള വിഷയം ഞാന്‍ അറിഞ്ഞുകൊണ്ടല്ല.

പിന്നെ ഡബ്ബിങ്ങ് സ്റ്റുഡിയോയില്‍ ഞങ്ങളല്ല അവിടെ പ്രശ്നം ഉണ്ടാക്കിയത്. സ്റ്റുഡിയോ ആണ്. അവിടെ ആള്‍ക്കാര്‍ നില്‍ക്കുന്നതില്‍ ഒരു പരിധിയുണ്ട്. എല്ലാവരും കയറുമ്പോള്‍ അത് പ്രശ്നമാകില്ലേ. അതുകൊണ്ടാണ് ബാലയുടെ പേരന്റ്‌സിനെ പുറത്ത് നിര്‍ത്തിയത്. ഞാന്‍ മാന്യമായാണ് ബാലയുടെ കുടുംബത്തെ ഡീല്‍ ചെയ്തിരിക്കുന്നത്,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

content highlight: actor unni mukundan about bala