32000 വ്യാജ കണക്കാണെന്ന് എല്ലാവര്‍ക്കും അറിയാം; ഇതല്ല കേരളത്തിന്റെ സ്‌റ്റോറി, ഞാനത് സമ്മതിക്കില്ല: ടൊവിനോ തോമസ്
Film News
32000 വ്യാജ കണക്കാണെന്ന് എല്ലാവര്‍ക്കും അറിയാം; ഇതല്ല കേരളത്തിന്റെ സ്‌റ്റോറി, ഞാനത് സമ്മതിക്കില്ല: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th May 2023, 11:48 am

സുദീപ്‌തോ സെന്നിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ദി കേരള സ്‌റ്റോറി സിനിമക്കെതിരെ വിമര്‍ശനവുമായി നടന്‍ ടൊവിനോ തോമസ്. 32000 എന്നെഴുതിയ ഡിസ്‌ക്രിപ്ഷന്‍ നിര്‍മാതാക്കള്‍ പിന്നീട് മൂന്നാക്കി മാറ്റിയെന്നും 32000 വ്യാജമായ കണക്കാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ടൊവിനോ പറഞ്ഞു.

കേരളത്തിന്റെ സ്റ്റോറി ഇതല്ലെന്നും അത് താന്‍ സമ്മതിച്ച് തരില്ലെന്നും ടൊവിനോ പറഞ്ഞു. പ്രളയകാലത്ത് സ്‌നേഹം കൊണ്ടും കരുണ കൊണ്ടും ഒരുമിച്ച് നിന്ന ലക്ഷകണക്കിന് ജനങ്ങളുണ്ടെന്നും അന്ന് രാഷ്ട്രീയ പാര്‍ട്ടികളോ മതങ്ങളോ ആരേയും വിഭജിക്കുന്നത് നമ്മള്‍ കണ്ടിട്ടില്ലെന്നും ദി ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.

‘ദി കേരള സ്‌റ്റോറി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അത് കണ്ട ആരോടും സംസാരിച്ചിട്ടുമില്ല. ട്രെയ്‌ലര്‍ കണ്ടു. അതിന്റെ ഡിസ്‌ക്രിപ്ഷനില്‍ 32000 സ്ത്രീകള്‍ എന്നാണ് സിനിമയുടെ മേക്കേഴ്‌സ് എഴുതിയിരുന്നത്. പിന്നീട് അവര്‍ തന്നെ അത് മൂന്നിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അതിന്റെ അര്‍ത്ഥമെന്താണ്.

കേരളത്തില്‍ മൂന്നര കോടി ജനങ്ങളുണ്ടെന്നാണ് എന്റെ അറിവ്. ഈ മൂന്ന് സംഭവങ്ങള്‍ കൊണ്ട് അതിനെ ജനറലൈസ് ചെയ്യാന്‍ പറ്റില്ല. ഇത് കേരളത്തില്‍ സംഭവിച്ചിട്ടുണ്ട് എന്ന വസ്തുത ഞാന്‍ നിഷേധിക്കുന്നില്ല. ഇത് സംഭവിച്ചിട്ടുണ്ടാവാം. എനിക്ക് വ്യക്തിപരമായി ആ സംഭവത്തെ പറ്റി അറിയില്ല. എന്നാല്‍ വാര്‍ത്തകളില്‍ വായിച്ചിട്ടുണ്ട്. ഇന്ന് നമ്മള്‍ കാണുന്നതെല്ലാം വസ്തുതകളല്ല, അഭിപ്രായങ്ങളാണ്. അഞ്ച് ചാനലുകളില്‍ ഒരേ വാര്‍ത്തയുടെ അഞ്ച് വേര്‍ഷന്‍സാണ് കാണാറുള്ളത്. ഏതാണ് ശരിയെന്നും എന്താണ് തെറ്റെന്നും എനിക്ക് അറിയില്ല. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് ഇത് സംഭവിച്ചിട്ടുണ്ട് എന്ന വസ്തുത നിഷേധിക്കുന്നില്ല. എന്നാല്‍ മൂന്നര കോടിയില്‍ നിന്നും മൂന്ന് എന്ന സംഖ്യ ജനറലൈസ് ചെയ്യാന്‍ പറ്റില്ല. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് വളരെ മോശമാണ്.

32000 എന്നത് പിന്നീട് അവര്‍ മാറ്റി. എന്നാല്‍ എന്തുകൊണ്ട് ആദ്യം 32000 എന്ന് പറഞ്ഞു. 32000 ഒരു വ്യാജമായ കണക്കാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ അത് മാറ്റി. എന്താണ് ഇതിന്റെ അര്‍ത്ഥം?

എല്ലാം അന്ധമായി വിശ്വസിക്കരുത്. നമ്മളെല്ലാം മനുഷ്യരാണ്. നമ്മുടെയെല്ലാം മസ്തിഷ്‌ക ശേഷി ഒരേ അളവിലാണ്. അതിനാല്‍ അന്ധമായി വിശ്വസിക്കുന്നത് നിര്‍ത്തുക. ഞാന്‍ എന്തെങ്കിലും പറഞ്ഞാലും അന്ധമായി വിശ്വസിക്കരുത്. ചിന്തിക്കണം. നിങ്ങള്‍ക്ക് ഒരു തലച്ചോറുണ്ട്, അതിനാല്‍ ചിന്തിച്ച് തീരുമാനമെടുക്കുക. ഇത് 2023 ആണ്, നമ്മള്‍ അന്ധമായി എല്ലാം വിശ്വസിക്കുന്നത് നിര്‍ത്തി ചിന്തിക്കുകയും യുക്തിസഹമായി തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യണം. നിങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ആരെയും അനുവദിക്കരുത്.

സിനിമ ഫിക്ഷന്‍ ആകാം. ഒരു സാങ്കല്‍പ്പിക സിനിമ നിര്‍മിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ അതിന് കേരള സ്‌റ്റോറി എന്ന് പേരിട്ടു, അല്ല, ഇതല്ല കേരള സ്‌റ്റോറി. ഞാനത് സമ്മതിക്കില്ല, അത് കേരളത്തിന്റെ സ്‌റ്റോറിയല്ല. അത് എനിക്കറിയാം. ഞാന്‍ ജനിച്ചതും വളര്‍ന്നതും കേരളത്തിലാണ്, അതല്ല കേരളത്തിന്റെ സ്‌റ്റോറി.

2018ല്‍ ആളുകള്‍ കഷ്ടപ്പെടുന്നതും അതിജീവിക്കുന്നതും ഒരുമിച്ച് വരുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അത് മുപ്പത്തിരണ്ടായിരമോ മൂന്നോ അല്ലായിരുന്നു, പ്രളയകാലത്ത് സ്‌നേഹം കൊണ്ടും കരുണ കൊണ്ടും ഒരുമിച്ച് നിന്ന ലക്ഷക്കണക്കിന് ജനങ്ങളായിരുന്നു. അന്ന് രാഷ്ട്രീയ പാര്‍ട്ടികളോ മതങ്ങളോ ആരേയും വിഭജിക്കുന്നത് നമ്മള്‍ കണ്ടിട്ടില്ല. അന്ന് മനുഷ്യര്‍ ഒന്നിച്ച് നില്‍ക്കുന്നതും അതിജീവിക്കാന്‍ ശ്രമിക്കുന്നതും അതില്‍ അവര്‍ വിജയിക്കുന്നതും ഞാന്‍ കണ്ടു,’ ടൊവിനോ പറഞ്ഞു.

Content Highlight: Actor Tovino Thomas criticized the movie The Kerala Story