Malayalam Cinema
സിനിമ മുഴുവന്‍ കണ്ടുകഴിയുമ്പോള്‍ ഇത്രയൊക്കെ അപകടമല്ലേ പറ്റിയുള്ളൂ എന്ന് തോന്നും; കളയിലെ ഫൈറ്റ് സീനുകളെ കുറിച്ച് ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 23, 08:31 am
Tuesday, 23rd March 2021, 2:01 pm

കള സിനിമയിലെ ഫൈറ്റ് സീക്വന്‍സുകളെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിലെ നായകനായ ടൊവിനോ തോമസ്. ചിത്രത്തിന് വേണ്ടി പ്രത്യേകമായി മുന്നൊരുക്കളൊന്നും താന്‍ നടത്തിയിരുന്നില്ലെന്നും എങ്കിലും ലോക്ക് ഡൗണ്‍ സമയത്തെ വര്‍ക്ക് ഔട്ടും ട്രെയിനിങ്ങും ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ടാകാമെന്നും ടൊവിനോ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രൂപം കൊണ്ടും ഫിസിക്കല്‍ ഫിറ്റ്‌നെസ് കൊണ്ടും ഈ സിനിമയ്ക്ക് താന്‍ എത്തിയ സമയം നല്ലതാണെന്ന് തോന്നിയിട്ടുണ്ടെന്നും ടൊവിനോ പറയുന്നു.

ലോക്ക് ഡൗണ്‍ കഴിഞ്ഞ് ഞാന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമ കളയാണ്. ഭയങ്കരമായ മുന്നൊരുക്കങ്ങളൊന്നും ചെയ്തിട്ടല്ല വന്നത്. ഈ സിനിമയുടെ കഥ മുന്നോട്ടു പോകുന്നത് ഫൈറ്റിലൂടെയാണ്. ഒരു പോയിന്റ് കഴിഞ്ഞാല്‍ പിന്നെ ഫൈറ്റിലൂടെയാണ് കഥ പോകുന്നത്.

അപ്പോള്‍ ആളുകള്‍ക്ക് കണ്ടാല്‍ ബോറടിക്കുന്ന ഒരു ഫൈറ്റ് നമുക്ക് 30 മിനുട്ട് കാണിക്കാന്‍ പറ്റില്ല. അതിലൂടെ നമുക്ക് കഥയെ കൊണ്ടുപോകണം. അങ്ങനെ കഥയെ കൊണ്ടുപോകണമെങ്കില്‍ നല്ല ഫൈറ്റ് മൂവ്‌സ് വേണം. എന്നാല്‍ അതേസയമം തന്നെ കൊറിയോഗ്രഫി മുഴച്ചു നില്‍ക്കാനും പാടില്ല.

ഇത് നല്ല നാടന്‍ തല്ലാണ്. അല്ലാതെ മാര്‍ഷ്യല്‍ ആര്‍ട്‌സ് കിക്കുകളോ മൂവ്‌മെന്റുകളോ ഇതില്‍ ചെയ്യാന്‍ പറ്റില്ല. പ്രഭുസാറും ഗസാലിയും ഇര്‍ഫാനുമാണ് മൂവ്‌സും ലോക്കുകളും എല്ലാം തീരുമാനിച്ചത്. ഒരേസമയം റിയലായിരിക്കണം അതിനുവേണ്ടിയായിരുന്നു ശ്രമം.

ഷൂട്ടിങ്ങിന്റെ ഇടയില്‍ എനിക്ക് ചെറിയ പരിക്ക് പറ്റിയിരുന്നു. എന്റെ സഹതാരമായ മൂറിന്റെ കാലിന്റെ എല്ല് ഒടിഞ്ഞിരുന്നു. എനിക്കും ഇന്റേണല്‍ ബ്ലീഡിങ്ങ് ഉണ്ടായി കുറച്ചുനാള്‍ ആശുപത്രിയിലായിരുന്നു. ഇതൊക്കെ ചില അപകടങ്ങള്‍ സംഭവിക്കുന്നതാണ്. മുന്‍കരുതലുകള്‍ ഒക്കെ എടുക്കുന്നുണ്ടെങ്കിലും ചില അപകടങ്ങള്‍ സംഭവിക്കും. ഈ സിനിമ മൊത്തമായിട്ട് കണ്ടുകഴിഞ്ഞാല്‍ ഇത്രയൊക്കെയല്ലേ പറ്റിയിട്ടുള്ളൂ എന്ന് തോന്നും, ടൊവിനോ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Tovino Thomas About Kala Movie Fight Sequence