Advertisement
Entertainment news
ഇത്തരം കഥാപാത്രങ്ങള്‍ ചെയ്താല്‍ ആ നടന്റെ അവസ്ഥയാകുമെന്ന് മമ്മൂക്ക പറഞ്ഞു; മമ്മൂട്ടി ഫാന്‍സിന്റെ മെയിന്‍ ആളായിരുന്നല്ലോ ഞാന്‍: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 07, 10:49 am
Friday, 7th April 2023, 4:19 pm

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത സിനിമയാണ് ഡ്രൈവിങ് ലൈസന്‍സ്. ആ ചിത്രത്തില്‍ അഭിനയിക്കാന്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയേയും ശ്രീനിവാസനെയും ആയിരുന്നു എന്ന് പറയുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. അതിനുശേഷമാണ് തനിക്കും പൃഥ്വിരാജിനും അവസരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് മമ്മൂട്ടി നല്‍കിയ ഉപദേശത്തെ കുറിച്ചും സുരാജ് സംസാരിച്ചു. ഇത്ര ചെറുപ്പത്തില്‍ തന്നെ പ്രായമുള്ള വേഷങ്ങള്‍ ചെയ്താല്‍ നെടുമുടി വേണുവിനെ പോലെയായി പോകുമെന്നും ഒരേ കഥാപാത്രത്തിലേക്ക് മാത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നതായി ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരാജ് കൂ്ട്ടിച്ചേര്‍ത്തു.

‘എല്ലാവരുടെയും കൂടെ അഭിനയിക്കണമെന്നുള്ളതും നല്ല കഥാപാത്രങ്ങള്‍ കിട്ടണമെന്നുള്ളതും നമ്മുടെ ആഗ്രഹമല്ലെ. ആ ആഗ്രഹത്തിന്റെ പുറത്താണ് ഡ്രൈവിങ്ങ് ലൈസന്‍സിലേക്ക് പോകുന്നത്. ആ സിനിമ ശരിക്കും മമ്മൂക്കയും ശ്രീനിയേട്ടനും ചെയ്യാനിരുന്ന സിനിമയാണ്.

പിന്നെയാണ് എന്റെയും പൃഥ്വിയുടെയും അടുത്തേക്ക് എത്തുന്നത്. അത് ഭയങ്കര രസമായിട്ട് ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റി. രാജുവും നന്നായിട്ട് അത് ഏറ്റെടുത്തു. ഞാനും ഫാന്‍സുമായിട്ട് നടന്ന വ്യക്തിയല്ലെ. അതുകൊണ്ട് സിനിമയിലെ ബഹളങ്ങളെക്കുറിച്ചെല്ലാം എനിക്ക് അറിയാം.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ മെയിന്‍ ആളായിരുന്നു ഞാന്‍. മമ്മൂക്ക എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. അതായത് ചെറുതില്‍ തന്നെ നീ ഇത്രയും പ്രായമുള്ള വേഷങ്ങള്‍ നിരന്തരം ചെയ്ത് കഴിഞ്ഞാല്‍ നിനക്ക് വേണുചേട്ടന്റെ അവസ്ഥയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

പിന്നീട് നീ അത്തരം കഥാപാത്രത്തിലേക്ക് മാത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്നും എന്നോട് പറഞ്ഞു. നല്ല അര്‍ത്ഥത്തിലാണ് അദ്ദേഹം അത് എന്നോട് പറഞ്ഞത്,’ സുരാജ് പറഞ്ഞു.

content highlight: actor suraj venjaramoodu about mammootty