രാഷ്ട്രീയ കൊലപാതകങ്ങള്‍ അണികള്‍ക്ക് മാത്രമായി സംവരണം ചെയ്തതാണ്; കൊവിഡ് അങ്ങനെയല്ല നേതാക്കള്‍ക്ക് അതില്‍ പരിരക്ഷയില്ല: സിദ്ദിഖ്
Kerala
രാഷ്ട്രീയ കൊലപാതകങ്ങള്‍ അണികള്‍ക്ക് മാത്രമായി സംവരണം ചെയ്തതാണ്; കൊവിഡ് അങ്ങനെയല്ല നേതാക്കള്‍ക്ക് അതില്‍ പരിരക്ഷയില്ല: സിദ്ദിഖ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th April 2021, 11:54 am

കൊച്ചി: തെരഞ്ഞെടുപ്പിന് പിന്നാലെ പാനൂരിലുണ്ടായ സംഘര്‍ഷത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ദിഖ്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ അണികള്‍ക്ക് മാത്രമായി സംവരണം ചെയ്തതാണ്. കൊവിഡ് പക്ഷേ അങ്ങനെയല്ല നേതാക്കള്‍ക്ക് അതില്‍ പരിരക്ഷയില്ല എന്നായിരുന്നു സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് ബാധിച്ചിരുന്നു. ഇതേദിവസം തന്നെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ കൂടിയാണ് രാഷ്ട്രീയകൊലപാതകത്തിന്റെ ഇരകള്‍ എന്നും അണികള്‍ മാത്രമായിരിക്കുമെന്നും എന്നാല്‍ കൊവിഡിന് നേതാക്കളെന്നും പ്രവര്‍ത്തകരെന്നും വ്യത്യസമില്ലെന്നും ചൂണ്ടിക്കാട്ടി സിദ്ദിഖ് പോസ്റ്റിട്ടത്.

അതേസമയം കൊവിഡ് ബാധിതരായ പിണറായി വിജയന്റേയും ഉമ്മന്‍ ചാണ്ടിയുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് പിണറായി വിജയന്‍. തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി.

വോട്ടെടുപ്പ് കഴിഞ്ഞ ഏപ്രില്‍ ആറിനാണ് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊലചെയ്യപ്പെടുന്നത്. മന്‍സൂറിന്റെ സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് പോയാണ് ആക്രമിച്ചതെന്ന് മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ പറഞ്ഞിരുന്നു.

ഡി.വൈ.എഫ്.ഐ നേതാവ് കെ. സുഹൈല്‍ ആണ് മുഖ്യ ആസൂത്രകനെന്നും 25 പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളില്‍ 11 പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

മന്‍സൂറിന്റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്സാപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിനെ ആക്രമിക്കാമെന്ന തരത്തിലുള്ള വാട്സാപ്പ് സന്ദേശങ്ങള്‍ ഫോണിലുണ്ടായിരുന്നു. ബോംബും വടിവാളുകളും ശേഖരിച്ചതും വാട്സാപ്പ് വഴിയെന്നാണ് പൊലീസിന്റെ നിഗമനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Siddiq says About political Murder