തലൈവര്‍ ചിത്രം ജയിലറിലൂടെ നിമിഷങ്ങള്‍ മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട് നരസിംഹയായി നിറഞ്ഞ് നിന്ന് പ്രേക്ഷക കൈയടി നേടിയ നടനാണ് ശിവ രാജ്കുമാര്‍. ഗോസ്റ്റ് എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ബോക്‌സ് ഓഫീസില്‍ വേട്ടക്കിറങ്ങുകയാണ് ആരാധകരുടെ ശിവണ്ണാ.
ജയിലറിലെ നരസിംഹനെന്ന വേഷം ഇത്ര വലിയ ആഘോഷമാവുമെന്ന് കരുതിയില്ല എന്നാണ് ശിവ രാജ്കുമാര്‍ പറയുന്നത്. ബിഹൈന്‍ഡ് വുഡ്സിനോട് സംസാരിക്കുകയായിരുന്നു താരം.
രജനി സര്‍ ഉള്ളതുകൊണ്ടാണ് ഞാന്‍ ജയിലര്‍ സിനിമ ചെയ്യുന്നത്. നെല്‍സണ്‍ന്റെ ഫിലിം മേക്കിങ് എനിക്കൊരുപാടിഷ്ടമാണ്. വളരെ സീരിയസ് ആയിട്ടുള്ള സിനിമയാണെങ്കിലും ചെറിയ തമാശകള്‍ നെല്‍സണ്‍ തന്റെ സിനിമയില്‍ കൊണ്ടുവരാറുണ്ട്.
സിനിമയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും കഥയെന്താണെന്നുമൊന്നും ഞാന്‍ നോക്കിയില്ല. രജനി സാര്‍ ഉള്ളതുകൊണ്ട് മാത്രമാണ് കഥ പോലും കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ ജയിലറില്‍ അഭിനയിച്ചത്. പക്ഷെ എനിക്കറിയില്ല എങ്ങനെയാണ് ഞാന്‍ അഭിനയിച്ച നരസിംഹ എന്ന കഥാപാത്രം പ്രേക്ഷകര്‍ വലിയ രീതിയില്‍ ഏറ്റെടുത്തതെന്ന്.
അതില്‍ എന്തു മാജിക്കാണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഇപ്പോള്‍ ഞാന്‍ എവിടെയെങ്കിലും പോകുമ്പോള്‍ നരസിംഹ ആയിട്ടാണ് എല്ലാവരും എന്നെ കാണുന്നത്. ചെയ്ത ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നത് വളരെ എളുപ്പം സംഭവിക്കുന്ന ഒന്നല്ല.
സാധാരണ പ്രേക്ഷകര്‍ എന്നെ സത്യാ, ഓം, തകുരു എന്നെല്ലമാണ് വിളിക്കാര്‍. ഇതെല്ലാം ഞാന്‍ നായക വേഷത്തില്‍ എത്തിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ്. എന്നാല്‍ വളരെ കുറച്ചുനിമിഷങ്ങളില്‍ മാത്രമാണ് ഞാന്‍ നരസിംഹയായി സ്‌ക്രീനില്‍ നിന്നിട്ടുള്ളു.
ജയിലര്‍ സിനിമയിലെ വിനായകന്റെ പ്രകടനം അതിഗംഭീരമായിരുന്നു. വില്ലന്‍ വേഷത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ഹ്യൂമര്‍ എക്‌സ്പ്രഷന്‍സ് വിനായകന്‍ ഒരുപാട് കൊണ്ടുവരുന്നുണ്ട്. ആ കാര്യത്തില്‍ മലയാളികള്‍ വളരെ കഴിവുള്ളവരാണെന്ന് തോന്നിയിട്ടുണ്ട്.
കഥാപാത്രത്തിനനുസരിച്ച് ഭാവ പ്രകടനങ്ങള്‍ വളരെ മനോഹരമായി പെട്ടെന്ന് അവര്‍ ചെയ്യും. തിലകന്‍ സാറിന്റെ അഭിനയം എനിക്ക് ഏറെ ഇഷ്ടമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എല്ലാവര്‍ക്കും പ്രത്യേകമായ ഓരോ അഭിനയ രീതിയാണ്.