തൊട്ടാല്‍ കൈ പൊള്ളുമെന്ന് അറിയാം; നമ്മുടെ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സര്‍ക്കസാണ് ഈ സിനിമയിലൂടെ കാണിക്കുന്നത്: ഷൈന്‍ ടോം ചാക്കോ
Entertainment news
തൊട്ടാല്‍ കൈ പൊള്ളുമെന്ന് അറിയാം; നമ്മുടെ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സര്‍ക്കസാണ് ഈ സിനിമയിലൂടെ കാണിക്കുന്നത്: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th December 2022, 3:35 pm

ഭാരത സര്‍ക്കസ് നടക്കുന്നത് കൂടാരത്തിലല്ലെന്നും സര്‍ക്കാര്‍ ഓഫീസിലാണെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ. മനുഷ്യര്‍ സ്വതന്ത്രമായി ചിന്തിക്കുന്നില്ലായെന്നും, ആരുടെയെങ്കിലും ചിന്തകള്‍ക്ക് പിന്നാലെയാണ് പോകുന്നത് എന്നും താരം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഭാരത സര്‍ക്കസ് നടക്കുന്നത് ഏത് കൂടാരത്തിലാണെന്ന് മാത്രം ചോദിക്കരുത്. നമ്മുടെ സര്‍ക്കാര്‍ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന സര്‍ക്കസാണ് സിനിമയില്‍ കാണിക്കുന്നത്. അത് രാവിലെ പത്ത് മുതല്‍ അഞ്ച് വരെ നടന്നുകൊണ്ടിരിക്കും. അഞ്ച് മണിക്ക് ശേഷം നിര്‍ത്തുമെന്നാണ് ഞാന്‍ കരുതുന്നത്.

ഈ സിനിമയിലെ പ്രധാന സര്‍ക്കസ് എന്താണെന്ന് ചോദിച്ചാല്‍, നമ്മള്‍ ഒറ്റ ജനതയാണ് ഒറ്റ ഭാരതമാണ് എന്ന് പറയുന്നിടത്തും പല ജാതികളും മതങ്ങളുമുണ്ട് എന്നതാണ്. ഇങ്ങനെ പല കാര്യങ്ങളും ഈ സര്‍ക്കസിന്റെ ഭാഗമായി ഉയര്‍ന്നുവരും. തൊട്ടാല്‍ കൈ പൊള്ളുന്ന വിഷയം തന്നെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

ഇത്തരത്തില്‍ കൈ പൊള്ളുന്ന വിഷയങ്ങള്‍ തന്നെയാണ് സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നമ്മള്‍ പ്രയോഗിച്ചത്. ഉപ്പിന് കരമടക്കില്ലായെന്ന് അന്ന് നമ്മള്‍ പറഞ്ഞു. അതില്‍ നിന്നും നമ്മള്‍ പലതും പഠിക്കണം. അന്നത്തെ കാലത്തൊക്കെ അതൊന്നും ചെയ്യുന്നത് അത്ര എളുപ്പമല്ലായിരുന്നു.

ആ കാര്യങ്ങളൊക്കെ ചെയ്യുമ്പോള്‍ ഉറപ്പായും കൈ പൊള്ളും. ചിലപ്പോള്‍ നമ്മളെ പിടിച്ച് ജയിലിലിടും. പക്ഷെ നമ്മള്‍ സമരങ്ങളൊക്കെ നടത്തിയല്ലോ. അന്ന് അങ്ങനെയൊക്കെ ചെയ്തതുകൊണ്ടാണ് ഇന്ന് നമ്മള്‍ സ്വതന്ത്രമായി നടക്കുന്നത്. എന്നിട്ടും ഇന്നും നമ്മള്‍ ശരിക്കും സ്വതന്ത്രരല്ല. നമ്മുടെ ചിന്തകളില്‍ പോലും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല.

ഇന്നും നമ്മള്‍ ചിന്തിക്കാറുണ്ട്, പക്ഷെ ആരെങ്കിലും ചിന്തിച്ചതിന്റെ അപ്പുറത്തേക്ക് പോകാറില്ല. പണ്ട് ആരോ പറഞ്ഞിട്ടുണ്ട് ഭൂമി ഉരുണ്ടതായിരുന്നു എന്ന്, അല്ലാതെ അതിനുമപ്പുറത്തേക്ക് നമ്മള്‍ ഒന്നും ചിന്തിക്കാറില്ല. നിങ്ങള്‍ പറയുന്നത് പോലെ കിളിപോയ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്ക് മാത്രമേ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പറ്റു.

അങ്ങനത്തെ അവസ്ഥയിലെത്താന്‍ നിങ്ങള്‍ മാനസികമായി നല്ല പണിയെടുക്കണം. അല്ലാതെ ബാക്കിയുള്ളവരെ വെള്ളം കുടിപ്പിക്കുന്നതല്ല പണി,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ലക്ഷ്മണ്‍ കാണിയുടെ ജീവിത കാഴ്ചകളിലൂടെ സഞ്ചരിക്കുന്ന സോഹന്‍ സീനുലാലിന്റെ ഭാരത സര്‍ക്കസാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ബിനു പപ്പു, എം.എ.നിഷാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ഡിസംബര്‍ ഒമ്പതിന് തിയേറ്ററുകളിലെത്തി.

content highlight: actor shine tom chacko talks about his new movie, bharatha circus