‘കണ്ണൂര്‍ സ്‌ക്വാഡ്’ സിനിമയില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നെന്ന് നടന്‍ സത്യരാജ്. സംവിധായകന്‍ താടി കളയാന്‍ പറ്റുമോയെന്ന് ചോദിച്ചിരുന്നെന്നും കളയാന്‍ പറ്റാത്തത് കൊണ്ടാണ് ആ കഥാപാത്രം ചെയ്യാതിരുന്നതെന്നും സത്യരാജ് പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇവിടെ ‘കണ്ണൂര്‍ സ്‌ക്വാഡ്’ സിനിമ നല്ല സൂപ്പര്‍ ഹിറ്റായല്ലേ. അതില്‍ കിഷോര്‍ കുമാര്‍ ചെയ്ത ഒരു കഥാപാത്രമുണ്ട്. ആ കഥാപാത്രത്തിന് എന്നെ വന്നു കണ്ടിരുന്നു. പക്ഷെ സിനിമ ചെയ്യാന്‍ സാധിച്ചില്ല.
ഒരു വര്‍ഷം ഞാന്‍ പതിനഞ്ചു മുതല്‍ ഇരുപത് വരെ സിനിമകള്‍ ചെയ്യുന്നുണ്ട്. എല്ലാത്തിലും താടിയുള്ള ലുക്കിലാണ് അഭിനയിക്കാറുള്ളത്. ഒന്നെങ്കില്‍ താടിയുടെ കട്ടി കുറച്ചുകുറക്കും, അല്ലെങ്കില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പെര്‍ ലുക്കിലാകും. പിന്നെ വിഗ് മാറ്റും.
പക്ഷേ ഒരിക്കലും എനിക്ക് താടി കളയാന്‍ പറ്റില്ല. അതാണ് എന്റെ പ്രശ്‌നം. അതുകൊണ്ടാണ് കണ്ണൂര്‍ സ്‌ക്വാഡ് സിനിമ ചെയ്യാന്‍ പറ്റാതിരുന്നത്. ആ സിനിമ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ കഥ എനിക്ക് ഒരുപാട് ഇഷ്ടടമായി.
ആ സബ്‌ജെക്ട് നന്നായിരുന്നു. സൂപ്പര്‍ ആയിരുന്നു. അതിലെ എനിക്ക് പറഞ്ഞ കാരക്ടറും കൊള്ളാമായിരുന്നു. ഡയറക്ടര്‍ കഥ പറഞ്ഞപ്പോള്‍ ഇഷ്ടടമായതാണ്. അന്ന് ഡയറക്ടര്‍ താടി കളയാന്‍ പറ്റുമോ എന്ന് ചോദിച്ചു. തടി കളയാന്‍ അഞ്ചു നിമിഷം മതി. എന്നാല്‍ അത് വളര്‍ന്നു വരാന്‍ പത്ത് നാല്പത് ദിവസം വേണമെന്ന് ഞാന്‍ പറഞ്ഞു,’ സത്യരാജ് പറയുന്നു.
താന്‍ ‘ഒറ്റ’ സിനിമയില്‍ അഭിനയിക്കാനുള്ള കാരണം റസൂല്‍ പൂക്കുട്ടിയാണെന്നും സത്യരാജ് പറയുന്നുണ്ട്. അദ്ദേഹം കഥ പറയാന്‍ വന്നപ്പോള്‍ താന്‍ കരുതിയത് ബാഹുബലിയും കെ.ജി.എഫും പോലെ വലിയ പടമാകുമെന്നും, എന്നാലത് ഒരു ഫാമിലി സ്റ്റോറിയായിരുന്നെന്നും താരം കൂട്ടിചേര്‍ത്തു.
എനിക്ക് റസൂല്‍ പൂക്കുട്ടി സാറിനോട് ഒരുപാട് ബഹുമാനമുണ്ട്. അദ്ദേഹം ഒരു ഓസ്‌കാര്‍ അവാര്‍ഡ് വിന്നറാണ്. അതുമാത്രമല്ല അദ്ദേഹത്തിന്റെ വര്‍ക്കുകളൊക്കെ വളരെ നല്ലതാണ്. സാര്‍ എന്നെ ‘ഒറ്റ’ സിനിമയ്ക്ക് വേണ്ടി കാണാന്‍ വന്നപ്പോള്‍ ഞാന്‍ കരുതിയത് ബാഹുബലിയും കെ.ജി.എഫും പോലെ വലിയ പടമാകും ഇതെന്നാണ്. എന്നാല്‍ സാര്‍ എന്റെയടുത്ത് വന്ന് പറഞ്ഞത് ഒരു ഫാമിലി സ്റ്റോറിയാണ്.
കഥ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ ഇതെന്താണ് ഇത്ര സോഫ്റ്റ് സ്റ്റോറിയായിരിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. എന്നാല്‍ ആ കഥ നന്നായിരുന്നു. കഥ കേട്ടപ്പോള്‍ ഇഷ്ടടമായത് കൊണ്ടും അതിലെ കഥാപാത്രത്തെ ഇഷ്ടടമായത് കൊണ്ടും ഞാന്‍ ആ സിനിമ ചെയ്യാമെന്ന് ഉടനെ സമ്മതിക്കുകയായിരുന്നു,’ സത്യരാജ് പറഞ്ഞു.
ഒറ്റയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന സത്യരാജിന്റെ ചിത്രം. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം കൂടിയാണ് ഒറ്റ. ഒക്ടോബര്‍ 27 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.
Content Highlight: Actor Sathyaraj Talks About The Reason Behind He Reject Kannur Squad Movie