കൊച്ചി: ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി നടന്‍ സലിം കുമാറും. ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാല്‍ ആവശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന് സലിം കുമാര്‍ പറഞ്ഞു.
പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു സലിം കുമാറിന്റെ പ്രതികരണം. ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ് ഈ വാക്കുകള്‍ ഉദ്ധരിച്ചതെന്ന് സലിം കുമാര്‍ പറഞ്ഞു.
ലക്ഷദ്വീപ് നിവാസികള്‍ക്ക് വേണ്ടി പ്രതികരിക്കേണ്ടതുണ്ടെന്നും അത് നമ്മളുടെ കടമയാണെന്നും സലിം കുമാര്‍ പറഞ്ഞു. ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പേരാണ് ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. രാജ്യസഭാ എം.പി എളമരം കരീം, നടന്‍ പൃഥ്വിരാജ്, നടി റിമ കല്ലിങ്കല്‍, ഫുട്‌ബോള്‍ താരം സി. കെ വിനീത്, ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, ഗീതു മോഹന്‍ദാസ് തുടങ്ങി നിരവധി പേരാണ് ലക്ഷദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്.
സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.
ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.
സലിംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
‘അവര്‍ സോഷ്യലിസ്റ്റുകളെ തേടി വന്നു, ഞാന്‍ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല. പിന്നീടവര്‍ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാന്‍ ഭയപ്പെട്ടില്ല, കാരണം ഞാനൊരു തൊഴിലാളി അല്ല. പിന്നീടവര്‍ ജൂതന്‍മാരെ തേടി വന്നു. അപ്പോഴും ഞാന്‍ ഭയപ്പെട്ടില്ല,
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവില്‍ അവര്‍ എന്നെ തേടി വന്നു. അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.’
– ഇത് പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്. ഈ വാചകങ്ങള്‍ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ്.
ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാല്‍ ആവിശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ചേര്‍ത്ത് നിര്‍ത്താം, അവര്‍ക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മളുടെ കടമയാണ്, കാരണം ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോര്‍ക്കുക.
If they come for me in the morning, they will come for you in the night. Be careful.
#savelakshadweep