മുംബൈ: കര്‍ഷകസമരത്തില്‍ മൗനം പാലിക്കുന്ന സെലിബ്രിറ്റികള്‍ക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് നടന്‍ നസിറുദ്ദിന്‍ ഷായുടെ ട്വീറ്റ് വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണെന്ന ആരോപണവുമായി ഭാര്യ രത്‌ന പഥക് ഷാ.
നസിറുദ്ദിന്‍ ഷായ്ക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്നും കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് ഷാ ഇപ്പോള്‍ നടത്തിയ പ്രസ്താവനയെന്ന പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജ അക്കൗണ്ടില്‍ നിന്നാണെന്നും ഭാര്യ പറഞ്ഞു. എന്‍.ഡി.ടി.വി.യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കര്‍ഷകസമരത്തില്‍ ബോളിവുഡിന്റെ മൗനം ചോദ്യം ചെയ്തുകൊണ്ടുള്ള ട്വീറ്റാണ് നസിറുദ്ദിന്‍ ഷായുടെതെന്ന പേരില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. നിരവധി ദേശീയ മാധ്യമങ്ങളും ഈ ട്വീറ്റ് വാര്‍ത്തയാക്കിയിരുന്നു.
താന്‍ കര്‍ഷകരോടൊപ്പമാണെന്നും കര്‍ഷകര്‍ക്കായി മുന്‍നിര താരങ്ങള്‍ മുന്നോട്ടുവരാത്തതിനെയും രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു ഷായുടെ ട്വീറ്റ്.
‘അവസാനം ശത്രുക്കളുടെ ശബ്ദമല്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും കേള്‍ക്കുക. കൊടും തണുപ്പിനെ പോലും വകവെയ്ക്കാതെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുന്നത്. എനിക്കുറപ്പുണ്ട്. അവരുടെ സമരത്തിന് ഫലമുണ്ടാകും. എല്ലാവരും അവര്‍ക്കൊപ്പം ചേരുന്ന ഒരു ദിവസം വരും. നിശബ്ദരായിരിക്കുന്നത് പീഡകരെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്’, ഷാ പറയുന്നു.
എന്തോ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് ബോളിവുഡിലെ പ്രശസ്തര്‍ ഒന്നും മിണ്ടാത്തതെന്നും അദ്ദേഹം പറഞ്ഞു. ഏഴ് തലമുറയ്ക്ക് വേണ്ടതൊക്കെ സമ്പാദിച്ച താരങ്ങളാണ് ഇപ്പോള്‍ മൗനം പാലിക്കുന്നതെന്നും വായ തുറന്നാല്‍ ഇനി എന്താണ് നഷ്ടപ്പെടാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ചര്‍ച്ചകള്‍ വ്യാപകമായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന് ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്ന വെളിപ്പെടുത്തലുമായി ഭാര്യ രംഗത്തെത്തിയത്. 49000 ഫോളോവേഴ്‌സ് ഉള്ള ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം നസറുദ്ദീന്‍ ഷായുടെ വീഡിയോ അഭിമുഖം ട്വീറ്റ് ചെയ്തിരുന്നു.
കര്‍ഷക സമരത്തെ അനുകൂലിച്ച് അദ്ദേഹം വീഡിയോയില്‍ സംസാരിച്ചിരുന്നു. ഇതാണ് കര്‍ഷകസമരത്തെ അനുകൂലിച്ച് ഷാ എന്ന പേരില്‍ ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തതെന്ന് രത്‌ന പഥക് പറയുന്നു.
ഈ വീഡിയോ മനുഷ്യാവകാശ പ്രസ്ഥാനമായ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസിന് കഴിഞ്ഞമാസം നല്‍കിയ അഭിമുഖത്തില്‍ നിന്നുമാണെന്നാണ് രത്‌ന പറയുന്നത്. ഈ വീഡിയോയില്‍ അദ്ദേഹം കര്‍ഷകരെ പിന്തുണച്ച് സംസാരിക്കുന്ന ഭാഗമുണ്ടെന്നും അവര്‍ പറഞ്ഞു.
2019 മുതല്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് ഈ ട്വീറ്റുകള്‍ വരുന്നത്. ഇതിനെതിരെ സൈബര്‍ സെല്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും രത്‌ന പഥക് ആരോപിച്ചു.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് റിയാന കഴിഞ്ഞ ദിവസം ചെയ്ത ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിയാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.
സച്ചിനുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാമേഖലയില്‍ നിന്നുള്ളവരും റിയാനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.
വിയോജിപ്പുകളുടെ ഈ അവസരത്തില്‍ നമുക്ക് ഒന്നിച്ചു നില്‍ക്കാം. രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് കര്‍ഷകര്‍. സൗഹാര്‍ദ്ദപരമായി തന്നെ ഈ വിഷയത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു’, എന്നായിരുന്നു കോഹ്‌ലിയുടെ ട്വീറ്റ്.
അതേസമയം കര്‍ഷക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ഖാസിപ്പൂരില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഒക്ടോബര്‍ രണ്ട് വരെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. സമരം അക്രമാസക്തമാകില്ലെന്നും സമാധാനപരമായി തന്നെ മുന്നോട്ടുപോകുമെന്നും ടികായത് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക