Entertainment news
അങ്ങനെ ഇടക്കിടക്ക് വിളിക്കാന്‍ പറ്റിയ ആളാണല്ലോ അദ്ദേഹം; തന്റെ പ്രിയതാരത്തെക്കുറിച്ച് മാത്യു തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 11, 04:40 am
Saturday, 11th June 2022, 10:10 am

2019ല്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറിയ നടനാണ് മാത്യു തോമസ്. പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സര്‍പ്രൈസ് ഹിറ്റിലൂടെ മലയാളികളുടെയെല്ലാം ഇഷ്ടം പിടിച്ചുവാങ്ങിയ നടന്‍ കൂടിയാണ് മാത്യു.

വണ്‍ എന്ന സിനിമയില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രത്തെയും മാത്യു അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയോടുള്ള തന്റെ ഇഷ്ടത്തെയും ബഹുമാനത്തെയും കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മാത്യു.

തന്റെ ഏറ്റവും പുതിയ ചിത്രമായ പ്രകാശന്‍ പറക്കട്ടെയുടെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വണ്ണില്‍ മമ്മൂക്കക്കൊപ്പം ഫുള്‍ടൈം ഉണ്ടായിരുന്നു. സിനിമയില്‍ സനല്‍ എന്ന കഥാപാത്രത്തിന് എന്ത് ആവശ്യം ഉണ്ടാകുമ്പോഴും മമ്മൂക്ക ഓടിയെത്തും, റിയല്‍ ലൈഫില്‍ ഇതുപോലെ മമ്മൂക്കയെ വിളിച്ച് സഹായം ചോദിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാത്യു.

”ആ അങ്ങനെ വിളിക്കാന്‍ പറ്റിയ ആളാണല്ലോ മമ്മൂക്ക. അത് അങ്ങനെയല്ല. ഭയങ്കര ബഹുമാനമുള്ള ആളുകളുടെ അടുത്ത് നമുക്ക് കുറച്ച് മാത്രമേ സംസാരിക്കാന്‍ പറ്റുള്ളൂ.

ഞാന്‍ അങ്ങനെ ഒബ്‌സര്‍വ് ചെയ്യുന്ന ഒരാളാണ്, ഷൂട്ടിന്റെ സമയത്തൊക്കെ. അല്ലാതെ എപ്പോഴും പോയി കാണാന്‍ പറ്റുന്ന ഒരാളല്ല.

ഷൂട്ടിന്റെ സമയത്ത് എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഉത്തരം പറയുക, സംസാരിക്കുക എന്നേയുള്ളൂ. അല്ലാതെ ഇടക്കിടക്ക് വിളിക്കുന്ന പരിപാടിയൊന്നുമില്ല,” മാത്യു തോമസ് പറഞ്ഞു.

ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂരാണ് പ്രകാശന്‍ പറക്കട്ടെ സംവിധാനം ചെയ്യുന്നത്.

നിഷ സാരംഗ്, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Content Highlight: Actor Mathew Thomas about Mammootty