Kerala News
ആ ചിരിയും മാഞ്ഞു; മാമുക്കോയ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 26, 07:54 am
Wednesday, 26th April 2023, 1:24 pm

കോഴിക്കോട്: നടന്‍ മാമുക്കോയ(76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.

മലപ്പുറം കാളികാവില്‍ കഴിഞ്ഞ ദിവസം ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ നാടക പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം, നാടകത്തിലൂടെ തന്നെയാണ് സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ഹാസ്യനടന്‍മാരില്‍ ഒരാളായ മാമുക്കോയ വ്യത്യസ്തമായി മലബാര്‍ സംഭാഷണശൈലെ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

450ഓളം സിനിമയില്‍ അഭിനയിച്ച കേരള സര്‍ക്കാറിന്റെ പ്രഥമ ഹാസ്യാഭിനയ പുരസ്‌കാര ജേതാവായിരുന്നു. 1979ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ സിനിമാജീവിതം തുടങ്ങുന്നത്.

തുടര്‍ന്ന് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ അഭിവാജ്യ ഘടകമായിരിന്നു അദ്ദേഹം. നിലവില്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലിലും ഒരു ശ്രദ്ധേയമായ വേഷം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

1946ല്‍ ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനനം