കൊച്ചി: താരസംഘടനയായ അമ്മയുടെ എറണാകുളം കലൂരില്‍ ഒരുങ്ങിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് നടന്‍ മമ്മൂട്ടിയും മോഹന്‍ലാലും. ഉദ്ഘാടന പ്രസംഗത്തില്‍ മമ്മൂട്ടി നടത്തിയ ചില രസകരമായ ഡയലോഗുകളും ഇപ്പോള്‍ വൈറലാകുന്നുണ്ട്.
താന്‍ ഈ എക്‌സ്‌ക്യൂട്ടിവില്‍ മെമ്പറൊന്നുമല്ലെന്നും പിന്നെ കുറിച്ച് പ്രായമായ ആളെന്ന നിലയ്ക്ക് തന്നെ ഇവിടെ ക്ഷണിച്ച് ഇരുത്തിയതാണെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇത് കേട്ടതോടെ സദസിലും വലിയ കയ്യടികള്‍ ഉയര്‍ന്നു.
‘ഉദ്ഘാടന പ്രസംഗമാണ്. ഞാന്‍ മാത്രമല്ല കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്, ഞങ്ങള്‍ രണ്ടുപേരും കൂടിയാണ്. പിന്നെ ഞാന്‍ ഈ എക്‌സിക്യൂട്ടീവില്‍ ഉള്ള ആളല്ല. പിന്നെ കുറച്ച് പ്രായമായ ആളെന്ന നിലയ്ക്ക് എന്നെ ക്ഷണിച്ച് ഇവിടെ ഇരുത്തിയതാണ്. ഒരു സീനിയര്‍ മെമ്പര്‍ എന്നുള്ള നിലയില്‍ (ചിരി).
എന്നെ വിളിച്ചിരുത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നേക്കാള്‍ പ്രായം കുറഞ്ഞ, ചില പ്രായമുള്ള ആള്‍ക്കാരുണ്ട്. അവരെയൊന്നും ക്ഷണിച്ചിട്ടില്ല. എന്തോ ആവട്ടെ. എല്ലാം തീരുമാനിച്ച് അതിന്റെ ചിട്ടവട്ടത്തില്‍ പോകുന്നതുകൊണ്ടാണ്.
എല്ലാവരേയും കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. എല്ലാവരുടേയും നല്ല ഭംഗിയുള്ള മുഖങ്ങളാണ്. ആര്‍ക്കും കാര്യമായി ഒന്നും പറ്റിയിട്ടില്ല. വളരെ സന്തോഷം. ഇതോടെ സദസില്‍ ചിരിയുയര്‍ന്നപ്പോള്‍ ഞാന്‍ പറഞ്ഞത് എല്ലാവരും അവരവരെപ്പറ്റിയാണെന്ന് വിചാരിച്ചാല് മതിയെന്നായിരുന്നു മമ്മൂട്ടിയുടെ അടുത്ത ഡയലോഗ്.
പിന്നെ ഈ ഉദ്ഘാടനപ്രസംഗം എന്ന് പറയുന്നത് ഒരു ചടങ്ങാണ്. യോഗവും കെട്ടിട ഉദ്ഘാടനത്തിന്റെ ഈ പരിപാടികളും ഉദ്ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു’ മമ്മൂട്ടി പറഞ്ഞു.
അതേസമയം ഉദ്ഘാടന വേദിയില്‍ പലരും മാസ്‌ക് ധരിക്കാതെ ഇരുന്നപ്പോള്‍ ചടങ്ങിന് എത്തിയതുമുതല്‍ മാസ്‌ക്ക് മാറ്റാതെയായിരുന്നു മമ്മൂട്ടി വ്യത്യസ്തനായത്.
ഉദ്ഘാടന പ്രസംഗത്തിനായി മമ്മൂട്ടിയെ വേദിയിലേക്ക് ക്ഷണിച്ചത് നടന്‍ സിദ്ദിഖായിരുന്നു. മൈക്കിന് മുന്നിലെത്തിയ മമ്മൂട്ടിയോട് മാസ്‌ക് ഊരിക്കൂടേയെന്ന് സിദ്ദിഖ് ചോദിച്ചപ്പോള്‍ അതിന് താരം നല്‍കിയ മറുപടിയും വൈറലായിട്ടുണ്ട്. മാസ്‌ക് വെച്ചിരിക്കുന്നത് തനിക്ക് അസുഖം വരാതിരിക്കാനല്ലെന്നും മറിച്ച് തനിക്ക് അസുഖമുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് കിട്ടാതിരിക്കാനാണെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.
‘എന്നോട് മാസ്‌ക് ഊരാന്‍ പറയുന്നുണ്ട്. മാസ്‌ക് വെച്ചിരിക്കുന്നത് എനിക്ക് രോഗം പകരാതിരിക്കാനല്ല, എനിക്ക് രോഗമുണ്ടെങ്കില്‍ അത് വേറെ ആര്‍ക്കും പകരാതിരിക്കാനാണ്,’ മമ്മൂട്ടി പറഞ്ഞു.
മുഖം എല്ലാവരും ഒന്ന് കണ്ടോട്ടെ, കുറച്ച് നേരത്തേക്കല്ലേ എന്ന് സിദ്ദിഖ് വീണ്ടും ചോദിച്ചപ്പോള്‍ മമ്മൂട്ടി മാസ്‌ക് മാറ്റി. മമ്മൂട്ടിയുടെ മുഖം കണ്ടതോടെ സദസില്‍ നിന്ന് വലിയ കയ്യടിയും ഉയര്‍ന്നു. തത്ക്കാലം ഇത് കയ്യിലിരിക്കട്ടെയന്ന് പറഞ്ഞാണ് മമ്മൂട്ടി സംസാരം തുടങ്ങിയത്.
ഏതായാലും വീണ്ടും ഒരിക്കല്‍ കൂടി കുറച്ചുപേരെയങ്കിലും കാണാന്‍ സാധിച്ചതില്‍ സന്തോഷം. നമ്മുടെ സന്തോഷകരമായ ഒരു ദിവസം എന്ന് പറയുന്നത് വര്‍ഷത്തിലുണ്ടാകുന്ന ജനറല്‍ ബോഡിയാണ്. ജനറല്‍ ബോഡിയില്‍ നമ്മള്‍ കാര്യങ്ങള്‍ സംസാരിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു.
വിവാദങ്ങളോ വാദപ്രതിവാദങ്ങളല്ലോ അല്ല മറിച്ച് നമ്മുടെ സന്തോഷകരമായ കാര്യം എന്ന് പറയുന്നത് നമ്മള്‍ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്നതാണ്.
സ്‌കൂളില്‍ പഠിച്ച കുട്ടികള്‍ തിരിച്ചുവരുന്നതുപോലെ, ബാല്യകാലസുഹൃത്തുക്കള്‍ കാണുന്നതുപോലെയാണ് ആ സമയങ്ങള്‍ കടന്നുപോകുന്നത്. ഇങ്ങനെയൊരു കാര്യം നടന്നത് സന്തോഷമാണ്. ഇവിടെ വരാന്‍ പറ്റാത്ത ചിലരുണ്ട്. അതില്‍ കാരണങ്ങളുണ്ടാകും’ മമ്മൂട്ടി പറഞ്ഞു.
അമ്മ സംഘടനയുടെ പുതിയ കെട്ടിട ഉദ്ഘാടനത്തോട് അനുബന്ധിച്ച് അമ്മ സംഘടനയിലെ 140 താരങ്ങള്‍ ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.
സിനിമ സംവിധാനം ചെയ്യുക പ്രിയദര്‍ശന്‍ ആണ്. ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ടി.കെ രാജീവ് കുമാറാണ്. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള ധനശേഖരണാര്‍ത്ഥമാണ് ചിത്രം ഒരുക്കുന്നത്. എന്നാല്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. ചിത്രത്തിന്റെ പേര് നിര്‍ദേശിക്കാന്‍ പ്രേക്ഷകര്‍ക്കായി ഒരു മത്സരവും ‘അമ്മ’ സംഘടന ഒരുക്കുന്നുണ്ട്. നേരത്തെ ട്വന്റി 20 എന്ന സിനിമ അമ്മ സംഘടനയ്ക്കായി ഒരുക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക