Advertisement
Entertainment
ഞാന്‍ മാത്രമല്ല, തമിഴ് ഇന്‍ഡസ്ട്രി മുഴുവന്‍ ആകാംക്ഷയോടെ ആ സിനിമക്കായി കാത്തിരിക്കുന്നുണ്ട്: മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 09, 03:36 pm
Sunday, 9th March 2025, 9:06 pm

തമിഴിലെ മികച്ച താരങ്ങളിലൊരാളാണ് മാധവന്‍. ചോക്ലേറ്റ് ഹീറോയായാണ് മാധവന്‍ സിനിമയിലേക്കെത്തിയത്. അലൈപായുതേ, മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍ എന്നീ ചിത്രങ്ങളിലൂടെ റൊമാന്റിക് ഹീറോയായി തിളങ്ങിയ മാധവന്‍ ലിംഗുസാമി സംവിധാനം ചെയ്ത റണ്‍ എന്ന ചിത്രത്തിലൂടെ ആക്ഷന്‍ റോളുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. തമിഴിന് പുറമെ കന്നഡ, തെലുങ്ക്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചു. റോക്കട്രി എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

തമിഴില്‍ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന തഗ് ലൈഫ് എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മാധവന്‍. സിനിമയിലെ തന്റെ ഗുരുവായ മണിരത്‌നവും സകലകലാവല്ലഭനായ കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. ചിത്രത്തിന്റെ ഭാഗമല്ലെങ്കിലും തഗ് ലൈഫ് എന്ന സിനിമയുടെ കാര്യത്തില്‍ താന്‍ എക്‌സൈറ്റഡാണെന്ന് മാധവന്‍ പറഞ്ഞു.

ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസങ്ങളാണ് കമല്‍ ഹാസനും മണിരത്‌നവുമെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒന്നിക്കുന്ന ചിത്രത്തിന് തമിഴ് ഇന്‍ഡസ്ട്രി മുഴുവന്‍ കാത്തിരിക്കുകയാണെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് പേരും എക്‌സ്ട്രാ ഓര്‍ഡിനറിയായിട്ടുള്ള സിനിമകള്‍ ഒരുക്കിയവരാണെന്നും മധവന്‍ പറഞ്ഞു.

ഇരുവരും ആദ്യമായി ഒന്നിച്ച സിനിമയായ നായകന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച 100 സിനിമകളുടെ പട്ടികയിലുള്ള ഒന്നാണെന്ന് മാധവന്‍ കൂട്ടിച്ചേര്‍ത്തു. വീണ്ടും അവര്‍ ഒന്നിക്കുമ്പോള്‍ അത് വലിയൊരു ഉത്തരവാദിത്തമായി മാറിയെന്നും അതിനെ കാക്കുന്ന തരത്തില്‍ ഒരു സിനിമയായിരിക്കും തഗ് ലൈഫ് എന്നും മാധവന്‍ പറഞ്ഞു. കുമുദം ചാനലിനോട് സംസാരിക്കുകയായിരുന്നു മാധവന്‍.

‘തഗ് ലൈഫ് എന്ന സിനിമയുടെ കാര്യത്തില്‍ ഞാന്‍ വളരെയധികം എക്‌സൈറ്റഡാണ്. ഞാന്‍ മാത്രമല്ല, തമിഴ് ഇന്‍ഡസ്ട്രി മുഴുവന്‍ ആ സിനിമയുടെ കാര്യത്തില്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ട്. രണ്ട് പേരുടെയും റേഞ്ച് എന്താണെന്ന് നമുക്ക് അറിയാം, അപാരമായ അറിവുള്ള, ഇതിഹാസതുല്യരായ രണ്ടുപേരാണ് അവര്‍.

ഇതിന് മുമ്പ് അവര്‍ ഒന്നിച്ചപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന് നമുക്ക് കിട്ടി. ഏറ്റവും മികച്ച 100 സിനിമകളുടെ ലിസ്റ്റില്‍ ആ പടം ഇടം പിടിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ രണ്ടുപേരം വീണ്ടും ഒന്നിക്കുമ്പോള്‍ പഴയതിനെക്കാള്‍ മികച്ച ഒരു സിനിമ പ്രതീക്ഷിക്കുന്നുണ്ട്. അതിലൂടെ പുതിയ എന്തെങ്കിലും കാര്യം നമുക്ക് പരിചയപ്പെടാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്,’ മാധവന്‍ പറയുന്നു.

Content Highlight: Actor Madhavan saying he and whole Tamil industry waiting for Thug Life movie