വേറെ എന്തൊക്കെയുണ്ട് അളിയാ വിശേഷങ്ങളെന്ന് ചോദിച്ചാലും വീണ്ടും പട്ടിയെക്കുറിച്ചാണ് പറയുക; ലോകത്തിലെ എല്ലാ പട്ടികളുടെ പേരും ഇതായിരിക്കും: ഇന്നസെന്റ്
Entertainment news
വേറെ എന്തൊക്കെയുണ്ട് അളിയാ വിശേഷങ്ങളെന്ന് ചോദിച്ചാലും വീണ്ടും പട്ടിയെക്കുറിച്ചാണ് പറയുക; ലോകത്തിലെ എല്ലാ പട്ടികളുടെ പേരും ഇതായിരിക്കും: ഇന്നസെന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th December 2022, 6:25 pm

സ്വന്തം അനുഭവങ്ങളിലൂടെ ആളുകളെ ചിരിപ്പിക്കുന്ന നടനാണ് ഇന്നസെന്റ്. അത്തരത്തില്‍ അളിയന്റെ വീട്ടിലെ പട്ടിയെക്കുറിച്ച് പറയുകയാണ് താരമിപ്പോള്‍. തന്റെ അളിയന്റെ വീട്ടില്‍ ചെന്നാല്‍ പട്ടിയുടെ കാര്യം മാത്രമാണ് സംസാരിക്കുകയെന്നും തനിക്ക് കേള്‍ക്കാന്‍ താല്‍പര്യമുണ്ടോയെന്നൊന്നും നോക്കാതെയാണ് അളിയന്‍ സംസാരിക്കുകയെന്നും അദ്ദേഹം പറയുന്നു.

പട്ടിയുടെ പേര് കൈസര്‍ എന്നാണെന്നും ലോകത്തിലെ എല്ലാ പട്ടികളുടെ പേരും കൈസര്‍ എന്നാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”വരുന്ന ആളുകള്‍ക്ക് എന്ത് കേള്‍ക്കണമെന്ന താല്‍പര്യമല്ല പറയുന്നയാള്‍ക്ക്. അവര്‍ പറയാന്‍ തീരുമാനിച്ച് ഇറങ്ങുകയാണ്. പല കാര്യങ്ങളെക്കുറിച്ചും പറയും. അതെല്ലാം അവര്‍ക്ക് ഇഷ്ടപ്പെട്ടതായിരിക്കും. നമുക്ക് ഇഷ്ടമുണ്ടോ കേള്‍ക്കാന്‍ എന്ന കാര്യം അവര്‍ നോക്കില്ല.

എന്റെ സ്വന്തം ചേച്ചിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ ചെന്നാല്‍ അദ്ദേഹം പറയുക മക്കളുടെ കാര്യമോ വീട്ടുകാരുടെ കാര്യമോ അല്ല. അവിടത്തെ പട്ടിയുടെ പേര് കൈസര്‍ എന്നാണ്. ലോകത്തിലെ എല്ലാ പട്ടികളുടെ പേരും കൈസര്‍ എന്നാണെന്നാ തോന്നുന്നത്.

അവര്‍ക്ക് തന്നെ നാണക്കേടുണ്ടാകും. പേരൊന്ന് മാറ്റി ഇട്ടൂടെയെന്ന് അവരു തന്നെ ചിന്തിക്കുന്നുണ്ടാകും. ചിലര്‍ ചില അക്രമങ്ങള്‍ ചെയ്യും അയല്‍വക്കത്തെ ആളുകളുടെ പേര് പട്ടിക്കിടും. ഇതൊക്കെ എനിക്ക് തോന്നിയിട്ടുള്ളതാണ്.

ഞാന്‍ അളിയന്റെ വീട്ടില്‍ ചെന്നാല്‍ കൈസര്‍ എന്റെ അടുത്ത് വന്ന് എന്നെ ഒന്ന് സ്‌മെല്‍ ചെയ്യും. അളിയന്‍ അടുത്ത് വന്ന് ചോദിക്കും അവന്‍ നിന്നെ എന്താണ് ചെയ്തതെന്ന് അറിയുമോയെന്ന്. നീ നമ്മുടെ ആളു തന്നെയാണോയെന്ന് അവന്‍ സ്‌മെല്‍ ചെയ്തതാണെന്നാണ് അദ്ദേഹം പറയുക.

വേറെ എന്തൊക്കെയുണ്ട് അളിയാ വിശേഷങ്ങള്‍ എന്ന് ചോദിച്ചാലും അദ്ദേഹം വീണ്ടും പട്ടിയെക്കുറിച്ചാണ് പറയുക. വേറെ ആര് കൊടുത്താലും കൈസര്‍ ഒന്നും തിന്നില്ലെന്നൊക്കെയാണ് അദ്ദേഹം പറയുക.

ആ സമയത്ത് എന്റെ പോക്കറ്റില്‍ ഒരു മിഠായി ഉണ്ടായിരുന്നു. അളിയന്‍ അകത്തേക്ക് പോയപ്പോള്‍ ഞാന്‍ പട്ടിക്ക് മിഠായി കൊടുത്തു. പെട്ടെന്ന് തന്നെ പട്ടി കടിച്ച് മുറിച്ച് തിന്നു. അളിയന്‍ വരുമ്പോള്‍ കാണുന്നത് പട്ടിയുടെ വായില്‍ മിഠായിയാണ്. അദ്ദേഹം ചമ്മി പോയി.

അളിയന്‍ പിന്നെയും പിന്നെയും പട്ടിയെക്കുറിച്ച് തന്നെ പറഞ്ഞു കൊണ്ടിരുന്നു. മക്കള്‍ക്ക് പകരം പട്ടിയെ കുളിപ്പിച്ച് ഡോണ്‍ ബോസ്‌ക്കോയില്‍ കൊണ്ട് ചേര്‍ക്കുമോയെന്നുവരെ എനിക്ക് തോന്നി. പട്ടിയെക്കുറിച്ച് പറയുന്നത് കേട്ടപ്പോള്‍ തമാശക്ക് ഇക്കാര്യം ഞാന്‍ ചേച്ചിയോട് പറഞ്ഞു. അങ്ങനെ ഒരു മനുഷ്യനാണ് എന്റെ അളിയന്‍,” ഇന്നസെന്റ് പറഞ്ഞു.

CONTENT HIGHLIGHT: actor innocent about his brother in law