'നാളെ വിജയ് ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും ചിത്രം പരിഗണിക്കുമോ? ഇല്ലല്ലോ?' പ്രതികരണവുമായി ഇന്ദ്രന്‍സ്
Film News
'നാളെ വിജയ് ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും ചിത്രം പരിഗണിക്കുമോ? ഇല്ലല്ലോ?' പ്രതികരണവുമായി ഇന്ദ്രന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th May 2022, 11:17 am

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും ഹോം സിനിമ ഒഴിവാക്കിയതില്‍ പ്രതികരണവുമായി നടന്‍ ഇന്ദ്രന്‍സ്. ജൂറി ഹോം കണ്ടിട്ടില്ല എന്നത് ഉറപ്പാണെന്നും വിജയ് ബാബു ഒരു കേസില്‍ പ്രതിയായി എന്ന് വെച്ച് സിനിമയെ മുഴുവന്‍ ഒഴിവാക്കണമായിരുന്നോ എന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഹോം ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവെച്ചിട്ടുണ്ടാവും. കുടുംബത്തില്‍ ആരെങ്കിലും ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കുടുംബക്കാരെയെല്ലാം പിടിച്ചുകൊണ്ട് പോവുമോ? അങ്ങനെയാണെങ്കിലും അത് ആരോപണമായി നില്‍ക്കുകയല്ലേ, അതില്‍ വിധിയൊന്നും വന്നിട്ടില്ലല്ലോ.

കലയെ കലയായിട്ടാണ് കാണേണ്ടത്. കലയെ കശാപ്പ് ചെയ്യാന്‍ പാടില്ല. ഒരു വീട്ടില്‍ ഒരു കുട്ടി തെറ്റ് ചെയ്താല്‍ എല്ലാവരെയും അടിക്കുമോ? എത്രയോ പേരുടെ അധ്വാനത്തിന്റെ ഫലമാണ് സിനിമ. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരുപാട് കലാകാരന്മാരുണ്ട്. അവരുടെ അധ്വാനത്തെ കണ്ടില്ലയെന്ന് നടിച്ചതില്‍ നിരാശയുണ്ട്. അവര്‍ക്ക് സിനിമയുടെ പിന്നിലെ ചതിക്കുഴിയൊന്നും അറിയില്ല.

ഹോം സിനിമയെ അവാര്‍ഡില്‍ നിന്നും പൂര്‍ണ്ണമായി അവഗണിച്ചതില്‍ വിഷമമുണ്ട്. ജൂറി ഈ ചിത്രം കണ്ടിട്ടില്ല എന്നുറപ്പാണ്. കാണരുതെന്ന് ആഗ്രഹിച്ചവരും ഉണ്ടായിരുന്നിരിക്കാം. ജനങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലോ എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തുന്നത്. അവരുടെ മനസില്‍ ആ സിനിമയുണ്ട്. രമ്യാനമ്പീശനും വി.ടി ബലറാമുമൊക്കെ സിനിമ കണ്ടിട്ടുണ്ട് അതുകൊണ്ടാണ് അവരും ഞങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയത്.

അവഗണിച്ചതിനുള്ള കാരണം വിജയബാബുവിന്റെ വിഷയമാണെങ്കില്‍ അതൊരു നല്ല പ്രവണതയല്ല. അങ്ങനെയൊരു കീഴ്‌വഴക്കം ഉണ്ടാകുന്നത് ശരിയല്ല. വിജയ് ബാബു പ്രതിയാണെന്ന് തെളിഞ്ഞിട്ടില്ല. നാളെ വിജയ് ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും ചിത്രം പരിഗണിക്കുമോ? ഇല്ലല്ലോ?

എനിക്ക് അവാര്‍ഡ് കിട്ടാത്തത്തില്‍ വിഷമമില്ല. ചിത്രം പരിഗണിക്കാത്തതില്‍ വിഷമമുണ്ട്. ബിജുവും ജോജുവും എന്റെ കൂട്ടുകാരാണ്. അവര്‍ക്ക് കിട്ടിയതില്‍ സന്തോഷം മാത്രമേയുള്ളൂ. അവാര്‍ഡിന് വേണ്ടിയല്ല ഞാന്‍ അഭിനയിക്കുന്നത്,’ ഇന്ദ്രന്‍സ് പറഞ്ഞു.

Content Highlight: Actor Indrans reacts to the omission of Home Cinema from the State Film Awards