Malayalam Cinema
'മരിക്കുന്നതിന്റെ തലേദിവസം അച്ഛന്‍ ആ പാട്ടുപാടാന്‍ ആവശ്യപ്പെട്ടു': പാട്ടോര്‍മ്മകളുമായി ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 17, 11:27 am
Thursday, 17th December 2020, 4:57 pm

ജീവിതത്തിലെ ചില പാട്ടോര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ ഇന്ദ്രജിത്ത്. തന്റെ പ്രിയപ്പെട്ടവരെ ഓര്‍ക്കുമ്പോള്‍ മനസില്‍വരുന്ന പാട്ടുകളെ കുറിച്ചാണ് താരം സംസാരിക്കുന്നത്. സെലിബ്രറ്റി കോര്‍ഡിനേറ്ററും കാസ്റ്റിങ് ഡയരക്ടറുമായ ഷനീം സയ്യിദുമായി നടത്തിയ അഭിമുഖത്തിലായിരുന്നു താരം തന്റെ കുട്ടിക്കാലത്തെ കുറിച്ചും പാട്ടോര്‍മ്മകളെ കുറിച്ചും വാചാലനായത്.

ജീവിതത്തില്‍ പ്രിയപ്പെട്ട ചിലയാളുകളുടെ പേര് പറയുമ്പോള്‍ മനസില്‍ വരുന്ന ഗാനം പാടാനായിരുന്നു അഭിമുഖത്തിലെ ഒരു ടാസ്‌ക്. പൂര്‍ണിമയെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന ഗാനം ഏതാണെന്ന ചോദ്യത്തിന് ‘ ഏക് ലഡ്കി കോ ദേക്കാ തോ ഏസാ ലഗാ’ എന്ന ഗാനമായിരുന്നു ഇന്ദ്രജിത്ത് പാടിയത്.

ഈ ഗാനമാണ് തങ്ങളെ ആദ്യം കണക്ട് ചെയ്തതെന്നും പൂര്‍ണിമ ഗസ്റ്റ് ആയി വന്ന ഒരു പരിപാടിയില്‍ താന്‍ സ്‌റ്റേജില്‍ പാടിയ ഗാനമാണ് ഇതെന്നും അന്നാണ് തങ്ങള്‍ ആദ്യമായി അടുത്തിരുന്ന് സംസാരിച്ചതെന്നും ഇന്ദ്രജിത്ത് പറയുന്നു.

അച്ഛനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന പാട്ട് ഏതാണെന്ന ചോദ്യത്തിന് ‘ 90 കളിലെ റൊമാന്റിക് ഹിറ്റ് ഗാനമായ ‘മേം കോയി ഏസാ ഗീത് ഗാവൂം കേ ആര് സൂ ജഗാവൂ.. അഗര്‍ തും കഹോ’ എന്ന പാട്ട് പാടുകയായിരുന്നു ഇന്ദ്രജിത്ത്. ഇതിനൊപ്പം ആ പാട്ടിന് പിന്നിലെ കഥയും താരം പങ്കുവെച്ചു.

‘അച്ഛന്‍ മരിക്കുന്നതിന്റെ രണ്ട് ദിവസം മുന്‍പാണ് ഈ പാട്ട് പാടുന്നത്. അച്ഛന്‍ ഐ.സി.യുവിലായിരുന്നു ഒരു മൂന്ന് ദിവസം. അതുകഴിഞ്ഞ് അച്ഛനെ റൂമിലേക്ക് കൊണ്ടുവന്നു. രണ്ട് ദിവസം റൂമില്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ് അച്ഛന് സെക്കന്റ് അറ്റാക്ക് വരുന്നതും അച്ഛന്‍ പോകുന്നതും.

ആ സമയത്താണ് ഈ സിനിമ ഇറങ്ങിയത് ഞാന്‍ ആ സമയത്ത് സ്‌കൂളില്‍ ഈ പാട്ട് പാടിയിരുന്നു. അമ്മ അക്കാര്യം അച്ഛനോട് പറഞ്ഞിരുന്നു. റൂമില്‍ ഞാന്‍ വന്ന സമയത്ത് അച്ഛന്‍ എന്നോട് പറഞ്ഞു’ നീ പുതിയ പാട്ട് പാടിയെന്ന് കേട്ടല്ലോ അതൊന്ന് പാടിക്കേ’, അങ്ങനെ അച്ഛന് അവസാനമായി പാടിക്കൊടുത്ത പാട്ടാണ് ഇത്.

അച്ഛന്‍ കണ്ണാടിയൊക്കെ ഇട്ട് പത്രമൊക്കെ പിടിച്ച് ആ പാട്ടൊന്ന് പാടെടാ എന്ന് പറഞ്ഞു, മരിക്കുന്നതിന്റെ തലേദിവസമാണ്. അവസാനം അച്ഛന് പാടിക്കൊടുത്ത പാട്ട് ഇതാണ്.

മക്കളെ കുറിച്ച് പറയുമ്പോള്‍ ഓര്‍മ്മവരുന്ന പാട്ട് ഏതെന്ന ചോദ്യത്തിന് പ്രാര്‍ത്ഥന പാടി പോപ്പുലറായ ലാലേട്ടാ എന്ന സോങ് തന്നെയാണ് ഓര്‍മ്മ വരുന്നത് എന്നായിരുന്നു ഇന്ദ്രജിത്തിന്റെ മറുപടി. ആ പാട്ട് വളരെ പോപ്പുലറായി. മാത്രമല്ല അന്നവള്‍ക്ക് 12 വയസുമാത്രമേ ഉണ്ടായിരുന്നുള്ളൂ.

രണ്ടാമത്തെ ആള്‍ നക്ഷത്രയ്ക്ക് ‘ചാഞ്ചാടിയാടി’ എന്ന പാട്ട് വളരെ ഇഷ്ടമായിരുന്നു. അവളുടെ ഉച്ചാരണം പോലും ശരിയാവാത്ത സമയത്ത് ഇത് പാടുമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Indrajith Remembers father Sukumaran