മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലികില്‍ അഭിനയിക്കാനെത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടിയുമായി ഫഹദ് ഫാസില്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ഫഹദ് ഫാസില്‍ മഹേഷ് തന്നെ സിനിമയിലേക്ക് തെരഞ്ഞെടുക്കാനുണ്ടായ കാരണത്തെ കുറിച്ച് സംസാരിച്ചത്.
മാലിക് വളരെ നേരത്തെ തന്നെ ചെയ്യാന്‍ വെച്ചിരുന്ന പടമായിരുന്നെന്നും ടേക്ക് ഓഫിന് മുന്‍പ് ഫഹദിനോട് പറയുന്ന ആദ്യ കഥ മാലികിന്റേതായിരുന്നെന്നും മഹേഷ് പറഞ്ഞു. ഇതിന് പിന്നാലെയാണ് താന്‍ പെട്ടുപോയതാണെന്നും ആദ്യം കഥ പറഞ്ഞതുകൊണ്ട് പിന്നെ മാറ്റി പറയാന്‍ പറ്റിയില്ലെന്നും ഫഹദ് ഫാസില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞത്.
എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്നായിരുന്നു മഹേഷ് ഇതിന് പിന്നാലെ പറഞ്ഞത്. ‘ഞാന്‍ ഫഹദിനോട് ആദ്യം പറയുന്ന കഥയാണിത്. ഞാന്‍ ആദ്യം ചെയ്യേണ്ട പടമായിരുന്നു. 2011ല്‍ ബാംഗ്ലൂരില്‍ വെച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ സിനിമയാണിത്. ചെയ്യാന്‍ 2019 ആയി.
സിനിമ വൈകാന്‍ കാരണം ബജറ്റായിരുന്നു. ഇത്രയും ബജറ്റ് വേണമെങ്കില്‍ നമ്മള്‍ ആദ്യം ഒരു സിനിമ ചെയ്ത് തെളിയിക്കണം. ടേക്ക് ഓഫ് വിജയിച്ചില്ലായിരുന്നെങ്കില്‍ മാലിക് നടക്കില്ലായിരുന്നു,’ മഹേഷ് നാരായണന്‍ പറഞ്ഞു.
ആമസോണ്‍ പ്രൈമില്‍ ജൂലൈ 15നാണ് മാലിക് റിലീസ് ചെയ്യുന്നത്. നേരത്തെ തിയേറ്ററിലെത്തുമെന്ന് അറിയിച്ച ചിത്രത്തിന്റെ റിലീസ് കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പല തവണ മാറ്റിവെച്ചിരുന്നു.
2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു.
പിന്നീട് രണ്ടാം തരംഗം ശക്തമായതോടെയാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു.
സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.
ടേക്ക് ഓഫിനും സീ യു സൂണിനും ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.