Entertainment
ജാതിയില്‍ വിശ്വാസമില്ല, അനൂപ് മേനോനിലെ മേനോന്‍ ഒരു പേരായിട്ടേ കണക്കാക്കുന്നുള്ളൂ

താന്‍ വിശ്വസിക്കുന്നത് മനുഷ്യരിലും മനുഷ്യത്വത്തിലുമാണെന്നും ജാതിയിലും മതത്തിലുമല്ലെന്നും നടനും സംവിധായകനുമായ അനൂപ് മേനോന്‍.

തന്റെ പേരിലെ മേനോന്‍ എന്നത് ഒരു പേരായിട്ട് മാത്രമേ കാണുന്നുള്ളൂവെന്നും അതുകൊണ്ടാണ് അത് വെട്ടിക്കളയാത്തതെന്നും അനൂപ് മേനോന്‍ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മീഡിയയോട് സംസാരിക്കുകയായിരുന്നു അനൂപ് മേനോന്‍.

താന്‍ വിവാഹം കഴിച്ചത് തന്റെ ജാതിയില്‍പ്പെട്ട ആളെയല്ലെന്നും പരമ്പരാഗത രീതിയിലുള്ള വിവാഹമായിരുന്നില്ല അതെന്നും അത്തരത്തിലുള്ള സൊസൈറ്റിയുടെ ഒരു റൂളും ഒരു കാലത്തും തന്നെ ബാധിച്ചിട്ടില്ലെന്നും അനൂപ് മേനോന്‍ പറയുന്നു.

‘ഞാന്‍ ഹ്യുമാനിറ്റിയില്‍ മാത്രം വിശ്വസിക്കുന്ന ആളാണ്. അനൂപ് മേനോനിലെ മേനോനെ ഞാന്‍ പേരായിട്ടേ കാണുന്നുള്ളൂ. ജാതിപ്പേരായി കാണുന്നില്ല.

എവിടേയും അത് കാണിച്ചിട്ടില്ല. അത് കട്ട് ചെയ്യാനും തോന്നിയിട്ടില്ല. ഞാന്‍ അത് വിശ്വസിക്കുന്നില്ല എന്നതാണ്. ഞാന്‍ കല്യാണം കഴിച്ചത് മറ്റൊരു ജാതിയില്‍ നിന്നാണ്.

പരമ്പരാഗത വിവാഹത്തിലോ ആ രീതിയിലോ അല്ല കല്യാണം കഴിച്ചത്. അങ്ങനെ ഒരു സമയത്തും അല്ല, അങ്ങനെ ഒരു ആളേയുമല്ല വിവാഹം കഴിച്ചത്. പിന്നെ അത്തരത്തിലുള്ള സൊസൈറ്റിയുടെ ഒരു റൂളും ഒരു കാലത്തും എന്നെ ബാധിച്ചിട്ടില്ല.

കമ്യൂണസത്തേക്കാള്‍ ഞാന്‍ വിശ്വസിക്കുന്ന ഹ്യുമാനിസത്തിലാണ്. മാന്‍ടു മാന്‍ വിമണ്‍ ടു വിമണ്‍ എന്ന് പറയുന്ന ഒരു കാര്യമുണ്ട്. അത് ദൈവ സങ്കല്‍പ്പത്തില്‍ ആയാല്‍ പോലും മത സങ്കല്‍പ്പത്തില്‍ ആയാല്‍ പോലും എനിക്കതില്‍ നിശിതമായ ഒരു കാഴ്ചപ്പാടുണ്ട്.

പ്രാര്‍ത്ഥിക്കുന്നതൊന്നും ഒരിക്കലും തെറ്റല്ല. ദൈവ ഭയം എന്നൊരു സാധനം ഇല്ലെങ്കില്‍ നമ്മളൊക്കെ ബാര്‍ബേറിയന്‍സ് ആയിപ്പോകും. വലിയ പ്രവാചകരെല്ലാം തന്നെ നമ്മള്‍ കാടന്‍മാരായി പോകാതിരിക്കാന്‍ ഉണ്ടാക്കിയ ഒരു കാര്യമാണ് അത്.

എന്തിനെയെങ്കിലും പേടിക്കണ്ടേ. അല്ലെങ്കില്‍ നമുക്ക് ഒരാളെ തല്ലാം കൊല്ലാം എന്ന അവസ്ഥ വരില്ലേ. പേടി അത്യാവശ്യമുള്ള കാര്യമാണ്. ആ പേടിയിലാണ് ഒരു സൊസൈറ്റി ഉരുണ്ട് മറിഞ്ഞ് അപ്പുറത്തേക്ക് പോകുന്നത്,’ അനൂപ് മേനോന്‍ പറഞ്ഞു.

Content Highlight: Actor Director Anoop Menon about Caste Sysytem and Humanity