Entertainment news
സുകുമാരനൊപ്പം അഭിനയിക്കാന്‍ പല നടന്മാരും വിസമ്മതിച്ചു, മധു സാറാണ് പ്രശ്‌നം പരിഹരിച്ചത്: ദിനേഷ് പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 09, 04:25 am
Sunday, 9th April 2023, 9:55 am

നടന്‍ സുകുമാരനോടൊപ്പം അഭിനയിക്കാന്‍ പല നടന്മാരും വിസമ്മതിച്ചിരുന്നുവെന്ന് പ്രൊഡ്യൂസര്‍ ദിനേഷ് പണിക്കര്‍. എന്തുകൊണ്ടാണ് അവര്‍ വിസമ്മതിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ഒടുവില്‍ മധുവിനെ കൊണ്ടുവന്നാണ് താന്‍ പ്രശ്‌നം പരിഹരിച്ചതെന്നും ദിനേഷ് പണിക്കര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സുകുവേട്ടന്‍ പടങ്ങള്‍ ഒന്നും ചെയ്യാത്ത സമയത്താണ് അദ്ദേഹത്തെ പുതിയ പടം ചെയ്യാന്‍ ഞാന്‍ വിളിച്ചത്. കഥ പറഞ്ഞപ്പോഴേക്കും അദ്ദേഹം എല്ലാം സമ്മതിച്ചു. പൈസയുടെ കാര്യത്തില്‍ അദ്ദേഹം കിറുകൃത്യമാണ്.

സെറ്റില്‍ എത്തിയാല്‍ ഉടനെ പൈസകിട്ടണമെന്നും ഷൂട്ട് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ബാക്കി പൈസ തരണമെന്നും പറയും. അദ്ദേഹം സെറ്റില്‍ ജോയിന്‍ ചെയ്ത് ഉച്ച സമയത്തോട് അടുത്തപ്പോഴേക്കും അവിടെ നിന്നും ഇവിടെ നിന്നുമായി എനിക്ക് ചെറിയ അസ്വാരസ്യങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങി.

സുകുമാരനെ ഇട്ടതില്‍ പ്രശ്‌നമുണ്ടെന്ന് ചിലര്‍ വന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് എനിക്ക് ശരിക്ക് മനസിലായില്ല. സുകുവേട്ടന്റെ അടുത്ത് ചെന്നപ്പോള്‍ അതൊന്നും നോക്കേണ്ട വര്‍ക്ക് നടക്കട്ടെയെന്ന് പറഞ്ഞു.

പിറ്റേദിവസം നരേന്ദ്ര പണിക്കര്‍ സാറിന്റെ സീനായിരുന്നു ഷൂട്ട് ചെയ്യേണ്ടത്. അദ്ദേഹത്തെ വീട്ടില്‍ വിളിക്കാന്‍ ചെന്നപ്പോള്‍ ഒന്നും വിചാരിക്കരുത് സുകുമാരന്റെ കൂടെ അഭിനയിക്കാന്‍ എനിക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞു. കാരണം പറയുന്നില്ല, എല്ലാവരും ബുദ്ധിമുട്ട് ഉണ്ടെന്ന് മാത്രമെ പറയുന്നുള്ളൂ.

എല്ലാം കൂടി ഞാന്‍ അവതാളത്തിലായി. വേറെയും രണ്ടു മൂന്ന് ആര്‍ട്ടിസ്റ്റുകള്‍ കൂടെ സുകുമാരന്റെ കൂടെ അഭിനയിക്കുന്നതില്‍ നിന്നും വിസമ്മതിച്ചു.

മധുസാറിനെ വിളിച്ചിട്ട് സുകുവേട്ടനെ വിളിച്ച് പ്രശ്‌നം സോള്‍വ് ചെയ്യുമോയെന്ന് ചോദിച്ചു. പ്രശ്‌നം എല്ലാം അദ്ദേഹം സോള്‍വാക്കി തന്നു. എന്താണ് കാരണം എന്നെനിക്ക് അറിയില്ല,” ദിനേഷ് പണിക്കര്‍ പറഞ്ഞു.

content highlight: actor dinesh panicker about sukumaran