കൊച്ചി: സംസ്ഥാന സര്‍ക്കാരിനും റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റര്‍ എം.വി. നികേഷ് കുമാറിനും റിപ്പോര്‍ട്ടര്‍ ചാനലിനും വക്കീല്‍ നോട്ടിസയച്ച് നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപ്. കേസില്‍ ദിലീപിന് വേണ്ടി വാദിക്കുന്ന രാമന്‍പിള്ള അസോസിയേറ്റ്സ് മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രൊപ്പഗന്‍ഡയാണ് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നടന്നതെന്ന് ദിലീപ് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു.
ചാനല്‍ ഡിസംബര്‍ 25ന് സംപ്രേഷണം ചെയ്ത അഭിമുഖം മനപാഠം പഠിച്ച് തയ്യാറാക്കിയതാണെന്നും ദിലീപിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും പരാതിയില്‍ ആരോപിക്കുന്നു. നിരന്തരമായ റിഹേഴ്സലിന് ശേഷമാണ് അഭിമുഖം ടെലികാസ്റ്റ് ചെയ്തതെന്നും ദിലീപ് ആരോപിക്കുന്നു.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ എന്നിവര്‍ക്കെതിരെയും ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി തനിക്കുള്ള ബന്ധം കോടതിയെ ബോധ്യപ്പെടുത്താനാകാത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമക്കുകയാണെന്ന് ദിലീപ് വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.
‘റിപ്പോര്‍ട്ടര്‍ ചാനലും നികേഷ് കുമാറും ചേര്‍ന്ന് വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയാണ്. പ്രൊപ്പഗാന്‍ഡയാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നത്. കോടതിയെ തെറ്റിധരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും ഇവര്‍ നടത്തുന്നു. നടിയെ ആക്രമിച്ച കേസ് ഇന്‍ ക്യാമറ പ്രൊസിജിംഗ്സാണ്. അതിന്റെ ലംഘനമാണ് നടക്കുന്നത്,’ ദിലീപ് പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ നടന്‍ ദിലീപ് ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.
ബാലചന്ദ്രകുമാറിനെ കാണാനായി തിരുവനന്തപുരത്തെത്തിയ ദിലീപ് അദ്ദേഹത്തിന് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് പുറത്തായത്.
ബാലു, ബാലു അയക്കുന്ന മെസ്സേജ് ഒന്നും സേഫല്ല എന്റെ വാട്‌സ്ആപ്പ് ആളുകള്‍ ഹാക്ക് ചെയ്യുന്നുണ്ട്. ഇതിലെ മെസ്സേജുകള്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ പലതവണ വിളിക്കുന്നത്, എന്ന് ദിലീപ് പറയുന്നതിന്റെ വാട്‌സ് ആപ്പ് ഓഡിയോയാണ് പുറത്തുവന്നത്.
തന്നെ സ്വാധീനിക്കാന്‍ വേണ്ടിയായിരുന്നു ദിലീപ് തലസ്ഥാനത്തെത്തി രണ്ട് ദിവസം തങ്ങിയതെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.തുടര്‍ച്ചയായി ദിലീപ് തന്നെ ഫോണ്‍ ചെയ്തിരുന്നെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.ബാലചന്ദ്രകുമാര്‍ ദിലീപിനെ തുടര്‍ച്ചയായി വിളിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. താന് തിരുവനന്തപുരത്തുണ്ടെന്നും തനിക്ക് മെസ്സേജ് അയക്കാന്‍ സാധിക്കില്ലെന്നും വാട്‌സ്ആപ്പില്‍ ദിലീപ് പറയുന്നുണ്ട്.
2021 ഏപ്രില്‍ 10, 11 ദിവസങ്ങളിലാണ് ദിലീപ് ബാലചന്ദ്രകുമാറിനെ ഹോട്ടല്‍ മുറിയില്‍ കാത്തിരുന്നത്. എന്നാല്‍ ദിലീപുള്ള ഹോട്ടലിലേക്ക് താന്‍ എത്തിയാല്‍ ദിലീപിനൊപ്പമുള്ള സംഘം തന്നെ അപായപ്പെടുത്തുമെന്ന ഭയമാണ് കൂടിക്കാഴ്ചയില്‍ താന്‍ പിന്മാറാന്‍ കാരണമായതെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.അതേസമയം നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന്റേയും നടന്‍ സിദ്ദിഖിന്റെ പങ്കും വെളിപ്പെടുത്തുന്ന പള്‍സര്‍ സുനിയുടെ കത്തും പുറത്തുവന്നിട്ടുണ്ട്. ദിലീപ് ഗൂഢാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദീഖും അടുത്തുണ്ടായിരുന്നതായി പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തില്‍ പറയുന്നുണ്ട്.
2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പള്‍സര്‍ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മക്ക് നിര്‍ദേശം നല്‍കിയിരുന്നു.