പഴശ്ശിരാജ പോലെയൊരു സിനിമ മോഹന്‍ലാലിന് ചെയ്യാന്‍ കഴിയില്ലെന്ന് നടന്‍ ബൈജു സന്തോഷ്. കാരണം മോഹന്‍ലാലിന്റെ ബോഡി ലാഗ്വേജ് അതിന് പറ്റിയതല്ലെന്നുമാണ് ബൈജു പറഞ്ഞത്. ആ കഥാപാത്രമൊഴികെ ഭൂമിയിലെ ഏത് കഥാപാത്രവും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും താരം പറഞ്ഞു.
കഠിനാധ്വാനം കൊണ്ടാണ് അദ്ദേഹത്തിന് സിനിമയില്‍ വലിയ ആളാകാന്‍ കഴിഞ്ഞതെന്നും ആരൊക്കെ തലകുത്തി നിന്നാലും ഇനിയൊരു മോഹന്‍ലാല്‍ ഉണ്ടാകില്ലെന്നും ബൈജു പറഞ്ഞു. എ.സി.വി ചാനലിന് ബൈജു നല്‍കിയ പഴയ അഭിമുഖത്തിന്റെ ഭാഗങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.
‘മോഹന്‍ലാലിന്റെ വളര്‍ച്ചക്ക് കാരണം കഠിനാധ്വാനം തന്നെയാണ്. ഒരു വര്‍ഷം അദ്ദേഹം 24 സിനിമകളില്‍ വരെ അഭിനയിച്ച സമയമുണ്ടായിരുന്നു. ഉറക്കമൊഴിച്ച് അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വെറുതെ ഒന്നും ആര്‍ക്കും ഇങ്ങനെയാവാന്‍ പറ്റില്ലല്ലോ. പിന്നെ അദ്ദേഹത്തിന്റെ ഭാഗ്യം കൊണ്ട് അവസരങ്ങള്‍ ഒത്തുവരുകയും ചെയ്തു. പെട്ടെന്നാണ് അദ്ദേഹം കയറി വന്നതും സ്റ്റാറായതും.
അദ്ദേഹത്തിന് ചേരാത്ത ഏത് വേഷമാണുള്ളത്. എന്റെ അറിവില്‍ പഴശ്ശിരാജ പോലെയുള്ള സിനിമകളിലെ റോളുകള്‍ അദ്ദേഹത്തെകൊണ്ട് ചെയ്യാന്‍ കഴിയില്ല. പുള്ളിയുടെ ബോഡി ലാംഗ്വേജ് അതിന് പറ്റിയതല്ല. അതൊഴികെ ഈ ഭൂമിയിലെ ഏത് കഥാപാത്രവും ചെയ്യാന്‍ മോഹന്‍ലാലിന് കഴിയും. ഇത്രയും തടിയൊക്കെ ഉണ്ടായിട്ടും ഡാന്‍സൊക്കെ ചെയ്യുന്നില്ലേ. അദ്ദേഹമാണെങ്കില്‍ ഡാന്‍സ് പഠിച്ചിട്ടുമില്ല. ഭയങ്കര ഓര്‍മ്മ ശക്തിയാണ്. ഡയലോഗ് എല്ലാം വേഗം പഠിക്കും.
ഇനിയൊരു മോഹന്‍ലാല്‍ ഉണ്ടാവില്ല. അത് ഇപ്പോള്‍ ആരൊക്കെ തലകുത്തി നിന്നാലും നടക്കില്ല. അതുപോലെ തന്നെയാണ് മമ്മൂട്ടിയുടെ കാര്യം. ഇവരൊക്കെ സിനിമക്കുവേണ്ടി ജനിച്ചവരാണ്. നമ്മള്‍ അമ്മ എന്ന് വിളിച്ചപ്പോള്‍ ഇവര്‍ സിനിമ എന്നാണ് വിളിച്ചതെന്ന തോന്നുന്നു. ഇത്രയൂം വര്‍ഷമായിട്ടും പിടിച്ചു നില്‍ക്കുന്നില്ലേ. ഡിമാന്‍ഡും മാര്‍ക്കറ്റും ഇപ്പോഴും അവര്‍ക്കല്ലേ.
മോഹന്‍ലാല്‍ പണ്ട് മുതലെ ഡ്യൂപ്പിനെ അങ്ങനെ ഉപയോഗിക്കാറില്ല. മിക്ക സീനും പുള്ളി തന്നെയാണ് ചെയ്യുന്നത്. സിനിമക്ക് വേണ്ടി എന്തും ത്യജിക്കാന്‍ അവരൊക്കെ തയ്യാറാണ്,’ ബൈജു പറഞ്ഞു.
CONTENT HIGHLIGHT: ACTOR BAIJU SANTHOSH TALKS ABOUT MOHANLAL