Entertainment news
പാടിയാല്‍ എന്തും തരുമെന്ന് വാണി പറഞ്ഞു, ഞാന്‍ പാടി, അതില്‍ അവള്‍ വീണു: ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 25, 10:44 am
Friday, 25th November 2022, 4:14 pm

വാണി വിശ്വനാഥുമായി പ്രണയത്തിലായതിനെക്കുറിച്ച് പറയുകയാണ് നടന്‍ ബാബുരാജ്. 2000ല്‍ പുറത്തിറങ്ങിയ ദി ഗ്യാങ്ങിന്റെ സെറ്റില്‍ വെച്ചാണ് താന്‍ ആദ്യമായി വാണിയെ കണ്ടതെന്നും തുടര്‍ന്ന് വാണി വിശ്വനാഥ് വെച്ച ഒരു ബെറ്റില്‍ നിന്നുമാണ് എല്ലാത്തിന്റെയും തുടക്കമെന്നും ബാബുരാജ് പറഞ്ഞു.

വാണി ഇപ്പോഴും അതൊക്കെ പറഞ്ഞ് തന്നെ കളിയാക്കാറുള്ളതിനെക്കുരിച്ചും അദ്ദേഹം സംസാരിച്ചു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് വാണി വിശ്വനാഥിനെക്കുറിച്ച് പറഞ്ഞത്.

”ഞാന്‍ പ്രൊഡ്യൂസ് ചെയ്ത ഗ്യാങ്ങ് എന്ന പടത്തിലാണ് ഞാന്‍ ആദ്യമായിട്ട് വാണിയെ കാണുന്നത്. വാണിയുടെ വിചാരം എനിക്ക് പാട്ടുമായിട്ട് ഒരു ബന്ധവും ഇല്ലെന്നാണ്. എനിക്ക് പാട്ട് അറിയില്ല എന്നൊക്കെ ആവും അവള്‍ വിചാരിച്ചത്. ഏതോ പാട്ടിന്റെ ഒരു സംഭവത്തില്‍ അതിന്റെ ചരണം പാടാന്‍ പറ്റുമോയെന്ന് വാണി എന്നോട് ചോദിച്ചു.

കുറച്ച് ടഫ് ആയിട്ടുള്ള പാട്ടായത് കൊണ്ട് പാടിയാല്‍ എനിക്ക് എന്ത് തരും എന്ന് ഞാന്‍ അവളോട് ചോദിച്ചു. കൊച്ചിന്‍ ഹനീഫിക്കയൊക്കെ അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കാര്യം പിടി കിട്ടി. എന്ത് ചോദിച്ചാലും തരുമെന്ന് അവള്‍ എന്നോട് പറഞ്ഞു.

ഞാന്‍ അത് മുഴുവന്‍ പാടികൊടുത്തപ്പോള്‍ അവള്‍ ഇറങ്ങി ഓടി. അങ്ങനെയാണ് ഞങ്ങളുടെ പ്രണയത്തിന്റെ ഒരു തുടക്കം. അവള്‍ ഇപ്പോവും പറയാറുണ്ട് ആ ഒരു പാട്ടാണ് ഈ കുഴിയില്‍ കൊണ്ട് ചാടിച്ചതെന്ന്.

എന്റെ മനുഷ്യ മൃഗത്തിന്റെ പ്രൊഡ്യൂസര്‍ വാണിയാണ്. എന്നാല്‍ അവള്‍ ഷൂട്ട് ചെയ്യുന്ന ഇടത്തേക്ക് ഒന്നും വന്നിട്ടില്ല. കഥയൊക്കെ കേള്‍ക്കും കുറച്ച് കാര്യങ്ങള്‍ പറഞ്ഞ് തരും എന്നല്ലാതെ ലൊക്കേഷനിലേക്ക് ഒന്നും വന്നിട്ടില്ല. സാമ്പത്തികമായിട്ടുള്ള പ്രൊഡ്യൂസര്‍ മാത്രമായിരുന്നു,” ബാബു രാജ് പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമനായിരുന്നു റിലീസ് ചെയ്ത ബാബുരാജിന്റെ ചിത്രം. ഏറെ പ്രേക്ഷക പ്രശംസ നേടാന്‍ കൂമനില്‍ താരത്തിന് സാധിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനാകുന്ന ഗോള്‍ഡിലും പ്രധാന വേഷം ബാബുരാജ് അവതരിപ്പിക്കുന്നുണ്ട്.

content highlight: Actor baburaj about vavi viswanath