Advertisement
Movie Day
യൂസഫലി എട്ട് ലക്ഷത്തിന് കാര്‍ നമ്പര്‍ ലേലത്തിന് എടുത്തപ്പോള്‍ എന്റെ കാറിന് ആറ് ലക്ഷമേ വിലയുണ്ടായിരുന്നുള്ളൂ; തെറ്റിദ്ധരിപ്പിക്കപ്പെട്ട വാര്‍ത്തയെ കുറിച്ച് ആസിഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 12, 06:37 am
Saturday, 12th March 2022, 12:07 pm

മലയാളത്തിലെ യുവനായകരില്‍ വലിയൊരു ആരാധകനിരയുള്ള താരമാണ് ആസിഫ് അലി. ചെറിയ വേഷങ്ങളിലൂടെയെത്തി മലയാളത്തിന്റെ നായകനിരയിലേക്ക് എത്താന്‍ ആസിഫ് എടുത്ത സമയം വളരെ ചെറുതായിരുന്നെന്ന് വേണമെങ്കില്‍ പറയാം.

കൊവിഡ് ലോക്ക്ഡൗണിന് മുന്‍പ് തിയേറ്ററിലെത്തിയ കെട്ട്യോളാണെന്റ് മാലാഖയും കൊവിഡിന് ശേഷം പുറത്തിറങ്ങിയ എല്ലാം ശരിയാകുമെന്ന ചിത്രവും കുഞ്ഞെല്‍ദോയുമെല്ലാം പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു.

സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്തും, എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യറുമാണ് ആസിഫിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

ഇപ്പോള്‍ തന്റെ പേരിന്റെ പേരില്‍ പുലിവാല് പിടിച്ച സന്ദര്‍ഭത്തെ കുറിച്ച് ആസിഫ് പറയുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പേരിന്റെ പേരില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടതിനെ കുറിച്ചും തന്റെ ചില സ്വഭാവത്തെ കുറിച്ചുമെല്ലാം താരം സംസാരിക്കുന്നത്. എം.എ യൂസഫലി ചെയ്ത ഒരു കാര്യം താനാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചതിനെ കുറിച്ചാണ് ആസിഫ് സംസാരിക്കുന്നത്.

‘ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിനിനസുകാരനായ ഒരാളാണ് എം.എ യൂസഫലി. വലിയൊരു തുകയ്ക്ക് അദ്ദേഹം അദ്ദേഹത്തിന്റെ കാറിന് വേണ്ടി ഒരു നമ്പര്‍ ലേലം വിളിച്ചെടുത്തിരുന്നു. അന്ന് ചില ഓണ്‍ലൈന്‍ മീഡിയകളില്‍ വന്ന വാര്‍ത്ത ആസിഫ് അലി എട്ട് ലക്ഷം രൂപയ്ക്ക് ഒരു കാറിന്റെ നമ്പര്‍ ലേലത്തിനെടുത്തെന്നായിരുന്നു. ഇതോടെ എല്ലാവരും എന്നെ വിളിക്കുകയാണ്. അന്ന് എന്റെ കൈയിലിരിക്കുന്ന വണ്ടിക്ക് ആറ് ലക്ഷം രൂപയേ ഉള്ളൂ. അങ്ങനെ ഒരു തമാശയുണ്ട്. മറ്റൊന്ന് ഉസ്താത് ഹോട്ടലില്‍ കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിച്ച കോമഡി മാത്രമാണ്,’ ആസിഫ് അലി പറയുന്നു.

സോഷ്യല്‍ മീഡിയകളില്‍ തന്നെ പറ്റി വരുന്ന കമന്റുകള്‍ക്ക് മറുപടി കൊടുക്കാന്‍ മടിയുള്ള ആളല്ല താനെന്നും സമയമുണ്ടെങ്കില്‍ മറുപടി പറയാറുണ്ടെന്നും ആസിഫ് പറഞ്ഞു. മോശം കമന്റാണെങ്കില്‍ എന്തുകൊണ്ടാണ് അങ്ങനെ ഒരു കമന്റ് വന്നതെന്ന് അന്വേഷിക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ. ഒരു രീതിയിലും ഫേക്ക് ആയിട്ടുള്ള ഒരു ക്യാരക്ടറൈസേഷന്‍ എനിക്കില്ല. എന്റെ മനസില്‍ തോന്നുന്നത് എന്താണോ അത് എക്‌സ്പ്രസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.

പിന്നെ ഞാന്‍ അഹങ്കാരിയാണെന്ന കാര്യം കേട്ടിട്ടുണ്ട്. അതൊരു ഗോസിപ്പായി ഞാന്‍ എടുക്കുന്നില്ല. അത് പക്ഷേ പലര്‍ക്കും അങ്ങനെ ഫീല്‍ ചെയ്തിട്ടുണ്ടാകും. കുറേ റിയാലിറ്റിയായിരിക്കും. സിനിമയില്‍ വന്ന സമയത്ത് ഞാനും റിമയും വിവാഹിതരായെന്നും ഭാവനയെ വിവാഹം കഴിച്ചെന്നുമൊക്കെയുള്ള ഗോസിപ്പുണ്ടായിരുന്നു. അതെല്ലാം ഇതിന്റെ ഭാഗമാണ്. ശ്രദ്ധിക്കാറില്ല, ആസിഫ് അലി പറയുന്നു.

ഇമോഷണല്‍ ആയി കണ്ടു കരഞ്ഞ സിനിമയെ കുറിച്ചും ആസിഫ് പറയുന്നുണ്ട്. അത്തരത്തില്‍ ഇമോഷണല്‍ ആയി ഞാന്‍ കണ്ടു തീര്‍ത്ത ഒരു സിനിമ ‘താരേ സമീന്‍ പര്‍’ ആണ്. ആ സിനിമ ഭയങ്കരമായി എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റിയിരുന്നു. എന്റെ സ്‌കൂള്‍ ടൈമൊക്കെ ഹോസ്റ്റലിലും മറ്റുമായിരുന്നു. അതുകൊണ്ട് തന്നെ അതെനിക്ക് വല്ലാതെ കണക്ടായിരുന്നു, ആസിഫ് പറയുന്നു.

Content Highlight: Actor Asif  Ali About His Name resemblance with M.A Yusuf Ali