മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് സനാതന്‍ സന്‍സ്തയ്‌ക്കെതിരായ അന്വേഷണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍: പ്രകാശ് അംബേദ്കര്‍
national news
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് സനാതന്‍ സന്‍സ്തയ്‌ക്കെതിരായ അന്വേഷണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍: പ്രകാശ് അംബേദ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 9:02 pm

മുംബൈ: മാവോയിസ്റ്റു ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത് സനാതന്‍ സന്‍സ്തയ്‌ക്കെതിരായ അന്വേഷണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനെന്ന് ദളിത് അവകാശപ്രവര്‍ത്തകനും ബി. ആര്‍. അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍. തീവ്രവലതു സംഘടനയായ സനാതന്‍ സന്‍സ്ത കഴിഞ്ഞ ദിവസങ്ങളിലായി അക്രമ പരമ്പരകളുടെ പേരില്‍ ചര്‍ച്ചചെയ്യപ്പെടുകയായിരുന്നു.

ജനുവരിയില്‍ ഭീമ കോര്‍ഗാവില്‍ നടന്ന അനിഷ്ട സംഭവങ്ങളെക്കുറിച്ച് പൊലീസ് ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ പരസ്പര വിരുദ്ധമാണെന്നും അംബേദ്കര്‍ പറയുന്നു. ” സനാതന്‍ സന്‍സ്തയ്‌ക്കെതിരായി നടക്കുന്ന അന്വേഷണങ്ങളില്‍ നിന്നും പൊതുജനശ്രദ്ധ തിരിക്കുക എന്നതാണ് ബി.ജെ.പി സര്‍ക്കാരിന്റെ ഇപ്പോഴത്തെ ആവശ്യം. അതിനുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്” അംബേദ്കര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഭീമ കോര്‍ഗാവ് ആക്രമണം അന്വേഷിച്ച പൂനെ റൂറല്‍ പൊലീസ് തീവ്രവലതു നിലപാടുള്ള സംഭാജി ഭിഡെ, മിലിന്ദ് ഏക്‌ബോതെ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. എന്നാല്‍, പൂനെയിലെ വിശ്രാംബാഗ്‌വഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഏല്‍ഗര്‍ പരിഷദിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തറപ്പിച്ചു പറയുന്നത്.”

 

Also Read: ഹിന്ദു സംഘടനയായ സനാതന്‍ സാന്‍സ്ത സണ്‍ബേണ്‍ ഡി.ജെ പരിപാടിയില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തതായി പൊലീസ്

 

ജനങ്ങളെ നിശ്ശബ്ദരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പക്ഷേ എന്‍.ജി.ഒകള്‍ നിശ്ശബ്ദരായിരിക്കില്ലെന്നും, പൂര്‍വാധികം ശക്തിയോടെ സര്‍ക്കാരിനെ എതിര്‍ക്കുമെന്നും അംബേദ്കര്‍ പറയുന്നു. അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട. ജനാധിപത്യവും മനുഷ്യാവകാശവും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ് അവരുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം പൂണൈയില്‍ നടന്ന സണ്‍ബേണ്‍ ഡി.ജെ പരിപാടിയില്‍ സ്ഫോടനം നടത്താന്‍ ഹിന്ദു സംഘടനയായ സാനാതന്‍ സന്‍സ്ത സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡ് അറിയിച്ചിരുന്നു. അഞ്ചു പ്രവര്‍ത്തകരെയാണ് ഈ വിഷയത്തില്‍ കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്.