തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍. വിഴിഞ്ഞം മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് നിരവധി സാംസ്‌കാരികപ്രവര്‍ത്തകര്‍ ഒപ്പ് വെച്ച പ്രസ്താവനയില്‍ പറയുന്നത്.
അടിച്ചമര്‍ത്തല്‍ നീക്കം ഉപേക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴിയാണ് ഈ ഐക്യദാര്‍ഢ്യ ക്യാമ്പെയ്ന്‍ നടക്കുന്നത്. വിവിധ മേഖലകളിലെ പ്രമുഖര്‍ ഇതിനോടകം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
‘തുറമുഖ നിര്‍മ്മാണം പ്രവൃത്തി നിര്‍ത്തിവെച്ച് മറൈന്‍ ഇക്കോളജിക്കും തീരദേശത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും അത് സൃഷ്ടിച്ചിരിക്കുന്ന ആഘാതങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍ദ്ദേശിക്കുന്ന വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി പഠിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്യുന്നത്. സമാധാനപരമായ സത്യാഗ്രഹ സമരമാണ് തുറമുഖകവാടത്തില്‍ 135 ദിവസത്തിലേറെയായി ഇവര്‍ നടത്തുന്നത്.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ അദാനി പ്രത്യേകം ഏര്‍പ്പാടാക്കിയ സ്വകാര്യസംഘങ്ങള്‍ തീരദേശത്തെ സമാധാന ജീവിതം തകര്‍ക്കാനും ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ വര്‍ഗീയമുദ്ര ചാര്‍ത്തി കടന്നാക്രമിക്കാനും കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്,’ എന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ഈ സാഹചര്യത്തില്‍ തീരത്ത് അശാന്തി വിതക്കുകയും സുരക്ഷിതത്വവും സമാധാനവും തകര്‍ക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനു കോപ്പുകൂട്ടുകയും ചെയ്യുന്നവരെ കര്‍ശനമായി നേരിടണമെന്നും മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും, കള്ളക്കേസുകള്‍ പിന്‍വലിച്ചുകൊണ്ട് സമാധാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു.
നവംബര്‍ 26ന് തുറമുഖാനുകൂലികള്‍ സമരക്കാരെ പ്രകോപിക്കുകയും പൊലീസ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും പ്രസ്താവനയില്‍ പറയുന്നു. നവംബര്‍ 27ന് നിരപരാധിയായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത് അന്വേഷിക്കാനെത്തിയ ഇടവക ഭരണസമിതി പ്രവര്‍ത്തകെ പൊലീസ് തട്ടിക്കൊണ്ടുപോയെന്നും തന്റെ ഭര്‍ത്താവിന്റെ അറസ്റ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ പോയ സ്ത്രീയെ കേട്ടാലറക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ചുവെന്നും പ്രസ്താവനയിലുണ്ട്.
‘സംഭവമറിഞ്ഞ് സ്റ്റേഷന്‍ പരിസരത്തെത്തിയ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ജനക്കൂട്ടത്തെ പരമാവധി അപമാനിക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. അറസ്റ്റു ചെയ്ത നിരപരാധികളെ വിട്ടയക്കുന്നതിനെ കുറിച്ച് 4 മണിക്കൂറോളം സമയം ചര്‍ച്ച ചെയ്‌തെങ്കിലും രാത്രി വരെ ഒരു തീരുമാനവും എടുത്തില്ല. ഇതിനിടെ ഇരുട്ടില്‍ നിന്ന് കല്ലേറുണ്ടായപ്പോള്‍ ജനങ്ങള്‍ പ്രകോപിതരായി സ്റ്റേഷനില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് കേടുപാടു വരുത്തി. ഗ്രനേഡുകളും കണ്ണീര്‍വാതകവും പ്രയോഗിച്ചുള്ള ലാത്തിച്ചാര്‍ജില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കുപറ്റി.
തിരുവനന്തപുരം അതിരൂപത ബിഷപ്, അസി. ബിഷപ് വികാരി ജനറല്‍ എന്നിവരെയടക്കം 3000ത്തോളം പേരെ പ്രതികളാക്കി 8 കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുകയാണ്. സമരക്കാരെ അക്രമിച്ചവര്‍ക്കെതിരെ പേരിന് ഒരു കേസെടുക്കുക മാത്രമാണ് ചെയ്തത്, പ്രസ്താവനയില്‍ പറയുന്നു.
സാമൂഹിക സൗഹാര്‍ദ്ദവും മൈത്രിയും സംരക്ഷിക്കാന്‍ അവസരോചിതമായ ഇടപെടലുകള്‍ നടത്തിയ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ശ്രമങ്ങളാണ് പ്രദേശത്തെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരും ചില സമുദായ സംഘടനാ നേതാക്കളും ചേര്‍ന്ന് നടത്തുന്നത്. ഭരണത്തിലിരിക്കുന്ന സി.പി.ഐ.എം ഇതിന് പിന്തുണ നല്‍കുകയും ചെയ്യുന്നുവെന്നും ഈ പ്രസ്താവനയില്‍ പറയുന്നുണ്ട്.
ഇന്ത്യയിലെമ്പാടും വര്‍ഗീയതക്കെതിരെ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്ന് സമരം ചെയ്യുന്നതില്‍ പങ്ക് വഹിക്കുന്ന സി.പി.ഐ.എം തിരുവനന്തപുരത്ത് അദാനിയുടെ കൗടില്യ തന്ത്രങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ഗൗരവതരമായി കാണണമെന്നും ഇതിലുണ്ട്.
കേരളീയ സമൂഹത്തില്‍ ദീര്‍ഘകാലമായി രാഷ്ട്രീയ-സാമൂഹ്യ-തൊഴിലാളി-സ്ത്രീവാദ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ രാജ്യദ്രോഹികളും ഗൂഢാലോചനക്കാരുമായി ചിത്രീകരിച്ച് അപമാനിക്കുന്നതിനെ അപലപിക്കുന്നുവെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ തീരത്ത് അശാന്തി വിതക്കുകയും സുരക്ഷിതത്വവും സമാധാനവും തകര്‍ക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനു കോപ്പുകൂട്ടുകയും ചെയ്യുന്നവരെ കര്‍ശനമായി നേരിടണമെന്നും മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും, കള്ളക്കേസുകള്‍ പിന്‍വലിച്ചുകൊണ്ട് സമാധാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു.