തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം പ്രീണന പരാമർശത്തിനെതിരെ വിമർശനവുമായി ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സുദേഷ്. എം. രഘു. വെള്ളാപ്പളി നടേശനെ പോലെയുള്ള, മുസ്‌ലിം പ്രീണനം ആരോപിക്കുന്ന എല്ലാ ആളുകൾക്കും വേണ്ടിയുള്ള കുറിപ്പാണിതെന്ന് സുദേഷ്. എം. രഘു പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ തോൽവിക്ക് കാരണം മുസ്‌ലിം പ്രീണനമാണെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു. ഇതിനെതിരെ നിരവധി എഴുത്തുകാരും സാമൂഹികപ്രവർത്തകരും രംഗത്തു വന്നിരുന്നു. വെള്ളാപ്പള്ളിയുടെ നിലപാട് വസ്തുതാവിരുദ്ധവും മതദ്വേഷം മതദ്വേഷം വളർത്തുന്നതും കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതും അധിക്ഷേപാർഹവുമാണെന്ന് അവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ബി.ജെ.പി പോലെയുള്ള രാഷ്ട്രീയ പാർട്ടികൾ എക്കാലത്തും ഉയർത്തുന്ന ആരോപണമാണ് മുസ്‌ലിം പ്രീണനം. മുസ്‌ലിങ്ങൾ അനർഹമായി പലതും കൈപ്പറ്റുന്നുവെന്ന ആരോപണം അവർ എല്ലാ കാലത്തും ഉന്നയിക്കുന്നുണ്ട്. വസ്തുതാ വിരുദ്ധമായ ഈ പരാമർശങ്ങൾക്കെതിരെയുള്ള മറുപടിയാണ് പോസ്റ്റ്.
വെള്ളാപ്പള്ളി ഉൾപ്പടെ ഉള്ളവർക്കു വേണ്ടി, ഇന്ത്യയിലെ ചില കൊടും മുസ്‌ലിം പ്രീണനങ്ങളെപ്പറ്റി പറയാം. എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. വസ്തുതകൾ അക്കമിട്ട് നിരത്തിയാണ് സുദേഷ്. എം. രഘു കാര്യങ്ങൾ വിശദീകരിക്കുന്നത്.
‘പതിനൊന്നു സംസ്ഥാനങ്ങളിൽ ഒരു മുസ്‌ലിം മന്ത്രി വീതം ആണുള്ളത്. ബിജെപി സർക്കാരുകൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കൂടി എടുത്താൽ 151 മന്ത്രിമാരിൽ ഒരാളാണ് മുസ്‌ലിം. യുപിയിൽ ആണത്. കോൺഗ്രസ്, ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലും യുപിയിലും മത്സരിപ്പിച്ചത് പൂജ്യം മുസ്‌ലിം സ്ഥാനാർഥികളെ ആണ്. ബംഗാളിൽ മാത്രമാണ് ജനസംഖ്യാനുപാതികമായി മുസ്‌ലിം മന്ത്രിമാരുള്ളത്,’ സുദേഷ്. എം. രഘു പറയുന്നു.
കേരളത്തിൽ ഒരു സ്പീക്കറും രണ്ടു മന്ത്രിമാരുമാണ് മുസ്‌ലിം സമുദായത്തിൽ നിന്നുള്ളതെന്നും മറ്റ് 15 സംസ്ഥാനങ്ങളിൽ ഒരൊറ്റ മുസ്‌ലിം മന്ത്രി പോലും ഇല്ലെന്നും ഗുജറാത്തിലൊക്കെ കാൽ നൂറ്റാണ്ടിൽ കൂടുതലായി മുസ്‌ലിം മാത്രിമാരുടെ എണ്ണം പൂജ്യം ആണെന്നും സുദേഷ് പറയുന്നു. ഇപ്പോഴത്തെ കേന്ദ്രസർക്കാരിൽ മുസ്‌ലിം പ്രതിനിത്യം പൂജ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം,
വെള്ളാപ്പള്ളി ഉൾപ്പടെ ഉള്ളവർക്കു വേണ്ടി, ഇന്ത്യയിലെ ചില കൊടും മുസ്‌ലിം പ്രീണനങ്ങളെപ്പറ്റി പറയാം.
1. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ ഒരൊറ്റ മുസ്‌ലിം മന്ത്രി പോലും ഇല്ല. ഗുജറാത്തിലൊക്കെ കാൽ നൂറ്റാണ്ടിൽ കൂടുതലായി പൂജ്യം മുസ്‌ലിം മന്ത്രി ആണ്.
2. പിന്നെയുള്ള പതിനൊന്നു സംസ്ഥാനങ്ങളിൽ ഒരു മുസ്‌ലിം മന്ത്രി വീതം ആണുള്ളത്. ബിജെപി സർക്കാരുകൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കൂടി എടുത്താൽ 151 മന്ത്രിമാരിൽ ഒരാളാണു മുസ്‌ലിം. യുപിയിൽ ആണത്.