'അമേരിക്കന്‍ മോഡല്‍ പ്രതിഷേധം ഇന്ത്യയിലും വേണം'; അംനെസ്റ്റി മുന്‍മേധാവി ആകാര്‍ പട്ടേലിനെതിരെ കേസ്
India
'അമേരിക്കന്‍ മോഡല്‍ പ്രതിഷേധം ഇന്ത്യയിലും വേണം'; അംനെസ്റ്റി മുന്‍മേധാവി ആകാര്‍ പട്ടേലിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th June 2020, 9:00 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ക്ക് നേരെയുള്ള വംശീയ ആക്രമണങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സമാനമായി ഇന്ത്യയില്‍ മുസ്‌ലിങ്ങളും ദളിതരും ആദിവാസികളും സ്ത്രീകളും തങ്ങളുടെ അവകാശങ്ങള്‍ക്കായി മുന്നോട്ടുവരണമെന്നാവശ്യപ്പെട്ട മനുഷ്യാവകാശപ്രവര്‍ത്തകനും അംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ മുന്‍തലവനുമായിരുന്ന ആകാര്‍ പട്ടേലിനെതിരെ എഫ്.ഐ.ആര്‍ ചുമത്തി ബെംഗളൂരു പൊലീസ്.

ബെംഗളൂരു ജെ.സി നഗര്‍ പൊലീസാണ് പട്ടേലിനെതിരെ എഫ.ഐ.ആര്‍.ചുമത്തിയത്. പട്ടേലിന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. ജോര്‍ജ് ഫ്‌ളോയിഡിന് നീതി വേണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ തെരുവുകളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ വീഡിയോ പട്ടേല്‍ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, എഫ്.ഐ.ആര്‍ കാര്യമാക്കി എടുക്കുന്നില്ലെന്ന് ആകാര്‍ പട്ടേല്‍ പ്രതികരിച്ചു.

” ആ എഫ്.ഐ.ആര്‍ തന്നെ ഫയല്‍ ചെയ്യപ്പേണ്ടതാണെന്ന് ഞാന്‍ കരുതുന്നില്ല. അതില്‍ നടപടി ഉണ്ടാവുമെന്നും ഞാന്‍ കരുതുന്നില്ല’
ഡെക്കാന്‍ ഹെറാള്‍ഡിനോട് അദ്ദേഹം പ്രതികരിച്ചു.

കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെ വിമര്‍ശിച്ച് പട്ടേല്‍ പലതവണ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ആക്കര്‍ പട്ടേലിനെതിരെയുള്ള പൊലീസ് നടപടിക്കെതിരെ അംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്.

വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവകാശം രാജ്യത്ത് കുറ്റകൃത്യമാക്കി മാറ്റുന്നതിന്റെ മറ്റൊരു ഉദാഹരണംമാത്രമാണ് പൊലീസിന്റെ നടപടിയെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിച്ചതിനാണ് പട്ടേലിനെതിരെ പൊലീസ് ഇത്തരം ഒരുനടപടി എടുത്തതെന്നും ബെംഗളൂരു പൊലീസ് അധികാരം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിണമെന്നും അംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക