തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തെ തുടര്‍ന്ന് പോത്തീസ് ഗ്രൂപ്പിനെതിരെ വീണ്ടും നടപടി. തിരുവനന്തപുരത്തെ പോത്തീസ് വ്യാപാര കേന്ദ്രം ജില്ലാ ഭരണകൂടം അടപ്പിച്ചു.
പോത്തീസിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആളുകള്‍ ഇടിച്ചുകയറിയതോടെയാണ് ജില്ല ഭരണകൂടം ഇടപെട്ടത്. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറച്ചതോടെയാണ് ആളുകള്‍ കൂട്ടമായി എത്തിയത്.
എന്നാല്‍ ഇവിടെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുള്ള സംവിധാനങ്ങളോ സന്ദര്‍ശക രജിസ്റ്ററോ ഉണ്ടായിരുന്നില്ല. ആളുകള്‍ സാമൂഹിക അകലം പോലും പാലിച്ചിരുന്നില്ല.
നേരത്തെ പൊലീസ് എത്തി തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഇ.എം സഫീര്‍, തിരുവനന്തപുരം തഹസില്‍ദാര്‍ ഹരിശ്ചന്ദ്രന്‍ നായര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് പോത്തീസ് പൂട്ടിച്ചത്.
മുമ്പ് പോത്തീസിന്റെ ലൈസന്‍സ് ജില്ലാ ഭരണകൂടം റദ്ദ് ചെയ്തിരുന്നു.ജൂലൈ 20 നാണ് തിരുവനന്തപുരത്തെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ്, വസ്ത്ര വ്യാപാര ശാലകളായ പോത്തീസിന്റേയും രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്‌സിന്റേയും ലൈസന്‍സ് റദ്ദാക്കിയത്. കൊവിഡ് ചട്ടം ലംഘിച്ചതിനായിരുന്നു കോര്‍പ്പറേഷന്റെ നടപടി.
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ രാമചന്ദ്രനും പോത്തീസും രോഗവ്യാപനത്തിന്റെ സാധ്യത വര്‍ധിപ്പിച്ചതായും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചില്ലെന്നും തിരുവനന്തപുരം മേയര്‍ പറഞ്ഞിരുന്നു.
ഇരുസ്ഥാപനങ്ങളിലേയും നൂറുകണക്കിന് ജീവനക്കാര്‍ രോഗബാധിതരായെന്നും മേയര്‍ അറിയിച്ചിരുന്നു. അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്‌സ്. തിരുവനന്തപുരം നഗരത്തിലെ എം.ജി റോഡിലാണ് പോത്തീസ് സൂപ്പര്‍ സ്റ്റോഴ്‌സ്.
കൊവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ കടയ്ക്ക് അകത്ത് കയറ്റിയതിനാണ് ഇരുസ്ഥാപനങ്ങള്‍ക്കുമെതിരെ കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക